ബയണോളം!

Mail This Article
മയാമി ഗാർഡൻസ് (യുഎസ്എ)∙ തോൽവിയുടെ ക്ഷീണത്തിൽനിന്ന് വിജയത്തിന്റെ ആത്മവിശ്വാസത്തിലേക്ക് ഉയിർത്തെഴുന്നേറ്റ് ജർമൻ ക്ലബ് ബയൺ മ്യൂണിക്. ഫിഫ ക്ലബ് ലോകകപ്പിൽ, ബ്രസീൽ ക്ലബ് ഫ്ലമൻഗോയെ 4–2നു തോൽപിച്ച ബയൺ ക്വാർട്ടറിൽ കടന്നു. യുഎസ് ക്ലബ് ഇന്റർ മയാമിയെ 4–0ന് തോൽപിച്ച ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണു ക്വാർട്ടറിൽ ബയണിന്റെ എതിരാളികൾ. യൂറോപ്യൻ ഫുട്ബോളിലെ പവർഹൗസുകൾ തമ്മിലുള്ള പോരാട്ടം ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 മുതൽ.
കെയ്ൻ, ബയൺ!
ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ ഡബിൾ ഗോളുകളാണ് വിജയത്തിലേക്കുള്ള ബയണിന്റെ വഴി വെട്ടിയത്. ഗ്രൂപ്പ് റൗണ്ടിൽ കഴിഞ്ഞയാഴ്ച പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയോടു തോറ്റതിന്റെ നിരാശയിലായിരുന്നു ബയൺ ക്യാംപ്. 6–ാം മിനിറ്റിൽ ഫ്ലമൻഗോ താരം എറിക് പുൾഗറിന്റെ ഹെഡറിലാണു ജർമൻ ക്ലബ് സ്കോർ പട്ടിക തുറന്നത്. ജോഷ്വ കിമ്മിച്ചിന്റെ കോർണർ കിക്ക് എറിക് പുൾഗർ ഹെഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ചതു സ്വന്തം വലയിൽ തന്നെ കയറി (1–0). 9–ാം മിനിറ്റിൽ ഹാരി കെയ്ൻ ബയണിന്റെ 2–ാം ഗോളും നേടി (2–0). എന്നാൽ, പോരാട്ടവീര്യം വിടാതെ സൂക്ഷിച്ച ഫ്ലമൻഗോ 33–ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ജെർസൻ നേടിയ ഗോളിൽ ഫ്ലമൻഗോ ലീഡ് കുറയ്ക്കാൻ നടത്തിയ ശ്രമം തകർത്ത് ലിയോൺ ഗോരെട്സ്ക 41–ാം മിനിറ്റിൽ ബയണിന്റെ 3–ാം ഗോളും നേടി (3–1). രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റി സ്പോട് കിക്ക് ജോർജിഞ്ഞോ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഫ്ലമൻഗോ തിരിച്ചുവരുമെന്ന് ഹാർഡ് റോക്ക് സ്റ്റേഡിയത്തിലെ ആരാധകർ പ്രതീക്ഷിച്ചു. പക്ഷേ, 73–ാം മിനിറ്റിൽ ഡബിൾ തികച്ച് ഹാരി കെയ്ൻ അത്തരം പ്രതീക്ഷകൾക്ക് അർഥമില്ലെന്നു പ്രഖ്യാപിച്ചു (4–2).
റീമാച്ച് വരുന്നു
2020 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിന്റെ റീമാച്ചിനാണു ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ കളമൊരുങ്ങുന്നത്. അത്തവണ 1–0നു ജയിച്ച ബയൺ യൂറോപ്യൻ ചാംപ്യന്മാരായി. 59–ാം മിനിറ്റിൽ കിങ്സ്‌ലി കോമാനായിരുന്നു ഗോൾസ്കോറർ. അതേ കോമാൻ ഇപ്പോഴും ബയൺ നിരയിലുണ്ട്. പക്ഷേ, ഇപ്പോൾ കഥ മറ്റൊന്നാണെന്നു മാത്രം. നിലവിലെ യൂറോപ്യൻ ചാംപ്യന്മാരായ പിഎസ്ജിയുടെ കരുത്തിൽ ബയണിന് ആശങ്കപ്പെടാൻ വകയുണ്ട്. ഇതിനിടെയും, രണ്ടിൽ ഏതു ടീം ജയിച്ചാലും ക്വാർട്ടറിലെത്തുക ഒരു യൂറോപ്യൻ ടീമാണെന്നതു മാത്രമാണ് ഏക ഉറപ്പ്!