മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച് അൽ ഹിലാൽ, ക്വാർട്ടർ കാണാതെ പുറത്ത്; ഇന്റർ മിലാനെ വീഴ്ത്തി ഫ്ലൂമിനൻസെ

Mail This Article
ഫ്ലോറിഡ∙ ഫിഫ ക്ലബ്ബ് ലോകകപ്പ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റര്‍ സിറ്റിയെ ഞെട്ടിച്ച് സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാൽ. ത്രില്ലർ പോരാട്ടത്തിനൊടുവിൽ സിറ്റിയെ 3–4നാണ് അൽ ഹിലാൽ തകർത്തുവിട്ടത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് അൽ ഹിലാലിന്റെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു. അൽ ഹിലാലിനായി മാർകോസ് ലിയോനാർഡോ ഇരട്ട ഗോളുകൾ നേടി. 46, 112 മിനിറ്റുകളിലായിരുന്നു ലിയോനാർഡോയുടെ ഗോളുകൾ. 52–ാം മിനിറ്റിൽ മാൽകോമും 94–ാം മിനിറ്റിൽ കലിദോ കൂലിബാലിയും ഗോളുകൾ സ്വന്തമാക്കി. ബെർനാഡോ സിൽവ (9), എർലിങ് ഹാളണ്ട് (55), ഫിൽ ഫോഡൻ (104) എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ സ്കോറർമാര്‍.

ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനും ക്വാർട്ടർ കാണാതെ പുറത്തായി. പ്രീക്വാർട്ടറിൽ ബ്രസീല്‍ ക്ലബ്ബ് ഫ്ലൂമിനൻസെയാണ് ഇന്റർ മിലാനെ രണ്ടു ഗോളുകൾക്കു കീഴടക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ജെർമൻ കനോയിലൂടെ ലീഡെടുത്ത ഫ്ലൂമിനൻസെ 93–ാം മിനിറ്റിൽ രണ്ടാം ഗോളും നേടുകയായിരുന്നു.
കളിയിൽ പാസുകളിലും പന്തടക്കത്തിലുമെല്ലാം ഇറ്റാലിയൻ ക്ലബ്ബ് മുന്നിൽ നിന്നെങ്കിലും മിലാനെ ഗോളടിക്കാൻ ഫ്ലൂമിനൻസെ അനുവദിച്ചില്ല. ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടിയതും ബ്രസീലിയൻ ക്ലബ്ബിനു കരുത്തായി.