വാമോസ് ലേഡീസ്; തായ്‌ലൻഡിനെ തോൽപിച്ചു, വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി ഇന്ത്യ

Mail This Article
ചിയാങ് മായ് (തായ്‌ലൻഡ്) ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ പുതുചരിത്രമെഴുതി ഇന്ത്യൻ വനിതകൾ. മിഡ്ഫീൽഡർ സംഗീത ബസ്ഫോറിന്റെ ഇരട്ടഗോളിൽ തായ്‌ലൻഡിനെ കീഴടക്കിയ (2–1) ഇന്ത്യ 2026ൽ ഓസ്ട്രേലിയയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ക്വാളിഫയർ മത്സരങ്ങൾ കളിച്ച് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. 2003ലാണ് അവസാനമായി ഇന്ത്യ ഏഷ്യൻ കപ്പ് കളിച്ചത്. എന്നാൽ അന്ന് യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഉണ്ടായിരുന്നില്ല. 2022ൽ ആതിഥേയ രാജ്യമെന്ന നിലയിൽ ഇന്ത്യ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നെങ്കിലും ടീം ക്യാംപിൽ കോവിഡ് പടർന്നതോടെ പിൻമാറുകയായിരുന്നു.
മത്സരത്തിന്റെ 29–ാം മിനിറ്റിൽ സംഗീത ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും 47–ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധപ്പിഴവ് മുതലാക്കി ചച്‍വാൻ നേടിയ ഗോളിലൂടെ തായ്‌ലൻഡ് സമനില പിടിച്ചു. 74–ാം മിനിറ്റിൽ ഷിൽകി ദേവിയുടെ ക്രോസിൽ ഒന്നാന്തരമൊരു ഹെഡറിലൂടെ സംഗീത ഇന്ത്യയ്ക്കു ജയവും ഏഷ്യൻ കപ്പിനുള്ള യോഗ്യതയും സമ്മാനിക്കുകയായിരുന്നു. റാങ്കിങ്ങിൽ 24 സ്ഥാനം മുന്നിലുള്ള തായ്‌ലൻഡിനെതിരെ രാജ്യാന്തര വനിതാ ഫുട്ബോളിൽ ഇന്ത്യയുടെ കന്നി ജയമാണിത്.
ഗ്രൂപ്പ് ബിയിൽ 4 മത്സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 2027ൽ ബ്രസീലിൽ നടക്കുന്ന വനിതാ ലോകകപ്പിലേക്കുള്ള യോഗ്യതാ ടൂർണമെന്റാണ് ഏഷ്യൻ കപ്പ്. ഇതോടെ ടീം ഇന്ത്യയ്ക്ക് ഇനി ലോകകപ്പ് അരങ്ങേറ്റവും സ്വപ്നം കാണാം.