ഡിയോഗോ ജോട്ട അകാലത്തിൽ മടങ്ങുമ്പോൾ അനാഥമാകുന്നത് ആൻഫീൽഡിലെ ആരാധകക്കൂട്ടം; ജോട്ട, എന്തിന് ഇത്ര വേഗം...

Mail This Article
ആൻഫീൽഡിന്റെ ആരവങ്ങളിൽ അമരാൻ ഡിയോഗോ ജോട്ട എന്നും ആഗ്രഹിച്ചിരുന്നു. ആരാധകരുടെ ആർപ്പുവിളികൾ ജോട്ടയിൽ എന്നും ആവേശം നിറച്ചു. ഓരോ തവണ ലക്ഷ്യം കാണുമ്പോഴും ചുവപ്പിൽ കുളിച്ച ആൻഫീൽഡിലെ സ്റ്റാൻഡുകൾ ലക്ഷ്യമാക്കി ജോട്ട ആർപ്പുവിളിച്ചു, അവർക്കൊപ്പം ആനന്ദനൃത്തം ചവിട്ടി. അപ്രതീക്ഷിതമായി ജോട്ട മടങ്ങുമ്പോൾ അനാഥമാകുന്നത് ആൻഫീഡിലെ ആ ആരാധകക്കൂട്ടം കൂടിയാണ്...
28 വർഷം ജീവിച്ചതിൽ കഴിഞ്ഞ കുറച്ചു മാസങ്ങളാകും പോർച്ചുഗൽ താരം ഡിയോഗോ ജോട്ടയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ. ഇംഗ്ലിഷ് ക്ലബ് ലിവർപൂളിനൊപ്പം പ്രിമിയർ ലീഗ് കിരീടം, പോർച്ചുഗലിനൊപ്പം നേഷൻസ് ലീഗ് കിരീടം, 10 ദിവസം മുൻപ് ബാല്യകാല സുഹൃത്തും തന്റെ 3 മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം. ഗ്രൗണ്ടിലും പുറത്തും നിറചിരിയും നേട്ടങ്ങളും മാത്രം.
ജോട്ടയ്ക്കൊപ്പമുള്ള വിവാഹ വിഡിയോയുടെ അടിക്കുറിപ്പായി ഭാര്യ റൂത്ത് ‘ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല’ എന്നു കുറിച്ച് 24 മണിക്കൂർ തികയും മുൻപാണ് ഡിയോഗോ ജോട്ടയെ മരണം കവർന്നെടുത്തത്. അപ്രതീക്ഷിതമായ മടക്കത്തിൽ സഹോദരൻ ആന്ദ്രേ സിൽവയും ജോട്ടയ്ക്കൊപ്പമുണ്ടായിരുന്നു.
∙ എന്റെ പേര് ജോട്ട
ഡിയേഗോ ഹോസേ ടെഷയ്റ ഡ സിൽവ എന്നായിരുന്നു 1996ൽ ജനിച്ച ജോട്ടയുടെ യഥാർഥ പേര്. നേട്ടങ്ങൾ കൊയ്യുമ്പോൾ ജഴ്സിയിൽ സിൽവ എന്ന സ്ഥിരം പേരിനു പകരം പുതുമയുള്ള ഐഡന്റിറ്റി അയാൾ ആഗ്രഹിച്ചു. പിന്നാലെയാണ് ജോട്ട എന്ന പേര് തിരഞ്ഞെടുക്കുന്നത്. 2013ൽ പാസോസ് ജെ ഫെറൈറ എന്ന പ്രാദേശിക ക്ലബ്ബിലൂടെയാണ് പ്രഫഷനൽ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡ്, പോർച്ചുഗീസ് ക്ലബ് പോർട്ടോ, ഇംഗ്ലിഷ് ക്ലബ് വൂൾവ്സ് എന്നിവയുടെ ഭാഗമായി. 2020ലാണ് ലിവർപൂളിലേക്കുള്ള വരവ്.
5 സീസണുകളിലായി 123 മത്സരങ്ങളിൽ നിന്ന് 47 ഗോൾ. പോർച്ചുഗൽ സീനിയർ ടീമിനായി 49 മത്സരങ്ങളിൽ നിന്ന് 14 ഗോൾ. ഇടതു വിങ്ങിലൂടെയുള്ള കുതിപ്പ്, കട്ട് ചെയ്ത് ബോക്സിനുള്ളിലേക്ക് കയറി പോസ്റ്റിലേക്കുള്ള ബുള്ളറ്റ് ഷോട്ട്; എതിരാളികളെ വെട്ടിലാക്കുന്ന ഈ കളി ശൈലിയായിരുന്നു ജോട്ടയെ ശ്രദ്ധേയനാക്കിയത്. വിങ്ങർ, ഫാൾസ് 9, സ്ട്രൈക്കർ എന്നീ പൊസിഷനുകളിൽ തിളങ്ങി.
