Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളി പഠിപ്പിച്ചു കൊടുത്ത ഇറാൻ ‘ചതിച്ചു’; ഏഷ്യൻ ഗെയിംസിൽ വീണിതല്ലോ കബഡിയും

india-kabaddi ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ കബഡി സെമി ഫൈനലിൽ ഇന്ത്യൻ താരത്തെ കീഴ്പ്പെടുത്താനുള്ള ഇറാൻ താരങ്ങളുടെ ശ്രമം. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

ജക്കാർത്ത ഏഷ്യൻ ഗെയിംസിനു കൊടിയിറങ്ങുമ്പോൾ ഇന്ത്യയ്ക്കു ശുഭവർത്തമാനങ്ങൾ പലതുമുണ്ടെങ്കിലും കബഡിയിലെ തിരിച്ചടി അപ്രതീക്ഷിതമായി. ഗെയിംസിൽ ഉൾപ്പെടുത്തിയ കാലം മുതൽ സ്വർണം കുത്തകയാക്കി വച്ച ഇന്ത്യയ്ക്ക് കബഡിയിലെ പുരുഷ, വനിതാ വിഭാഗങ്ങളിൽ പരാജയം രുചിക്കേണ്ടി വന്നു.  ജക്കാർത്തയിലേക്കു  വിമാനം കയറുമ്പോൾ, കബഡിയിലെ രണ്ട് ചാംപ്യൻ പദവിയും ഇന്ത്യയുടെ  കൈകളിലുണ്ടായിരുന്നു. ഇത്തവണ അജയ് താക്കൂർ നയിച്ച പുരുഷ വിഭാഗം ടീം സെമിഫൈനലിൽ തന്നെ പുറംതള്ളപ്പെട്ടപ്പോൾ, പായൽ ചൗധരിയുടെ നേതൃത്വത്തിലിറങ്ങിയ വനിതകൾ ഫൈനലിൽ കിരീടം താഴെവച്ചു. രണ്ടും നാം കളി പഠിപ്പിച്ച ഇറാനെതിരെ!.

1990ലെ ബെയ്ജിങ് ഏഷ്യാഡിൽ കബഡി അംഗീകരിക്കപ്പെട്ടതു മുതൽ നമ്മുടെ പുരുഷന്മാരുടെ കൈകളിലായിരുന്നു ചാംപ്യൻ പട്ടം. എന്നാൽ, എട്ടാമതൊരിക്കൽ കിരീടം  ചൂടാനുള്ള ശ്രമത്തിൽ മുൻ ലോക ചാംപ്യൻമാർകൂടിയായ ഇന്ത്യ വേണ്ടത്ര മുന്നൊരുക്കമൊന്നും  നടത്തിയില്ല. അഥവാ ഇന്ത്യയിൽ അഞ്ചു വർഷമായി നടന്നുവരുന്ന പ്രഫഷനൽ കബഡ് ലീഗിൽ, ഇന്ത്യൻ ടീമുകളോടൊപ്പം കളിച്ച് നമ്മുടെ നയതന്ത്രങ്ങൾ മനസ്സിലാക്കിയ ഇതര രാജ്യാതാരങ്ങളുടെ മുന്നേറ്റം  നാം ശ്രദ്ധിക്കാതെ പോയി.

ടീം തിരഞ്ഞെടുപ്പ് മുതൽ തന്നെ തുടങ്ങി, ഇന്ത്യയുടെ പാളിച്ചകൾ. നല്ല കവർ ഡിഫൻഡർമാർ ആരും ഇല്ലാതെ, റെയ്ഡർമാർക്ക് മുൻതൂക്കമുള്ള ടീമിനെ തിരഞ്ഞെടുത്താണ് ഇന്ത്യൻ കബഡി ഫെഡറേഷൻ, കോച്ച് രൺവീർ സിങ് ഖോക്കറിനെ ഏൽപിച്ചത്. സുർജിത്ത് സിങ്, സുരേന്ദർ നദാ, മൻജിത്ത് ചില്ലർ, ജീവ്കുമാർ എന്നീ പ്രഗത്ഭരൊക്കെയും പുറത്ത്.

