Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യകിരീടം ലക്ഷ്യമിട്ട് സ്പെയിൻ; രണ്ടാം തുടർഫൈനലിന് മാലി

U17 Spain

നവിമുംബൈ ∙ തുടർച്ചയായ രണ്ടാം ഫൈനലാണു മാലിയുടെ ലക്ഷ്യം. ആദ്യ കിരീടത്തിലേക്ക് ഒരു ചുവടു കൂടി എന്നതാണു സ്പെയിനിന്റെ നയം. ആഫ്രിക്കൻ ശക്തിയും യൂറോപ്യൻ ചടുലതയും മാറ്റുരയ്ക്കുന്ന സെമിഫൈനൽ ഇന്നു രാത്രി എട്ടിനു നവിമുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും. ആഫ്രിക്കയിൽ നിന്നുതന്നെയുള്ള ഘാനയെ 2–1നു തോൽപ്പിച്ചാണു മാലി സെമിഫൈനലിലെത്തിയത്. ഏഷ്യൻ പ്രതീക്ഷകളായ ഇറാനെ 3–1നു തകർത്താണു സ്പെയിനിന്റെ സെമിപ്രവേശനം.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ടീമുകളോടു തോറ്റാണ് ഇരു ടീമിന്റെയും തുടക്കം. മാലി പാരഗ്വായോടു തോറ്റപ്പോൾ സ്പെയിൻ ബ്രസീലിനു മുന്നിൽ അടിയറവു പറഞ്ഞു. പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ അവസാന മിനിറ്റിൽ കിട്ടിയ പെനൽറ്റിയാണു സ്പെയിനിനെ മുന്നോട്ടു നയിച്ചതെങ്കിൽ ആദ്യ തോൽവിക്കുശേഷം മറ്റു ടീമുകളെ തച്ചു തകർക്കുന്ന ശൈലിയിലാണു മാലിയുടെ മുന്നേറ്റം. മൂന്നു തവണ ഫൈനൽ കളിച്ചെങ്കിലും കപ്പ് നേടാൻ സാധിക്കാത്ത ടീമാണു സ്പെയിൻ. കഴിഞ്ഞ ലോകകപ്പിൽ ആദ്യമായി ഫൈനൽ കളിച്ച മാലിക്കും കപ്പ് കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടു.

വേഗവും കരുത്തുമാണു മാലിയുടെ പ്രത്യേകത. അവസാന നിമിഷം വരെ ഒരേ പോലെ കളിക്കാൻ മാലി താരങ്ങൾക്കു കഴിയുന്നു. 128 ഗോൾ ശ്രമങ്ങളാണ് അഞ്ചു മത്സരത്തിൽ നിന്നു മാലി നടത്തിയതെന്നതു ടീമിന്റെ ആക്രമണോത്സുകത വ്യക്തമാക്കുന്നു. മികച്ച കേളീ ശൈലി സ്വന്തമായുണ്ടെന്നതു സ്പെയിനിന് അനുകൂലം. കുറിയ പാസുകൾ കൊണ്ടുള്ള ടിക്കി–ടാക്ക ശൈലി സ്പെയിൻ ഇതുവരെ നന്നായി പ്രാവർത്തികമാക്കി. 

പരിശീലകർ പറയുന്നു

സമ്മർദ്ദങ്ങളില്ലാതെയാണു കളിക്കുന്നത്. മാലി കൂടുതൽ ശാരീരിക ക്ഷമതയുള്ള ടീമാണ്. അതിനനുസരിച്ചാകും ഞങ്ങൾ മത്സരത്തെ സമീപിക്കുക. സ്പെയിൻ മികച്ച ഫുട്ബോൾ കളിക്കുന്നു എന്നതിന്റെ തെളിവല്ലേ സെമിഫൈനലിൽ ഞങ്ങളുള്ളത്. - സാന്റിയോഗോ ഡെനിയ (സ്പെയിൻ പരിശീലകൻ) 

മത്സരിക്കുക, ജയിക്കുക അതാണു ഞങ്ങളുടെ ലക്ഷ്യം. ആദ്യ മത്സരത്തിലെ തോൽവിക്കുശേഷം എല്ലാ മത്സരവും ഫൈനൽപോലെയാണു കളിച്ചത്. സ്പെയിൻ വലിയ ടീമാണ്. മത്സരത്തിനായി കാത്തിരിക്കുന്നു. - ജൊനാസ് കൊമാല (മാലി പരിശീലകൻ)