പരിശീലകനെ ആവശ്യമുണ്ട്

Mail This Article
ന്യൂഡൽഹി ∙ സ്പെയിൻകാരൻ മനോലോ മാർക്കേസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പുതിയ ആളെത്തേടി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). തുടർച്ചയായി മത്സരങ്ങൾ തോറ്റതിനുപിന്നാലെ മനോലോ മാർക്കേസുമായി പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചതായി ഫെഡറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെ ഫെഡറേഷൻ വെബ്സൈറ്റിൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചു.
എലീറ്റ് യൂത്ത്, സീനിയർ ലെവൽ ഫുട്ബോളിൽ 10 മുതൽ 15 വരെ വർഷം പരിശീലന പരിചയമാണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും സീനിയർ ദേശീയ ടീമിന്റെ ഹെഡ് കോച്ച് എന്ന നിലയിലുള്ള പരിചയത്തിനു മുൻഗണനയുണ്ട്. യുവേഫ പ്രഫഷനൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ലൈസൻസ് എന്നിവയോ തുല്യമായ മറ്റ് യോഗ്യതകളോ നിർബന്ധമാണ്. ഫ്ലെക്സിബിലിറ്റി, കാര്യക്ഷമത തുടങ്ങിയ പ്രാഥമിക യോഗ്യതകൾക്കു പുറമേ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മനസ്സിലാക്കുന്ന ആളുമാകണം.
ജോലി: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കുക
ശമ്പളം: പ്രതിമാസം 32– 40 ലക്ഷം രൂപ
യോഗ്യത: കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം (ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം മനസ്സിലാക്കുന്നയാളാകണം.)