Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിഎആർ’ സംവിധാനം ലോകകപ്പിന്റെ ആവേശം നഷ്ടമാക്കുന്നുണ്ടോ?

ആന്റണി ജോൺ
Video Assistant Referee

വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) എന്ന സംവിധാനം ഫിഫ ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ ആദ്യം ഉയർന്നത് എതിർപ്പാണ്. ഫുട്ബോളിന്റെ വേഗം, അതാണു കളിയുടെ വികാരം. അതു നഷ്ടമാവില്ലേ? ചർച്ച ചെയ്യപ്പെടേണ്ടതാണ് ഈ വികാരം, ഈ ചിന്ത. എന്തായാലും വിഎആർ കളിക്കളത്തിനു പുറത്തുനിന്നു കളത്തിനകത്തേക്കു കടന്നുവന്നിരിക്കുന്നു. കളത്തിനു പുറത്ത് കസേരയിട്ടിരിക്കുന്ന വിഎആർ കളത്തിനകത്ത് പെനൽറ്റി സ്പോട്ടിലേക്കു വിരൽ ചൂണ്ടിത്തുടങ്ങിയിരിക്കുന്നു. എതിർത്താലും അനുകൂലിച്ചാലും അതാണു വാസ്തവം. 

രണ്ടു തരത്തിൽ കാര്യങ്ങളെ പരിഗണിക്കാം: റഫറിയുടെ കൺവെട്ടത്തുണ്ടാകുന്ന ഫൗളുകൾ, കാണാമറയത്തുണ്ടാകുന്ന ഫൗളുകൾ. ആദ്യത്തേതിനു കടുത്തശിക്ഷ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുമ്പോൾപ്പോലും അങ്ങനെയാകുമെന്ന് ഒരുറപ്പുമില്ല. കാണാമറയത്താകുന്ന കാഴ്ചകൾക്കു ശിക്ഷ ഇല്ലേയില്ല. ഇതായിരുന്നു ഇതുവരെ ഫുട്ബോളിലെ നാട്ടുനടപ്പ്. 2012ലെ യൂറോ കപ്പിൽ പെനൽറ്റി ഏരിയയിൽ ഉണ്ടായ അൻപതിലേറെ ഫൗളുകളിൽ 99 ശതമാനവും ആക്രമിച്ചു കയറിയ ടീമിനെതിരെ ആയിരുന്നു. അതായിരുന്നു റഫറിമാരുടെ തീർപ്പ്.  ഈ ലോകകപ്പോടെ അതു മാറുകയാണ്. ‘മുകളിലൊരാൾ എല്ലാം കാണുന്നു’ എന്ന ചൊല്ല് അന്വർഥമാകുന്നു. 

var-technology

പെനൽറ്റി ബോക്സിൽ ഉണ്ടാകുന്ന ഓരോ ഫൗളിലും റഫറിയുടെ ആദ്യതീരുമാനം, ആവശ്യമെങ്കിൽ പുനർവിചിന്തനത്തിനു വിധേയമാകുന്നു. ശിക്ഷ വേണ്ടെന്നു റഫറി തീരുമാനിച്ചാലും അന്തിമ വിധി അങ്ങനെയാകണമെന്നില്ല. ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു. ഇതു ഫുട്ബോളിനെ അടിമുടി മാറ്റുമോ? സ്കോറിങ്ങിനെ ബാധിക്കും എന്നാണ് ഉത്തരമെങ്കിൽ അതെ, ഇതു ഫുട്ബോളിനെ അടിമുടി മാറ്റുകയാണ്. മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഈ ലോകകപ്പ് വിളിച്ചുപറയുന്നു, മാറ്റിക്കൊണ്ടിരിക്കുന്നു. 

