ബെൻഫിക്കയ്ക്കെതിരെ ഗോളടിച്ചുകൂട്ടി ചെൽസി, ക്ലബ്ബ് ലോകകപ്പ് ക്വാർട്ടര്‍ ഫൈനലിൽ കടന്നു

Mail This Article
ഫിലഡൽഫിയ∙ ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബെൻഫികയെ തോൽപിച്ച് ചെൽസി ക്വാർട്ടറിൽ കടന്നു. 4–1നാണ് ചെൽസി ബെൻഫിക്കയെ തകർത്തുവിട്ടത്. ചെൽസിക്കായി റീസ് ജെയിംസ് (64–ാം മിനിറ്റ്), ക്രിസ്റ്റഫർ എന്‍കുൻകു (108), പെദ്രോ നെറ്റോ (114), കെർനൻ ഡ്യൂസ്ബറി (117) എന്നിവരാണു ഗോളുകൾ നേടിയത്.
95–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ എയ്ഞ്ചൽ ഡി മരിയയാണ് ബെൻഫിക്കയുടെ ഏക ഗോൾ മടക്കിയത്. എയ്ഞ്ചൽ ഡി മരിയയുടെ ബെൻഫിക്കയിലെ അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 62–ാം മിനിറ്റിൽ റീസ് ജെയിംസിലൂടെ ചെൽസി മുന്നിലെത്തിയപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ പെനൽറ്റി ഗോളിലൂടെ ബെൻഫിക്ക ഒപ്പമെത്തുകയായിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ മൂന്നു ഗോളുകൾ നേടിയ ചെൽസി മത്സരം സ്വന്തമാക്കി. മിന്നലടിച്ചതിനെ തുടർന്ന് രണ്ടാം പകുതിയിലെ മത്സരം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ക്വാർട്ടർ ഫൈനലിൽ പാൽമിയറസാണ് ചെൽസിയുടെ എതിരാളികൾ.
പ്രീക്വാർട്ടറിലെ ആദ്യമത്സരത്തിൽ ബ്രസീലിയൻ ക്ലബ് ബൊട്ടഫാഗോയെ 1–0ന് തോൽപിച്ചാണ് പാൽമിയറാസ് ക്വാര്‍ട്ടറിലെത്തിയത്. ഇന്നലെ അർധരാത്രി, 90 മിനിറ്റ് കളിയിൽ ഒരു ടീമിനും ഗോൾ നേടാൻ കഴിയാതെ വന്നതോടെ എക്സ്ട്രാ ടൈമിലേക്കു നീട്ടിയ കളിയിൽ 100–ാം മിനിറ്റിലാണു സ്ട്രൈക്കർ പൗളിഞ്ഞോ ലക്ഷ്യം കണ്ടത്.
116–ാം മിനിറ്റിൽ പാൽമിയറാസ് ഡിഫൻഡർ ഗുസ്താവോ ഗോമസ് ചുവപ്പുകാർഡ് കണ്ടെങ്കിലും അതു മുതലാക്കാൻ ബൊട്ടഫാഗോയ്ക്കു സാധിച്ചില്ല. ഗോളവസരങ്ങളിലും പന്തവകാശത്തിലും മേധാവിത്വത്തിലുമെല്ലാം പാൽമിയറാസിനോട് ആദ്യാവസാനം ഇഞ്ചോടിഞ്ചു പൊരുതിയാണ് ബൊട്ടഫാഗോ തോൽവി സമ്മതിച്ചത്. ഒരു ഗോളിനു പാൽമിയറാസ് മുന്നിലെത്തിയതോടെ കളി പരുക്കനായി മാറി. ഗുസ്താവോ ഗോമസിനെ റഫറി പുറത്താക്കിയതും മറ്റു 2 പാൽമിയറാസ് താരങ്ങൾ മഞ്ഞക്കാർഡു കണ്ടതുമെല്ലാം പിന്നീടാണ്.