ഇന്ത്യയ്ക്ക് പാർട് ടൈം പരിശീലകൻ, ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമോയെന്നു പോലും സംശയം: ആഞ്ഞടിച്ച് ഷാജി പ്രഭാകരൻ

Mail This Article
‘‘ഒരേ സമയം ദേശീയ ടീമിന്റെയും ഐഎസ്എൽ ക്ലബ് എഫ്സി ഗോവയുടെയും പരിശീലകനായി മനോലോ മാർക്കേസിനെ തുടരാൻ അനുവദിച്ചതു മോശം തീരുമാനമാണ്. ദേശീയ ടീമിനു വേണ്ടത് 24 മണിക്കൂറും സേവനസന്നദ്ധനായ ചീഫ് കോച്ചിനെയാണ്. കളിയുള്ളപ്പോൾ മാത്രം കോച്ച് എന്നതു പഴഞ്ചൻ ഏർപ്പാടാണ്’’.
ഇന്ത്യൻ ഫുട്ബോൾ തകർച്ചയിലാണെന്ന കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ തുറന്നുപറച്ചിലിനു പിന്നാലെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെതിരെ (എഐഎഫ്എഫ്) ആഞ്ഞടിച്ച് മുൻ സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ. ഇന്ത്യയിലെ ഫുട്ബോൾ സിസ്റ്റവും ഫെഡറേഷന്റെ സമീപനവുമാണു പ്രശ്നങ്ങൾക്കു കാരണമെന്ന വുക്കോമനോവിച്ചിന്റെ അഭിപ്രായം ശരിവച്ച് ഷാജി പ്രഭാകരൻ ‘മനോരമയോട്’ സംസാരിക്കുന്നു
വിശ്വാസം നഷ്ടം
ഇന്ത്യൻ ഫുട്ബോൾ അതിന്റെ ചരിത്രത്തിലെതന്നെ മോശം അവസ്ഥയിലൂടെയാണു നീങ്ങുന്നത്. എല്ലാം നെഗറ്റീവായ സ്ഥിതി. കാണികൾക്കു പോലും വിശ്വാസമില്ലാത്ത നിലയിലായിട്ടുണ്ട് കാര്യങ്ങൾ. സമൂഹമാധ്യമങ്ങളിൽ എഐഎഫ്എഫുമായി ബന്ധപ്പെട്ടു വരുന്ന പ്രതികരണങ്ങൾ അതു തെളിയിക്കുന്നു. ഫുട്ബോൾ വിപണിയിലും അതിന്റെ പ്രതിഫലനമുണ്ട്. മാർക്കറ്റ് പ്രതികൂലമാണ്. സ്പോൺസർഷിപ്പും നിക്ഷേപവും വന്നില്ലെങ്കിൽ ഫുട്ബോൾ എങ്ങനെ നിലനിൽക്കും? പുതിയ കുട്ടികൾ എങ്ങനെ ഫുട്ബോളിലേക്കു കടന്നുവരും?
ഐഎസ്എൽ ആശങ്ക
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ നടക്കുമോയെന്നതു പോലും വ്യക്തമല്ല. ടീമുകൾ പ്രീസീസൺ പരിശീലനം തുടങ്ങുന്ന സമയമാണിത്. ലീഗിലെ അനിശ്ചിതത്വം ആഗോളതലത്തിൽ ഇന്ത്യൻ ഫുട്ബോളിനു ചീത്തപ്പേരുണ്ടാക്കും.