Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

400 മീറ്റർ റിലേയിൽ കുഞ്ഞുമുഹമ്മദ് ട്രാക്കിലിറങ്ങിയത് കുഞ്ഞു ജനിച്ചത് അറിയാതെ

kunjumuhammed-child പി. കുഞ്ഞുമുഹമ്മദിന്റെ കുഞ്ഞ്.

പാലക്കാട്∙ കാത്തിരുപ്പിന് സമ്മാനം ഇരട്ടിയായി ലഭിച്ച സന്തോഷത്തിലായിരുന്നു ഏഷ്യൻഗെയിംസ് 400 മീറ്റർ റിലേ വെള്ളിമെഡൽ ജേതാവ് പി. കുഞ്ഞുമുഹമ്മദും ഭാര്യ തസ്‌ലീമയും ഇന്നലെ. ജക്കാർത്തയിൽ മത്സരം തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂർ മുൻപ് 6.10ന് ഈ ദമ്പതികൾക്ക് ആദ്യ കുഞ്ഞു ജനിച്ചു, 7.10ന് നടന്ന മത്സരത്തിൽ കുഞ്ഞു മുഹമ്മദ് ആദ്യ രാജ്യാന്തര മെഡലും നേടി.

മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപ് കുഞ്ഞു ജനിച്ചെങ്കിലും ടീം ഗ്രൗണ്ടിൽ ഇറങ്ങിയതിനാൽ കുഞ്ഞുമുഹമ്മദിനോട് ഈ സന്തോഷം അപ്പോൾ പങ്കുവയ്ക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല. പക്ഷേ മത്സരം കഴിഞ്ഞയുടൻ കുഞ്ഞുമുഹമ്മദ് വിളിച്ച് ആദ്യം ചോദിച്ചത് ഭാര്യയുടെ കാര്യമായിരുന്നു. മകൾ ജനിച്ചതറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി.

പാലക്കാട് മണ്ണാർക്കാട് കോട്ടോപ്പാടം പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതരായ മുഹമ്മദിന്റെയും ഫാത്തിമയുടെയും അഞ്ചു മക്കളിൽ ഇളയവനായ കുഞ്ഞുമുഹമ്മദ് ഒരു അത്‌ലറ്റായി മാറിയത് കോട്ടപ്പാടം സ്കൂളിലെ പ്ലസ്ടു പഠനകാലത്താണ്. പിന്നീട് ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോൾ സർവകലാശാല തലത്തിലും ദേശീയതലത്തിലും 200 മീറ്ററിൽ മെഡൽ നേടി. 2010ൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചു. ദേശീയ മത്സരങ്ങളിൽ സർവിസസിനുവേണ്ടി മത്സരിക്കുന്ന കുഞ്ഞുമുഹമ്മദ് കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലും മത്സരിച്ചിട്ടുണ്ട്.