എട്ടു കളികളിൽ ഇന്ത്യ ജയിച്ചത് ഒന്നുമാത്രം; മനോലോ മാർക്കേസ് ഇന്ത്യൻ പരിശീലക സ്ഥാനമൊഴിഞ്ഞു

Mail This Article
ന്യൂഡൽഹി ∙ മനോലോ മാർക്കേസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. സ്പെയിൻകാരനായ മാർക്കേസുമായി പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചതായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഡപ്യൂട്ടി സെക്രട്ടറി ജനറൽ കെ.സത്യനാരായണ അറിയിച്ചു. പുതിയ പരിശീലകനെ കണ്ടെത്താൻ ഉടൻ നടപടി ആരംഭിക്കും.
ജൂൺ 10ന് നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ, റാങ്കിങ്ങിൽ പിന്നിലുള്ള ഹോങ്കോങ്ങിനോട് 1–0ന് ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് മനോലോ മാർക്കേസ് പടിയിറങ്ങുന്നത്.
ഒരു വർഷംകൂടി കരാറുണ്ടെങ്കിലും അൻപത്തിയാറുകാരനായ മാർക്കേസ് രാജിക്കു സന്നദ്ധത അറിയിക്കുകയായിരുന്നു. 2024 ജൂണിലാണ് 2 വർഷ കാലാവധിയിൽ മനോലോ മാർക്കേസിനെ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായി നിയമിച്ചത്. ഐഎസ്എലിൽ എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകനായ മാർക്കേസ് ഇതുവരെ 2 ചുമതലകളും ഒന്നിച്ചു വഹിച്ചു.
ഈ വർഷം ഗോവൻ ടീം വിട്ട് ഇന്ത്യൻ ടീമിന്റെ മാത്രം പരിശീലകനാവേണ്ടതായിരുന്നു. എന്നാൽ അതിനു മുൻപ്, തന്റെ കീഴിൽ ആകെ കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഇന്ത്യൻ ടീമിന്റെ പരിശീലക ജോലി ഉപേക്ഷിക്കാൻ മാർക്കേസ് തീരുമാനിക്കുകയായിരുന്നു.