ഫിഫ ക്ലബ് ലോകകപ്പ്: പിഎസ്ജി X ബയൺ; റയൽ X ഡോർട്മുണ്ട്

Mail This Article
അറ്റ്‌ലാന്റ (യുഎസ്എ) ∙ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിൽ ഇന്നു ഫൈനലിനോളം ആവേശം പോന്ന മത്സരങ്ങൾ. ക്വാർട്ടർ ഫൈനലിൽ ഇന്നു രാത്രി 9.30ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും ഏറ്റുമുട്ടും. അർധരാത്രിക്കു ശേഷം (ഞായർ പുലർച്ചെ) 1.30നു സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും നേരിടും. ഇന്നു രാവിലെ 6.30ന് ഇംഗ്ലിഷ് ക്ലബ് ചെൽസിയും ബ്രസീൽ ക്ലബ് പാൽമിയറാസും തമ്മിലും ക്വാർട്ടർ ഫൈനൽ മത്സരമുണ്ട്.
യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജി പ്രീക്വാർട്ടറിൽ യുഎസ് ക്ലബ് ലൊസഞ്ചലസ് ഗ്യാലക്സിയെ 4–0ന് തോൽപിച്ചാണു ക്വാർട്ടറിലെത്തിയത്. ബ്രസീൽ ക്ലബ് ഫ്ലമൻഗോയ്ക്കെതിരെ 4–2നായിരുന്നു ബയൺ മ്യൂണിക്കിന്റെ പ്രീക്വാർട്ടർ വിജയം.
2014 മുതൽ ക്ലബ് ലോകകപ്പിൽ അപരാജിതരായി കുതിപ്പു തുടരുന്ന റയൽ മഡ്രിഡ് വിജയമാവർത്തിക്കാനാണു വരുന്നത്. ക്ലബ് ലോകകപ്പിലെ 19 കളികളിൽ 16 ജയവുമായി വരുന്ന റയലിനെതിരെ 2013നു ശേഷം ഒരു വേദിയിലും ഡോർട്മുണ്ട് ജയിച്ചിട്ടില്ല.