കൊറിയയോട്  പ്രാരംഭ ലീഗ് മത്സരത്തിൽ പരാജയപ്പെട്ടപ്പോൾത്തന്നെ ദൗർബല്യങ്ങൾ നാം മനസ്സിലാക്കേണ്ടതായിരുന്നു. അതേസമയം, ഫൈനലിൽ കഴിഞ്ഞ രണ്ടു തവണയും ഇന്ത്യയോടേറ്റ പരാജയത്തിന്റെ കണക്ക് തീർക്കാൻ ഇറാൻ ഒരുങ്ങിവന്നതു നാം ശ്രദ്ധിച്ചതുമില്ല. അവർ പഴയ പരിശീലകനെ മാറ്റുകയും ഇന്ത്യയുടെ  കളി പഠിപ്പിച്ച നാട്ടുകാരനായ ഗുലാം മീർസ മസബ് ദറാനിയെ കോച്ച് ചുമതല ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹമാകട്ടെ, പ്രായക്കൂടുതലുള്ള ക്യാപ്റ്റൻ മിഅ്റാജിനെപ്പോലും ഒഴിവാക്കി, ഇന്ത്യൻ പ്രഫഷനൽ ലീഗിൽ തെലുഗു ടൈറ്റാൻസിനു കളിച്ചു പരിചയമുള്ള ഡിഫൻഡർ ഫസൽ അത്​ച്ചാലിയെ നായകനാക്കി ടീമിനെ സജ്ജമാക്കി. ഏഷ്യാഡിനു തൊട്ടുമുമ്പ് ഇന്ത്യയിലെത്തി ജയ്പൂരിൽ  ടീം ക്യാംപ് നടത്തുകയും സച്ചിൻ തൻവാറിനെപ്പോലുള്ള  മികച്ച താരങ്ങളടങ്ങിയ ഇന്ത്യൻ ടീമുകളോട് പ്രാക്ടീസ് മത്സരങ്ങൾ നടത്തി തയാറെടുക്കുകയും ചെയ്തു.

40 മിനിട്ട് നീണ്ട െസമിയിൽ ഇടവേള വരെ പ്രയാസപ്പെട്ട് 9–9ൽ സമനില പിടിച്ച ഇന്ത്യ, ഒടുവിൽ ഒൻപതു പോയന്റ് വ്യത്യാസത്തിലാണ് (18–27) അടിയറവ് പറഞ്ഞത്. പരുക്കു കാരണം രോഹിത് കുമാറിന്  കളത്തിൽ ഇറങ്ങാൻ തന്നെ സാധിച്ചില്ല. ക്യാപ്റ്റൻ അജയ് താക്കൂറിനാകട്ടെ തലക്കേറ്റ മുറിവും പാരയായി. നടത്തിപ്പിന്റെ കാര്യത്തിൽ രാജ്യാന്തര സംഘടനയുടെ സസ്പെൻഷനുപോലും വിധേയമായ ഇന്ത്യൻ കബഡി ഫെഡറേഷന്റെ മാനക്കേട് തീർക്കാൻ, വനിതകൾക്കു സാധിക്കുമെന്ന പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തലേന്നു പുരുഷന്മാരുടെ സെമിയിൽ  ഇന്ത്യയുടെ കഥകഴിച്ച ഇറാന്റെ പുരുഷ താരങ്ങൾ നൽകിയ പ്രചോദനത്തിൽ ഇറാന്റെ വനിതകളും ചരിത്രം കുറിച്ചു.

2010ൽ വനിതകൾക്കായി കബഡി  ആരംഭിച്ചതു മുതൽ ഇന്ത്യയായിരുന്നു സ്വർണമെഡൽ ജേതാക്കൾ. കഴിഞ്ഞ രണ്ടുതവണയും അവരെ വിജയത്തിലേക്ക് നയിച്ച കാസർകോട്ടുകാരൻ കോച്ച് എടച്ചേരി ഭാസ്കരന്റെ അഭാവത്തിൽ തിയാൻമിൻ  ഗരുഡാ സ്റ്റേഡിയത്തിൽ മൂന്നു പോയിന്റിന് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിനിൽക്കേണ്ടി വന്നു. ഒരവസരത്തിൽ 13–8 വരെ ലീഡ് ചെയ്തതായിരുന്നു ഇന്ത്യ. കളിതീരാൻ നാലു മിനിട്ട് മാത്രം ബാക്കിനിൽക്കേ 24–25ന് ഏതാണ്ട് ഒപ്പത്തിനൊപ്പം എത്തുകയും  ചെയ്തിരുന്നു.

എന്നാൽ ഇന്ത്യയിൽ അവഗണിക്കപ്പെട്ട ശേഷം, ഒന്നര വർഷം മുമ്പ് മാത്രം ഇറാന്റെ കോച്ചായി എത്തിയ മഹാരാഷ്ട്രക്കാരി ശൈലജാ ജെയിൻ, ഇന്ത്യക്കെതിരായി  കളി ജയിക്കാനുള്ള തന്ത്രങ്ങൾ പുറത്തെടുത്തു. ഇറാനിലെത്തിയതോടെ പേർഷ്യൻ ഭാഷ പഠിച്ച്, യോഗാസനമുറകൾപോലും ഇറാൻ വനിതകളെ പഠിപ്പിച്ചിറക്കിയ, ഇൗ അമ്പത്തിരണ്ടുകാരി, തന്റെ ശിഷ്യരോട് പറഞ്ഞത്, ‘‘സ്വർണം തരാതെ നിങ്ങൾ എന്നെ ഇന്ത്യയിലേക്ക് മടക്കി അയക്കരുത്’’ എന്നായിരുന്നു. ആ പെൺകുട്ടികളാകട്ടെ ആ അഭ്യർഥന അക്ഷരംപ്രതി പാലിക്കുകയും ചെയ്തു.