Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്ക് ഫൈനൽ; സെമിയിൽ ഇന്ത്യ ബംഗ്ലദേശിനെ വീഴ്ത്തി

Kohli-Rohit

ബർമിങ്ങാം ∙ ബംഗ്ലദേശ് ബാറ്റ്സ്മാൻമാർ അയ്യടാ എന്നായിട്ടുണ്ടാകും; അൻപത് ഓവറിൽ അവർ ആഞ്ഞു നേടിയ സ്കോർ എത്ര അനായാസമായിട്ടാണ് രോഹിതും കോഹ്‌ലിയും മറികടന്നത്! ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമിഫൈനലിൽ ബംഗ്ലദേശിനെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. സ്കോർ: ബംഗ്ലദേശ്– 50 ഓവറിൽ ഏഴിന് 264. ഇന്ത്യ– 40.1 ഓവറിൽ ഒന്നിന് 265. സെഞ്ചുറി നേടിയ രോഹിത് ശർമയും (123) സെഞ്ചുറിക്കരികെ എത്തിയ വിരാട് കോഹ്‌ലിയുമാണ് (96*) ഇന്ത്യൻ വിജയത്തിന്റെ സൂത്രധാരർ. ശിഖർ ധവാൻ (46) മാത്രമാണ് പുറത്തായത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

ബംഗ്ലദേശ് സ്കോറിനെ ഒട്ടും അല്ലലില്ലാതെ മറികടന്നത് ഫൈനലിൽ ഇന്ത്യയ്ക്ക് അളവിലേറെ ആത്മവിശ്വാസം നൽകുന്ന കാര്യം. ടീം സ്കോർ 87ൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ധവാൻ പുറത്തായതു മാത്രമാണ് വേണ്ടിയിരുന്നില്ല എന്നു തോന്നിച്ച നിമിഷം. എന്നാൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് വിരുന്നോടെ ആ സങ്കടവും മാറി. സ്കൂൾ ക്രിക്കറ്റിലെന്ന പോലെ ബംഗ്ലദേശ് ബോളർമാരെ നേരിട്ട രോഹിതും കോഹ്‌ലിയും അപരാജിതമായ രണ്ടാം വിക്കറ്റിൽ കുറിച്ചത് 178 റൺസ്. 129 പന്തിൽ 15 ഫോറും ഒരു സിക്സും സഹിതമാണ് രോഹിത് ഏകദിനത്തിലെ 11–ാം സെഞ്ചുറി കുറിച്ചത്. 78 പന്തിൽ 13 ഫോറടിച്ച കോ‌ഹ്‌ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി. 182 ഇന്നിങ്സുകളിൽ ഈ നേട്ടം കുറിച്ച ദക്ഷിണാഫ്രിക്കയുടെ ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് 175–ാം ഇന്നിങ്സിൽ കോഹ്‌ലി മറികടന്നത്.

Dhawan

ടോസ് നേടിയ കോഹ്‌ലി അയൽക്കാരെ ബാറ്റിങിനു ക്ഷണിക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ ഭുവനേശ്വർ, സൗമ്യ സർക്കാരിനെ ബോൾഡാക്കി. ഏഴാം ഓവറിൽ ഭുവനേശ്വർ സാബിർ റഹ്മാനെ കോഹ്‌ലിയുടെ കയ്യിലെത്തിച്ചപ്പോൾ കളി ഇന്ത്യയുടെ കയ്യിലേക്ക് എന്നു കരുതിയതാണ്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന തമിം ഇഖ്ബാലും (70) മുഷ്ഫിഖുർ റഹിമും (61) ആ പ്രതീക്ഷ അസ്ഥാനത്താക്കി. വ്യക്തിഗത സ്കോർ 17ൽ നിൽക്കെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ തമിം ബോൾഡായെങ്കിലും നോബോളായത് ബംഗ്ലദേശിനു ഭാഗ്യമായി. രണ്ടാം ജന്മം മുതലെടുത്ത തമിം മുഷ്ഫിഖുറിനെ കൂട്ടി തകർത്തടിച്ചതോടെ ഇന്ത്യൻ ബോളർമാർ കാഴ്ച്ചക്കാരായി. 104 പന്തിൽ 10 ഫോറും ഒരു സിക്സുമായി ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പിന്നിട്ടു.

