ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട സ്പെയിനിൽ കാർ അപകടത്തിൽ മരിച്ചു; ഞെട്ടലോടെ ഫുട്ബോൾ ലോകം

Mail This Article
മഡ്രിഡ്∙ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട കാറിൽ ജോട്ടയുടെ സഹോദനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും (26) ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദേശത്തെ അഗ്‌നിരക്ഷാ വിഭാഗത്തെ ഉദ്ധരിച്ച് സ്പെയിനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്.
ദിവസങ്ങൾക്കു മുൻപാണ് ദീർഘകാല പങ്കാളിയായ റൂത്ത് കാർഡോസോയെ ജോട്ട വിവാഹം ചെയ്തത്. അതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവർക്കും മൂന്നു കുട്ടികളുമുണ്ട്.
സ്പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയിൽ (എ–52) വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പുലർച്ചെ 12.30നാണ് അപകടം നടന്നതെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് ‘സ്കൈ സ്പോർട്സ്’ റിപ്പോർട്ട് ചെയ്തു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചതായും സ്ഥിരീകരിച്ചു.
പകോസ് ഡി ഫെറെയ്റയുടെ താരമായി പ്രഫഷനൽ കരിയർ തുടങ്ങിയ ജോട്ട പിന്നീട് സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മഡ്രിഡിലെത്തി. അവിടെ തിളങ്ങാനാകാതെ പോയതോടെ ലോൺ അടിസ്ഥാനത്തിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയിലെത്തി. അവിടെനിന്ന് 2017ൽ ഇംഗ്ലിഷ് ക്ലബ് വോൾവർഹാംപ്ടൻ വാണ്ടറേഴ്സിന്റെ ഭാഗമായി. അവിടെനിന്ന് 2020ലാണ് ജോട്ട ലിവർപൂളിൽ എത്തിയത്. 2022ൽ ലിവർപൂളിന് എഫ്എ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിൽ ഇഎഫ്എൽ കപ്പിലും ചാംപ്യൻസ് ലീഗിലും ലിവർപൂൾ റണ്ണേഴ്സ് അപ്പായി.
യൂർഗൻ ക്ലോപ്പ് ടീം വിട്ടശേഷം പരിശീലകനായി എത്തിയ അർനെ സ്ലോട്ടിനു കീഴിൽ കഴിഞ്ഞ സീസണിൽ ലിവർപൂൾ കിരീടം ചൂടുമ്പോൾ, 37 കളികളിൽനിന്ന് ഒൻപതു ഗോളുകളുമായി ജോട്ടയും മികച്ച പ്രകടനം കാഴ്ചവച്ചു. പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗിൽ കിരീടം നേടിയ രണ്ടു തവണയും ജോട്ട ടീമിലുണ്ടായിരുന്നു. ദേശീയ ജഴ്സിയൽ 49 മത്സരങ്ങൾ കളിച്ചു. ജോട്ടയുടെ സഹോദരൻ ആന്ദ്രെയും പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ലീഗ് ക്ലബായ പെന്നഫിയേലിന്റെ താരമായിരുന്നു.