Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കറുത്ത ചിലന്തിയുടെ ഓർമയ്ക്ക്...

വോൾഗയുടെ തീരത്ത് - ദാവൂദ്
Author Details
yashin-diary ലെവ് യാഷിൻ ഭാര്യ വലെന്റീനയോടൊ പ്പം. (ഫയൽ ചിത്രം).

‘‘ഉജ്വലമായ സേവ് ആയിരുന്നു അത്’– മെസ്സി പെനൽറ്റി പാഴാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ മൽസര രാത്രി മോസ്കോയിൽ കണ്ട ഐസ്‌ലൻഡ് ആരാധകൻ പറഞ്ഞു. എല്ലാവരും മെസ്സി പെനൽറ്റി പാഴാക്കിയതിനെക്കുറിച്ചാണു സംസാരിക്കുന്നത്. ഐസ്‍ലൻഡ് ഗോളി ഹാൻസ് ഹാൽദോർസന്റെ സേവിനെക്കുറിച്ച് ആരും പറയുന്നില്ല, പ്രശംസിക്കുന്നില്ല– ഐസ്‌ലൻഡുകാരല്ലാതെ..! 

ആ ഐസ്‌ലൻഡുകാരൻ മനസ്സിലേക്കു തട്ടിത്തന്നതു ഹാർദോർസനെ മാത്രമല്ല. കരിയറിൽ നൂറ്റിയൻപതിലേറെ പെനൽറ്റികൾ രക്ഷപ്പെടുത്തിയ ഒരു ഗോൾകീപ്പറെ കൂടിയാണ്– ലെവ് യാഷിൻ, കറുത്ത ചിലന്തി എന്നറിയപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ വിഖ്യാത ഗോൾകീപ്പർ, ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം നേടിയ ഒരേയൊരു ഗോൾകീപ്പർ.

യാഷിന്റെ വിധവ വാലെന്റിന യാഷിന മോസ്കോയിൽ തന്നെയാണു താമസിക്കുന്നത്. മോസ്കോയിലെത്തിയ ഉടൻ അഭിമുഖത്തിനു റഷ്യൻ മാധ്യമപ്രവർത്തകർ വഴി ശ്രമിച്ചെങ്കിലും നടന്നില്ല. 88 വയസ്സുള്ള അവർ ഇപ്പോൾ ആർക്കും ഇന്റർവ്യൂ നൽകുന്നില്ല.  

റഷ്യയിൽ എൻജിനീയറിങ് വിദ്യാർഥിയായ ദിമിത്രി പോദ്യാപോൾസ്കിയാണു മറ്റൊരു വഴി പറഞ്ഞത്. റഷ്യയിലെ പഴക്കം ചെന്ന മാസികകളിലൊന്നായ ‘റോഡിന’യിൽ (ജന്മനാട് എന്നു മലയാളം) വാലെന്റിനയുടെ അഭിമുഖം വന്നിരുന്നു. ലോകകപ്പിനു മുൻപ് റഷ്യയിലെ ഒരുക്കങ്ങളെക്കുറിച്ച് ‘ദ് വീക്ക്’ വാരികയിൽ എഴുതിയ നിലയിലാണ് ദിമിത്രിയെ പരിചയം.  മാസിക സംഘടിപ്പിച്ചു.  അപൂർവ ചിത്രങ്ങളുമായി അഞ്ചു പേജ് ഇന്റർവ്യൂ. ഒരക്ഷരംപോലും മനസ്സിലായില്ലെങ്കിലും പതിറ്റാണ്ടുകൾ മുൻപുള്ള ഒരു ചരിത്രകാലഘട്ടത്തിലേക്കാണ് ആ ചിത്രങ്ങൾ കൊണ്ടുപോകുന്നത്! 

റഷ്യയിൽ യാഷിൻ ഒരു മനുഷ്യനല്ല; ഒരു നാടോടിക്കഥാപാത്രമാണ്.  സോവിയറ്റ് കാലഘട്ടത്തിലെ ഗൃഹാതുരമായ ഒരോ‍ർമ. 1991ൽ സോവിയറ്റ് യൂണിയൻ തകരുന്നതിന് ഒരു വർഷം മുൻപാണു യാഷിൻ മരണപ്പെടുന്നത്. പക്ഷേ റഷ്യയിലിപ്പോഴും യാഷിൻ ജീവിക്കുന്നു. റഷ്യൻ നഗരങ്ങളിലെല്ലാം യാഷിൻ സ്മാരകങ്ങളുണ്ട്.  