Kedar Jadhav

കേദാർ ജാദവിനെ ബോളറായി പരീക്ഷിച്ച കോഹ്‌ലിയുടെ തന്ത്രമാണ് ഒടുവിൽ ഇന്ത്യയ്ക്കു ബ്രേക്ക് നൽകിയത്. ജാദവിന്റെ പന്തിൽ സ്ലോഗ് ഷോട്ടിനു ശ്രമിച്ച തമിമിന്റെ കുറ്റി തെറിച്ചു. പഴുതു കിട്ടിയതോടെ ഇന്ത്യൻ ബോളർമാർ ഇരച്ചു കയറി. നല്ല രീതിയിൽ കളിച്ചു തുടങ്ങിയ ഷാക്കിബുൽ ഹസനെ (15) ജഡേജയുടെ പന്തിൽ ധോണി പിടികൂടി. പിന്നാലെ രണ്ടാം വരവിൽ ജാദവ് തന്നെ മുഷ്ഫിഖുറിനെയും മടക്കി–കോഹ്‌ലിക്കു ക്യാച്ച്. ന്യൂസീലൻഡിനെതിരെ ഗ്രൂപ്പ് മൽസരത്തിൽ സെഞ്ചുറി നേടിയ മഹ്മദുല്ലയും മടങ്ങിയതോടെ മുന്നൂറിനപ്പുറം പോകാമെന്ന ബംഗ്ലദേശിന്റെ പ്രതീക്ഷകൾക്കു മങ്ങലേറ്റു. ക്യാപ്റ്റൻ മഷ്‌റഫെ മൊർത്താസയുടെ ഇന്നിങ്സാണ് (25 പന്തിൽ 30) അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

∙ സ്കോർ ബോർഡ്

ബംഗ്ലദേശ്: തമിം ഇഖ്ബാൽ ബി കേദാർ ജാദവ്–70, സൗമ്യ സർക്കാർ ബി ഭുവനേശ്വർ–പൂജ്യം, സാബിർ റഹ്മാൻ സി ജഡേജ ബി ഭുവനേശ്വർ–19, മുഷ്ഫിഖുർ റഹിം സി കോഹ്‌ലി ബി ജാദവ്–61, ഷാക്കിബ് അൽ ഹസൻ സി ധോണി ബി ജഡേജ–15, മഹ്മദുല്ല ബി ബുമ്ര–21, മൊസദ്ദക് ഹുസൈൻ സി ആൻഡ് ബി ബുമ്ര–15, മഷ്റഫെ മൊർത്താസ നോട്ടൗട്ട്–30, തസ്കിൻ അഹ്മദ് നോട്ടൗട്ട്–10, എക്സ്ട്രാസ്–23. ആകെ 50 ഓവറിൽ ഏഴു വിക്കറ്റിന് 264. 

വിക്കറ്റ് വീഴ്ച: 1–1, 2–31, 3–154, 4–177, 5–179, 6–218, 7–229. 

ബോളിങ്: ഭുവനേശ്വർ 10–1–53–2, ബുമ്ര 10–1–39–2, അശ്വിൻ 10–0–54–0, ഹാർദ്ദിക് 4–0–34–0, ജഡേജ 10–0–48–1, കേദാർ ജാദവ് 6–0–22–2

ഇന്ത്യ: രോഹിത് ശർമ നോട്ടൗട്ട്–123, ശിഖർ ധവാൻ സി മൊസദ്ദക് ബി മൊർത്താസ–46, വിരാട് കോഹ്‌ലി നോട്ടൗട്ട്–96, എക്സ്ട്രാസ്–പൂജ്യം. ആകെ 40.1 ഓവറിൽ ഒരു വിക്കറ്റിന് 265 റൺസ്. 

വിക്കറ്റ് വീഴ്ച: 1–87

ബോളിങ്: മൊർത്താസ 8–0–29–1, മുസ്തഫിസുർ 6–0–53–0, തസ്കിൻ 7–0–49–0, റൂബെൽ 6–0–46–0, ഷാക്കിബ് 9–0–54–0, മൊസദ്ദക് 2–0–13–0, മഹ്മദുല്ല 1–0–10–0, സാബിർ റഹ്മാൻ 1.1–0–11–0.

related stories