Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധക്കരുത്തിൽ മാലി; എങ്കിലും സാധ്യത സ്പെയിനിന്

Spain-Practice സ്പെയിൻ താരങ്ങൾ പരിശീലനത്തിൽ. ചിത്രം: ഇ.വി. ശ്രീകുമാർ

ഫുട്ബോളിലെ ‘ആഗോളവൽക്കരണം’ എപ്പോഴും ചർച്ചചെയ്യുന്ന വാക്കാണ്. കളിയുടെ പ്രചാരത്തെയും ആരാധകബലത്തെയും മാത്രം സൂചിപ്പിക്കുന്ന ഒരു പദമല്ലിത്. ആഫ്രിക്കൻ രാജ്യമായ മാലിയും യൂറോപ്യൻ കരുത്തരായ സ്പെയിനുമാണ് ഒരു ലോകകപ്പിന്റെ സെമിഫൈനലിൽ നേർക്കുനേർ വരുന്നത്. രാജ്യാതിർത്തികൾ കടന്ന് എല്ലാ നാട്ടിലും ഫുട്ബോൾ ഒരുപോലെ വളരുന്നുവെന്നതിനു തെളിവല്ലേ ഇത്.

മേൽക്കൈ സ്പെയിനിനുതന്നെയാണ്. സന്തുലിതമായൊരു ടീം. ചുരുങ്ങിയ സമയത്തിനുള്ളിൽ‌ മത്സരത്തിന്റെ ഗതിമാറ്റാൻ കെൽപുള്ള പ്രതിഭാശാലികളുടെ സംഘം. ആക്രമണങ്ങളിലെ വൈവിധ്യമാണ് അവരുടെ ശക്തി. ഇറാനെതിരെ ബോക്സിനുള്ളിൽനിന്നും പുറത്തുനിന്നും അവർ നേടിയ ഗോളുകൾ അതിനു തെളിവാണ്. മത്സര പരിചയത്തിലും മാലിയുടെ കൗമാരക്കാരെക്കാൾ വളരെ മുൻപിലാണു സ്പെയിൻ.

മറുഭാഗത്തു മധ്യനിരയിലെ കരുത്തായ ക്യാപ്റ്റൻ മൊഹമ്മദ് കമാറയുടെ സസ്പെൻഷൻ മാലിയെ നന്നായി വലയ്ക്കുന്നുണ്ടാകും. എങ്കിലും പൊരുതാനുറച്ചിറങ്ങുന്ന അവരുടെ പ്രതിരോധ നിര ശക്തമാണ്. ഘാനയുടെയും ജർമനിയുടെയും മുന്നേറ്റനിരയെ വെള്ളംകുടിപ്പിച്ച പ്രതിരോധമാണവരുടേത്. ടൂർണമെന്റിലുടനീളം സെറ്റ്പീസുകളിൽ മികവുകാട്ടിയ മാലിക്കെതിരെ സെറ്റ്പീസുകൾ വഴങ്ങാതിരിക്കാൻ സ്പെയിൻ നന്നായി ശ്രദ്ധിക്കേണ്ടിവരും. 

(ഇന്ത്യൻ സീനിയർ ഫുട്ബോൾ വൈസ് ക്യാപ്റ്റനാണ് ലേഖകൻ)