ആൽഫ്രെഡോ ഡിസ്റ്റെഫാനോയുടെ നേതൃത്വത്തിൽ റയൽ മഡ്രിഡ് ക്ലബ് യൂറോപ്പ് അടക്കിഭരിച്ചിരുന്ന അൻപതുകളായിരുന്നു യാഷിന്റെ സുവർണകാലം. യാഷിന്റെ സോവിയറ്റ് യൂണിയനായിരുന്നു അക്കാലത്തെ മികച്ച രാജ്യാന്തര ടീമുകളിലൊന്ന്. 1956 ഒളിംപിക്സിൽ സ്വർണം നേടിയ അവർ 1960ലെ പ്രഥമ യൂറോപ്യൻ ചാംപ്യൻഷിപ്പിലും ജേതാക്കളായി. ഫൈനലിൽ കരുത്തരായ യുഗോസ്ലാവിയയെ തടഞ്ഞിട്ട പ്രകടനത്തോടെ യാഷിന് സോവിയറ്റ് യൂണിയനിൽ അമാനുഷിക പരിവേഷമായി. 

എന്നാൽ 1962 ലോകകപ്പ് യാഷിൻ ഒരു മനുഷ്യനാണെന്നു തെളിയിച്ചു. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ചിലെയോടു തോറ്റ് സോവിയറ്റ് യൂണിയൻ പുറത്തായതോടെ ബലിയാടാക്കപ്പെട്ടതു യാഷിനാണ്. ആ ടൂർണമെന്റിൽ കൊളംബിയയ്ക്കെതിരെ ഒരു ‘ഒളിംപിക് ഗോളും’ (കോർണർ കിക്കിൽനിന്നു നേരിട്ടുള്ള ഗോൾ) വഴങ്ങിയിരുന്നു യാഷിൻ. മോസ്കോയിൽ തിരിച്ചെത്തിയ യാഷിനെ കൂവിയാണ് ആരാധകർ വരവേറ്റത്. 

എന്നാൽ തൊട്ടടുത്ത വർഷം യാഷിൻ തിരിച്ചുവന്നു. വെംബ്ലിയിൽ ഇംഗ്ലണ്ട് ടീമിനെതിരെ കളിച്ച റെസ്റ്റ് ഓഫ് ദ് വേൾഡിന്റെ വല കാത്ത യാഷിൻ ഉജ്വല സേവുകളോടെ ലോകശ്രദ്ധയാകർഷിച്ചു. ആ വർഷം ബലോൻ ദ് ഓർ പുരസ്കാരവും യാഷിനെ തേടിയെത്തി. കടുംനീല ജഴ്സിയും ഷോർട്ടുമിട്ടു കളിച്ച യാഷിന് ‘കറുത്ത ചിലന്തി’ എന്ന വിളിപ്പേരു വീണു. 1966 ലോകകപ്പായിരുന്നു യാഷിന്റെ ഏറ്റവും മികച്ച ലോകകപ്പ്. സോവിയറ്റ് യൂണിയൻ നാലാമതെത്തി. 

41–ാം വയസ്സിലാണു യാഷിൻ വിരമിക്കുന്നത്. 1971ൽ യാഷിന്റെ അവസാന മൽസരം ലുഷ്നികി സ്റ്റേഡിയത്തിൽ നടന്നപ്പോൾ പെലെ, ബെക്കൻബോവർ, യുസേബിയോ തുടങ്ങിയ ഇതിഹാസതാരങ്ങളാണു പങ്കെടുത്തത്. ഒരുലക്ഷത്തോളം കാണികളും. റഷ്യ–സൗദി അറേബ്യ മൽസരം കാണാൻ ലുഷ്നികിയിൽ പോയപ്പോൾ ഒരു റഷ്യൻ പത്രപ്രവർത്തകൻ പറഞ്ഞ വാക്കുകളാണ് ഓർമവന്നത്. ‘‘യാഷിൻ ഇപ്പോൾ കളിച്ചാലും ആ ഒരു ലക്ഷം പേർ ഇവിടെയുണ്ടാകും..’’!