Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൈലി മാറി, മാലി തോറ്റു; തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നവുമായി!

ഫുട്ബോൾ പ്രേമികൾ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച സെമിഫൈനൽ മൽസരത്തിൽ സ്പെയിൻ മാലിക്കെതിരെ വലിയ ബുദ്ധിമുട്ടില്ലാതെ ജയിച്ചു. പ്രീക്വാർട്ടറിലും ക്വാർട്ടറിലും എതിരാളികളെ വിറപ്പിച്ച മാലിയെ അല്ല കഴിഞ്ഞ ദിവസം കളത്തിൽ കണ്ടത്. സ്വതസിദ്ധമായ ആക്രമണശൈലിയിൽ നിന്ന് പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് അവർ കളി തുടങ്ങിയത്. സ്പെയിൻ താരങ്ങൾക്കു മൈതാനത്ത് ആധിപത്യമുറപ്പിക്കാൻ അങ്ങനെ ആവശ്യത്തിലേറെ സമയം ലഭിച്ചു. രണ്ടാംപകുതിയുടെ അവസാനം മാലി ആക്രമണ ഫുട്ബോളിലേക്ക് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും താരങ്ങളിൽ‌ പലരും മാനസികമായി തോറ്റുകഴിഞ്ഞിരുന്നു.  

മധ്യനിരയിൽ കളിനിയന്ത്രിക്കുന്ന നായകന്റെ അഭാവവും മാലിയെ വല്ലാതെ അലട്ടി.  നായകൻ മുഹമ്മദ് കാമാറ സസ്പെൻഷനിലൂടെ പുറത്തിരിക്കുകയായിരുന്നു. കടിഞ്ഞാൻ പിടിക്കാൻ ആളില്ലാതായതോടെ ഗതിയില്ലാതെ നീങ്ങിയ മധ്യനിര മാലിയുടെ മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കാൻ മറന്നു. മറുഭാഗത്ത് കൃത്യമായ ഗെയിം പ്ലാനോടെയാണ് സ്പെയിൻ കളിച്ചതും ജയിച്ചതും. കോട്ടകെട്ടി നിന്ന മാലി പ്രതിരോധം തകർക്കാൻ അവരുടെ മധ്യനിര ത്രൂപാസുകൾ കൂടുതൽ പരീക്ഷിച്ചു. മാലി താരങ്ങളുടെ ശാരീരിക ക്ഷമതയെ മറികടക്കാൻ സ്പാനിഷ് സ്ട്രൈക്കർമാർ പന്തിനൊപ്പം പതിവിലും വേഗത്തിലോടുന്ന കാഴ്ചയും കണ്ടു. 

(ഇന്ത്യൻ സീനിയർ ഫുട്ബോൾ‌ ടീം വൈസ് ക്യാപ്റ്റനാണ് ലേഖകൻ)