ക്ലബ് ലോകകപ്പിൽ ബ്രസീലിയൻ കരുത്ത് മുന്നോട്ട്; മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ, സെമിയിൽ ചെൽസിയെ നേരിടും

Mail This Article
ഫ്ലോറിഡ∙ പ്രീക്വാർട്ടറിൽ ഇംഗ്ലിഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ പോരാട്ടവീര്യവും അതു സമ്മാനിച്ച ആത്മവിശ്വാസവും ബ്രസീലിൻ ക്ലബായ ഫ്ലൂമിനൻസെയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ സൗദിയിൽ നിന്നുള്ള അൽ ഹിലാലിന് തുണയായില്ല. ഫലം, ആവേശം അവസാന സെക്കൻഡ് വരെ കൂട്ടിനെത്തിയ ത്രില്ലർ പോരാട്ടത്തിൽ അൽ ഹിലാലിനെ വീഴ്ത്തി ഫ്ലൂമിനൻസെ ക്ലബ് ലോകകപ്പ് സെമിയിൽ. ഇരുപകുതികളിലുമായി നേടിയ ഗോളുകളുടെ മികവിൽ 2–1നാണ് ഫ്ലൂമിനൻസെയുടെ വിജയം.
ഇന്നു രാവിലെ നടന്ന മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീലിൽ നിന്നുള്ള പാൽമെയ്റാസിന്റെ പോരാട്ടവീര്യം മറികടന്നെത്തുന്ന ചെൽസിയാണ് സെമിയിൽ ഫ്ലൂമിനൻസെയുടെ എതിരാളികൾ. ആവേശം വഴിഞ്ഞൊഴുകിയ മത്സരത്തിൽ 2–1നാണ് ചെൽസി ബ്രസീലിയൻ ക്ലബിനെ വീഴ്ത്തിയത്. കോൾ പാൽമർ 16–ാം മിനിറ്റിൽ നേടിയ ഗോളിനൊപ്പം പാൽമെയ്റാസ് താരം അഗസ്റ്റിൻ ജിയായുടെ സെൽഫ് ഗോളും (83–ാം മിനിറ്റ്) ചേർന്നതോടെയാണ് ചെൽസി ജയിച്ചുകയറിയത്. പാൽമെയ്റാസിന്റെ ആശ്വാസ ഗോൾ 53–ാം മിനിറ്റിൽ എസ്താവോ വില്യൻ നേടി. ഈ സീസണിൽ ചെൽസിയിലേക്ക് കൂടുമാറാൻ തയാറെടുക്കുന്നതിനിടെ ഭാവി ടീമിനെതിരെ എസ്താവോയുടെ ഗോളെന്നത് ശ്രദ്ധേയം.
നേരത്തെ, മാർട്ടിനെല്ലി (40–ാം മിനിറ്റ്), ഹെർകുലീസ് (70–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളണ് ഫ്ലൂമിനൻസെയ്ക്കു വിജയം സമ്മാനിച്ചത്. അൽ ഹിലാലിന്റെ ആശ്വാസ ഗോൾ 51–ാം മിനിറ്റിൽ മാർക്കോസ് ലിയാൻഡ്രോ നേടി.
ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നടക്കുന്ന സെമി പോരാട്ടത്തിൽ, ചെൽസി – പാൽമെയ്റാസ് ക്വാർട്ടർ ഫൈനൽ വിജയികളാകും ഫ്ലൂമിനൻസെയുടെ എതിരാളികൾ. യുവേഫ ചാംപ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പായ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ പ്രീക്വാർട്ടർ അട്ടിമറിച്ചാണ് ഫ്ലൂമിനൻസെ ക്വാർട്ടറിൽ കടന്നത്.
മത്സരത്തിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ അൽ ഹിലാലിന് അനുവദിച്ച പെനൽറ്റി റഫറി പിന്നീട് വാർ പരിശോധനയ്ക്കു ശേഷം പിൻവലിച്ചിരുന്നു. 44 വയസ്സുള്ള ഗോൾകീപ്പർ ഫാബിയോയുടെ തകർപ്പൻ സേവുകളും നാൽപതുകാരനായ തിയാഗോ സിൽവയുടെ പരിചയസമ്പത്തും മത്സരത്തിലുടനീളം ഫ്ലൂമിനൻസെയ്ക്കു തുണയായി.