ഇന്ത്യയ്ക്കു വേണ്ടത് സ്വദേശി കോച്ച്: ഐ.എം.വിജയൻ

Mail This Article
കൊച്ചി ∙ ഇന്ത്യൻ ഫുട്ബോൾ ടീമിലെ വിദേശപരിശീലകരുടെ പരീക്ഷണം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ ഐ.എം.വിജയൻ. മുൻകാലങ്ങളിൽ സ്വദേശി പരിശീലകരുടെ കീഴിൽ സീനിയർ ടീം നടത്തിയ പ്രകടനങ്ങൾ ആവർത്തിക്കാൻ പോലും വിദേശ പരിശീലകർക്കു സാധിക്കുന്നില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ടെക്നിക്കൽ കമ്മിറ്റി ചെയർമാൻകൂടിയായ വിജയൻ വ്യക്തമാക്കി. സ്പാനിഷ് പരിശീലകൻ മനോലോ മാർക്കേസ് ദേശീയ പരിശീലകസ്ഥാനം രാജിവച്ച പശ്ചാത്തലത്തിൽ ‘മനോരമ’യോടു സംസാരിക്കുകായിരുന്നു വിജയൻ.
ഡൽഹിയിൽ നടന്ന എഐഎഫ്എഫ് യോഗത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുത്തിരുന്നില്ല. എങ്കിലും പരിശീലകന്റെ കാര്യത്തിൽ തന്റെ നിലപാട് ഫെഡറേഷനെ അറിയിച്ചെന്നു വിജയൻ പറഞ്ഞു. ‘‘ഇന്ത്യക്കാരൻ എന്ന കാരണം കൊണ്ടുമാത്രം ഇവിടത്തെ പരിശീലകരെ അവിശ്വസിക്കേണ്ട കാര്യമില്ല. ഐഎസ്എലിൽ ഉൾപ്പെടെ എത്രയോ തവണ ഇന്ത്യൻ പരിശീലകർ മിടുക്ക് തെളിയിച്ചിരിക്കുന്നു. പണ്ടു നെഹ്റു കപ്പിലൊക്കെ ഇറാഖും ദക്ഷിണ കൊറിയയും ചൈനയും പോലുള്ള കരുത്തുറ്റ ടീമുകൾക്കെതിരെ കട്ടയ്ക്കു നിന്ന ഇന്ത്യൻ ടീമുണ്ടായിരുന്നു. വിദേശപരിശീലകനും വിദേശപരിചയവുമൊന്നും ഇല്ലാതെയായിരുന്നു ആ പോരാട്ടങ്ങൾ’’– വിജയൻ പറഞ്ഞു.
2001ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ യുഎഇയെ വീഴ്ത്തിയ ഇന്ത്യൻ ടീമിന്റെ കോച്ച് സുഖ്‌വിന്ദർ സിങ്ങിന്റെ ഉദാഹരണം ഉയർത്തിയാണു വിജയൻ പരിശീലകന്റെ കാര്യത്തിലുള്ള നിലപാട് എഐഎഫ്എഫിനെ അറിയിച്ചത്. ‘ലോകകപ്പിലും ഒളിംപിക്സിലും ഫ്രാൻസിനു മിന്നുംനേട്ടം സമ്മാനിച്ച ഫ്രഞ്ച് കോച്ചിനു കീഴിലായിരുന്നു അന്നത്തെ യുഎഇ ടീം. പക്ഷേ, കണ്ഠീരവ സ്റ്റേഡിയത്തിൽ അവരെ നമ്മൾ കീഴടക്കി’.
‘എഎഫ്സി പ്രഫഷനൽ ഡിപ്ലോമ നേടിയ എത്രയോ കോച്ചുമാർ ഇന്ത്യയിലുണ്ട്. വിദേശ പരിശീലകരെക്കാൾ മികച്ച ഫലം ഇന്ത്യയുടെ സ്വന്തം പരിശീലകർ കൊണ്ടുവരും. അതേസമയം ഗ്രാസ്റൂട്ട് തലത്തിൽ ജൂനിയർ ടീമുകളെ പഠിപ്പിക്കാൻ വിദേശ കോച്ചുമാരെ നിയോഗിക്കുന്നത് ഗുണം ചെയ്യുമെന്നും വിജയൻ അഭിപ്രായപ്പെട്ടു.