Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ പ്രസിഡന്റ് കൊൽക്കത്തയിൽ

Gianni-Infantino ജിയാനി ഇൻഫാന്റിനോ

കൊൽക്കത്ത ∙ ഇന്ത്യ ഇപ്പോൾ ഒരു ഫുട്ബോൾ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇന്നത്തെ ഫിഫ കൗൺസിലിലും അണ്ടർ 17 ലോകകപ്പ് ഫൈനലിലും പങ്കെടുക്കാനായാണ് ഫിഫയുടെ സാരഥി എത്തിയത്. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ കൗൺസിൽ യോഗമാണ് ഇന്നു കൊൽക്കത്തയിൽ നടക്കുക.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലുമായി ഇൻഫാന്റിനോ മാരിയറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. രണ്ടു വർഷത്തിനു ശേഷം നടക്കുന്ന അണ്ടർ 20 ലോകകപ്പ് മൽസരങ്ങൾക്ക് ഇന്ത്യ ആതിഥ്യം വഹിക്കുന്ന കാര്യം ഇരുവരും ചർച്ച ചെയ്തു. അണ്ടർ 17 ലോകകപ്പിന്റെ തകർപ്പൻ വിജയവും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്തതിന്റെ റെക്കോർഡും ഇന്ത്യ തങ്ങളുടെ വാദത്തിനനുകൂലമായി ഉയർത്തിക്കാട്ടി. എന്നാൽ തുടർച്ചയായി രണ്ടു ലോകകപ്പ് മൽസരങ്ങൾ ഒരേ രാജ്യത്തിന് അനുവദിക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫിഫ കൗൺസിലിന് ഇക്കാര്യത്തിൽ ഭേദഗതി നിർദേശിച്ചാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമാകും. 35 അംഗ ഫിഫ സംഘമാണ് ഇൻഫാന്റിനോക്കൊപ്പം എത്തിയിരിക്കുന്നത്. പശ്ചിമബംഗാൾ സർക്കാരിന്റെ അതിഥിയായ ഫിഫ പ്രസിഡന്റിന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നു വിരുന്നു നൽകും. പഴയകാല കളിക്കാരുടെ സംഗമത്തിലും ഫിഫ പ്രസിഡന്റ് പങ്കെടുക്കും. റഷ്യൻ ലോകകപ്പിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്നത്തെ ഫിഫ കൗൺസിൽ ചർച്ച ചെയ്യും.