റയൽ ജഴ്സിയിൽ ആദ്യ അസിസ്റ്റുമായി അർനോൾഡ്; ഗാർഷ്യയുടെ ഗോളിൽ യുവെയെ തകർത്ത് റയൽ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

Mail This Article
ഫ്ലോറിഡ∙ റയൽ മഡ്രിഡ് ജഴ്സിയിൽ ആദ്യ അസിസ്റ്റുമായി ഇംഗ്ലിഷ് താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡ് തിളങ്ങിയ മത്സരത്തിൽ, ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിനെ ഏകപക്ഷീയ ഒരു ഗോളിനു തകർത്ത് റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലായിരുന്നു റയലിന്റെ വിജയഗോൾ. അർനോൾഡിന്റെ ഹെഡർ ബുള്ളറ്റ് ഹെഡറിലൂടെ വലയിലെത്തിച്ച ഗോൺസാലോ ഗാർഷ്യയാണ് ടീമിന് വിജയം സമ്മാനിച്ചത്.
മെക്സിക്കോയിൽ നിന്നുള്ള മോൺടെറിയെ വീഴ്ത്തിയെത്തുന്ന ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടാണ് ക്വാർട്ടറിൽ റയലിന്റെ എതിരാളികൾ. ആവേശപ്പോരാട്ടത്തിൽ 2–1നാണ് ഡോർട്മുണ്ട് മോൺടെറിയെ വീഴ്ത്തിയത്. 14, 24 മിനിറ്റുകളിലായി ഇരട്ടഗോൾ നേടിയ സെർഹോ ഗ്വിറാസിയാണ് ഡോർഡ്മുണ്ടിന് വിജയം സമ്മാനിച്ചത്. മോൺടെറിയുടെ ആശ്വാസഗോൾ 48–ാം മിനിറ്റിൽ ജർമൻ ബെർട്ടെറാമി നേടി.
നേരത്തെ, ഇരുപകുതികളിലുമായി ഇരു ടീമുകളും ചില മികച്ച അവസരങ്ങൾ പാഴാക്കിയതോടെയാണ് ഗാർഷ്യ രണ്ടാം പകുതിയിൽ നേടിയ ഏക ഗോളിൽ റയൽ ജയിച്ചുകയറിയത്. ആദ്യപകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ യുവെ താരം റൻഡാൽ കോളോ മുവാനി പന്ത് ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു കളഞ്ഞിരുന്നു.
മറുവശത്ത് റയൽ താരങ്ങൾക്കു ലഭിച്ച സുവർണാവസരങ്ങൾ ഗോൾപോസ്റ്റിനു മുന്നിൽ പാറപോലെ ഉറച്ചുനിന്ന യുവെ ഗോൾകീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയാണ് നിഷ്ഫലമാക്കിയത്. മത്സരത്തിലാകെ പത്തോളം സേവുകളാണ് ഗ്രിഗോറിയോ നടത്തിയത്. ഇതിൽ ജൂഡ് ബെലിങ്ങാമിന്റെയും ഫെഡറിക്കോ വാൽവെർദെയുടെയും ഗോളെന്നുറപ്പിച്ച ഷോട്ടുകളും ഉൾപ്പെടുന്നു.
അസുഖം മൂലം പുറത്തിരുന്ന സൂപ്പർതാരം കിലിയൻ എംബപ്പെയ്ക്ക് റയൽ പരിശീലകൻ സാബി അലൊൻസോ ടൂർണമെന്റിൽ ആദ്യമായി അവസരം നൽകി. രണ്ടാം പകുതിയിൽ പകരക്കാരനായാണ് എംബപ്പെ എത്തിയത്.
∙ ക്വാർട്ടർ ലൈനപ്പ് പൂർണം
റയലും ഡോർട്മുണ്ടും ക്വാർട്ടർ ഉറപ്പിച്ചതോടെ, ഇത്തവണ ഫിഫ ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ലൈനപ്പ് പൂർണമായി. ശനി, ഞായർ ദിവസങ്ങളിലായാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന ആദ്യ ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനെൻസെയും സൗദിയിൽ നിന്നുള്ള അൽ ഹിലാലും ഏറ്റുമുട്ടും. 6.30ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ മറ്റൊരു ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിന് ഇംഗ്ലിഷ് കരുത്തരായ ചെൽസിയാണ് എതിരാളികൾ. രാത്രി 9.30ന് നടക്കുന്ന മൂന്നാം ക്വാർട്ടറിൽ പിഎസ്ജി – ബയൺ മ്യൂണിക്ക് സൂപ്പർ പോരാട്ടം. ഞായർ പുലർച്ചെ 1.30ന് റയൽ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് അവസാന ക്വാർട്ടർ പോരാട്ടം.