∙ എന്നും ആരാധകർക്കൊപ്പം
ഗോളടിക്കണം, ആരാധകർ തന്റെ പേര് ഉച്ചത്തിൽ പാടുന്നത് കേൾക്കണം. ജോട്ടയുടെ വലിയ സന്തോഷങ്ങളിൽ ഒന്നാണിത്. ആൻഫീൽഡിൽ ഗോൾ നേടിയാൽ ജോട്ട ഓടിയെത്തുന്നത് ലിവർപൂൾ ആരാധകരുടെ പ്രിയപ്പെട്ട സ്റ്റാൻഡായ ‘ദ് കോപ്പി’ലേക്കാണ്. ചുവന്ന ജഴ്സി ധരിച്ചെത്തിയ പതിനായിരത്തോളം ആരാധകരുടെ ആരവത്തിലേക്ക് ജോട്ട ഓടിക്കയറും.
ഗോൾ സെലിബ്രേഷനിലൂടെ ജോട്ട ജീവിതം ആരാധകരുമായി പങ്കുവച്ചു. ജഴ്സിക്കുള്ളിൽ ബോൾ ഒളിപ്പിച്ച് വ്യാജ കുടവയർ കാട്ടി താൻ 3–ാം തവണയും അച്ഛനാകാൻ പോകുന്നു എന്ന് അറിയിച്ചു. നിലത്ത് ഇരുന്ന് വിഡിയോ ഗെയിം കളിക്കുന്നത് അനുകരിച്ച് തന്റെ ഫിഫ ഇ–ഫുട്ബോൾ പ്രണയം അറിയിച്ചു. അങ്ങനെ ആരാധകരുമായി ജോട്ട നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. മരണ വാർത്ത അറിഞ്ഞ് ആയിരക്കണക്കിന് ആരാധകർ ഇന്നലെ ആൻഫീൽഡിനു മുന്നിലെത്തി. പൂക്കളും ജോട്ടയുടെ ജഴ്സിയും അർപ്പിച്ച് ആദരാഞ്ജലികൾ നേർന്നു.
∙ 12 വർഷത്തെ പ്രണയം
ഹൈസ്കൂളിൽ വച്ചാണ് റൂത്ത് ജോട്ടയെ കണ്ടുമുട്ടുന്നത്. ബാല്യകാല സുഹൃത്തുക്കൾ പിന്നീട് ജീവിതം പങ്കുവയ്ക്കാൻ തീരുമാനിച്ചു. ജോട്ടയുടെ ഫുട്ബോൾ കരിയറിന്റെ തുടക്കം മുതൽ റൂത്ത് ഒപ്പമുണ്ട്. പോർച്ചുഗലിലെ പ്രാദേശിക ക്ലബ്ബിൽ നിന്ന് ലോകത്തിലെ മുൻനിര താരത്തിലേക്കുള്ള ജോട്ടയുടെ യാത്രയിൽ പിന്തുണയുമായി റൂത്തുമുണ്ടായിരുന്നു. 2021ൽ ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2023ൽ രണ്ടാം കുഞ്ഞും ഈ വർഷമാദ്യം മൂന്നാം കുഞ്ഞും പിറന്നു. ജൂൺ 22നായിരുന്നു ഇവരുടെ വിവാഹം.
∙ ഡിയോഗോ ജോട്ട (1996- 2025)
രാജ്യം: പോർച്ചുഗൽ
വയസ്സ്: 28
പൊസിഷൻ: ഫോർവേഡ്
ക്ലബ്: ലിവർപൂൾ, വൂൾവ്സ്, പോർട്ടോ, അത്‌ലറ്റിക്കോ മഡ്രിഡ്, പാസോസ് ജെ ഫെറൈറ
രാജ്യാന്തര കരിയർ: 49 മത്സരം, 14 ഗോൾ
ക്ലബ് കരിയർ: 302 മത്സരം, 102 ഗോൾ
പ്രധാന നേട്ടങ്ങൾ: നേഷൻസ് കപ്പ് (2019, 2025),
എഫ്എ കപ്പ് (2022), ലീഗ് കപ്പ് (2022, 2024),
കമ്യൂണിറ്റി ഷീൽഡ് (2022) പ്രിമിയർ ലീഗ് (2025)
∙ എനിക്കിപ്പോഴും ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണ് നമ്മൾ ദേശീയ ടീമിൽ ഒന്നിച്ചുണ്ടായിരുന്നത്. ആ സമയത്തായിരുന്നു നിങ്ങളുടെ വിവാഹം. നിങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. പ്രിയപ്പെട്ട ജോട്ട, വിട - ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ താരം)