കാൽപന്തുകളിയിൽ മാറ്റങ്ങൾ നിത്യസാധാരണമല്ല. ക്രിക്കറ്റിലുണ്ടായതുപോലെ മാറ്റങ്ങളുടെ ഉരുൾപൊട്ടൽ ഫുട്ബോളിന്റെ ഈ പെരുമഴക്കാലത്തും ഉണ്ടാകുന്നില്ല. ‘ബാക്ക്പാസ്’ ഗോൾ കീപ്പർ കൈകൊണ്ടു തൊടരുത് എന്ന നിയമം ബാധകമാക്കിയത് ഓർക്കുന്നില്ലേ? അന്നും കുറേപ്പേർ എതിർത്തു. കളഞ്ഞൂ, കളിയുടെ സൗന്ദര്യം എന്നു പലരും വിലപിച്ചു, പരാതിപ്പെട്ടു. ഗോൾ കീപ്പർമാർ കൈകൊണ്ടുമാത്രമല്ല, കാലുകൊണ്ടും പന്തുകളിക്കുന്നവരാണെന്ന് ലോകം തിരിച്ചറിഞ്ഞത് അതിനുശേഷമല്ലേ? എല്ലാവർക്കും ഹിഗ്വിറ്റയാകാൻ പറ്റില്ലെങ്കിലും ആക്രമണം തുടങ്ങിവയ്ക്കുന്നതു കാലുകൊണ്ടുകളിക്കുന്ന ഗോളിമാരാണെന്ന് ഇപ്പോൾ ലോകം അംഗീകരിക്കുന്നുണ്ടല്ലോ. ഓഫ്സൈഡ് നിയമങ്ങളിലെ മാറ്റങ്ങളും കളിയുടെ ലോകം എളുപ്പത്തിലങ്ങ് വകവച്ചുകൊടുത്തില്ല എന്നതും സത്യം. 

റഫറിമാരുടെ തീരുമാനം സംബന്ധിച്ച് വെളിച്ചം വീഴേണ്ട ഒട്ടേറെ മേഖലകൾ ഫുട്ബോളിലുണ്ട്. ഉണ്ടായിരുന്നു എന്നതിനു തെളിവ് ഈ ലോകകപ്പ് ഒന്നുമല്ല. നമ്മുടെ കൊച്ചു കേരളത്തിൽത്തന്നെ ക്ലബ് ഫുട്ബോളിലോ സ്കൂൾ, കോളജ് തലങ്ങളിലെ പന്തുകളിയിലോ ഏർപ്പെട്ട ആരും പറയും റഫറീയിങ് എന്നും ചില പാകപ്പിഴകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന്. നാട്ടുഭാഷയിൽ ഒരു വർത്തമാനം തന്നെയുണ്ടല്ലോ, കമ്മിറ്റിക്കാരുടെ (സംഘാടകരുടെ) ഇഷ്ടത്തിനപ്പുറം ഒരു റഫറിയും ‘കളിക്കില്ല’ എന്ന്. അതു പ്രാദേശിക ടൂർണമെന്റ് മുതൽ ലോകകപ്പ് വരെയുണ്ടാകുന്നു എന്നതിന് ഉദാഹരണങ്ങൾ പലതുണ്ട്. ഇതുവായിച്ചു റഫറിമാർ ചുമ്മാ കോപിക്കരുതേ... ഒരു സത്യം പറഞ്ഞു എന്നുമാത്രം.

var-spray

കളി നിയന്ത്രിക്കുമ്പോൾ പെനൽറ്റി ബോക്സിലെ ഫൗളും സ്പോട്ട് കിക്കും മാത്രമാണോ അപാകതകൾക്കു സാധ്യതയുള്ള ഘടകങ്ങൾ? അല്ലേയല്ല. കളിക്കളത്തിന്റെ മറ്റുഭാഗങ്ങളിലുള്ള അനിഷ്ട സംഭവങ്ങളും റഫറി കാണാതെ പോകുന്നുണ്ട്, തന്മൂലം വിധിയെഴുത്ത് നീതിപൂർവമല്ലാതാകുന്നുമുണ്ട്. 2006 ലോകകപ്പ് ഫൈനൽ റൗണ്ടിൽ സിദാൻ മറ്റെരാസിയുടെ നെഞ്ചിൽ തലകൊണ്ടിടിച്ചു വീഴ്ത്തി. സിദാനും ഫ്രഞ്ച് ടീമിനും ‘വധശിക്ഷ’ കിട്ടി. പക്ഷേ മറ്റെരാസി എങ്ങനെയാണു സിദാനെ പ്രകോപിപ്പിച്ചതെന്നു റഫറി കണ്ടില്ല. അഥവാ കാണാനുള്ള അവസരമോ സാങ്കേതിക വിദ്യയോ ഇല്ലായിരുന്നു. 

ഒരിക്കലെങ്കിലും പന്തുകളിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന മറ്റൊരു കാര്യംകൂടി സൂചിപ്പിക്കട്ടെ. ഓഫ്സൈഡ് വിളി. ഇത്രയേറെ അപാകതകൾ വരുന്ന വിധിയെഴുത്ത് മറ്റേതെങ്കിലുമുണ്ടോ? ഇല്ല എന്നു ഞാൻ പറയും. ലൈൻസ്മാൻ പന്തിന്റെയും കളിക്കാരുടെയും കൃത്യമായ നിരയിൽ അല്ലെങ്കിൽ, ലൈൻസ്മാന് സൂക്ഷ്മമായ വിലയിരുത്തലിനു യോജിച്ച ഉയരം ഇല്ലെങ്കിൽ വിധിയെഴുത്തിൽ അപാകത കാണും. തീർച്ച. ഊഹത്തിന്റെ അടിസ്ഥാനത്തിലാവും ഓഫ്സൈഡ് വിളി. ഗോളിനു പാകത്തിലുള്ള നീക്കത്തിന് ഓഫ് വിളിച്ചാലും ശരിക്കും ഓഫ്സൈഡ് ആണെന്നുറച്ച നീക്കത്തിനു കൊടി ഉയർത്താതിരുന്നാലും നീതി നടപ്പാകുന്നില്ല എന്നതുതന്നെയാണ് അനന്തരഫലം. 

എന്തൊക്കെയായാലും വിഎആർ കളത്തിനു പുറത്ത്, അധികം ദൂരെയല്ല, കസേരയിട്ട് ഇരുന്നു കഴിഞ്ഞു. വിധി പുറപ്പെടുവിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇടപെട്ടു തുടങ്ങിയിരിക്കുന്നു. ആദ്യം തോന്നിയ അത്രയ്ക്ക് എതിർപ്പ് ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല. ചില പോസിറ്റീവ് ലക്ഷണങ്ങൾ കാണുന്നുമുണ്ട്. എങ്കിലും കളിയുടെ വേഗം തടസ്സപ്പെടുത്തുന്നതിലുള്ള ആശങ്ക നീങ്ങിയിട്ടില്ല. ഫുട്ബോൾ ഒരുമാതിരി വിഡിയോ ഗെയിം ആയി മാറുമോ എന്ന ആശങ്ക ബാക്കി നിൽക്കുന്നു.  ഇതൊരു കളിപ്രേമിയുടെ ആശങ്കയാണ്. കടുപ്പിച്ച് അഭിപ്രായം പറയേണ്ടതു കളിക്കാരും പരിശീലകരും റഫറിമാരും തന്നെയാണ്. 

അർധസത്യങ്ങൾ തെളിവുകളായി പരിഗണിക്കപ്പെടുന്നതിനേക്കാൾ നല്ലതല്ലേ അവയെ തള്ളുന്നത്? പൂർണസത്യം അവഗണിക്കപ്പെടുന്നതിനേക്കാ‍ൾ മെച്ചമല്ലേ അവ അംഗീകരിക്കപ്പെടുന്നത്? പെനൽറ്റി ബോക്സിലെ ‘ഡൈവിങ്’ എന്ന ഭാവാഭിനയം കുറഞ്ഞതിനു കാരണം വിഎആർ അല്ലേ? കാത്തിരിക്കാം, കളിക്കാരുടെയും പരിശീലകരുടെയും റഫറിമാരുടെയും അഭിപ്രായങ്ങൾക്കായി.