Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൽജിയം താരം ഫെല്ലിനിയുടെ മലയാളി (ഇസ്രയേൽ–മട്ടാഞ്ചേരി വഴി) ആരാധകൻ!

ദാവൂദ്
Author Details
ഷാക്കെദ് ഷാക്കെദ് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിനു പുറത്ത്.

ഫ്രാൻസ്–ബൽജിയം മൽസരത്തിനു മുൻപാണ് ആ ബൽജിയൻ ആരാധകസംഘത്തെ കണ്ടത്. ബൽജിയൻ മിഡ്ഫീൽഡർ മൗറെയ്ൻ ഫെല്ലിനിയെ അനുകരിച്ചു തലയിൽ കിളിക്കൂട് പോലെ മുടിയും വച്ച് അഞ്ചാറുപേർ. ‘മർവാൻ, മർവാൻ’ എന്നു പറഞ്ഞ് കൂനിക്കൂടി, മന്ദതാളത്തിലുള്ള ഡാൻസ് ആണ് അവരുടെ പ്രത്യേകത. മനോരമ ന്യൂസ് ടിവിക്കു വേണ്ടി അവരെ ഷൂട്ട് ചെയ്യുന്നതിനിടെ ഇങ്ങോട്ട് ഒരു ചോദ്യം?– നിങ്ങൾക്കു മലയാളം അറിയാമോ..? 

റഷ്യയിലെത്തിയതിനുശേഷം ഇതുപോലെ ഞെട്ടിയിട്ടില്ല. ബൽജിയത്തിന്റെ ഒരു ആരാധകൻ മലയാളം പറയുന്നു! 

ഷാക്കെദ് പക്ഷേ ബൽജിയംകാരനല്ല. മലയാളിയുമല്ല. ഇസ്രയേലുകാരനാണ്. അപ്പോൾ കേരള ബന്ധം? അതു മട്ടാഞ്ചേരി വഴി തന്നെ. ഷാക്കെദിന്റെ മുത്തച്ഛനും മുത്തശ്ശിയും മട്ടാഞ്ചേരിയിലെ കുടിയേറ്റക്കാരായിരുന്നു. പേനയും പേപ്പറുമെടുത്തപ്പോഴേക്കും ഷാകെദ് പോകാൻ തിടുക്കം കൂട്ടി. ഒപ്പമുള്ള ‘ഫെല്ലിനിമാർ’ അപ്പോഴേക്കും അകലെയെത്തിയിരുന്നു. മനസ്സില്ലാ മനസ്സോടെ, ഓകെ പറയേണ്ടിവന്നു. തലയിൽ കിളിക്കൂടും വച്ച് ആ ‘വാർത്ത’ പോകുന്നതും നോക്കി ഞാൻ നിന്നു. ഒരു പടം എടുത്തത് ഭാഗ്യം! 

ഫ്രാൻസ്–ബല്‍ജിയം മൽസരം വിഡിയോ സ്റ്റോറി കാണാം

ഷാകെദിനെയും കൂട്ടരെയും പോലെ ഒറ്റപ്പെട്ട ആരാധക സംഘങ്ങളെ ഒഴിച്ചുനിർത്തിയാൽ‌ ഫ്രാൻസ് – ബൽജിയം കളിക്ക് ആവേശം കുറവായിരുന്നു. അല്ലെങ്കിലും ഓളമുണ്ടാക്കുന്നതിൽ യൂറോപ്യന്മാർ പോരാ. ലാറ്റിനമേരിക്കക്കാരാണ് അതിന്റെ ആശാന്മാർ. അവർ പുറത്തായതോടെ ആരാധകരുടെ ലോകകപ്പ് കഴിഞ്ഞു. 

ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച ബൽജിയമാണു ഗാലറിക്ക് കുറച്ചെങ്കിലും ആവേശം നൽകിയത്. ‘ഇപ്പോൾ വീഴും ഗോൾ’ എന്ന പ്രതീക്ഷയിൽ ബൽജിയൻ ആരാധകർ ടീമിന്റെ ഓരോനീക്കങ്ങൾക്കും ആർപ്പുവിളിച്ചു. അവസാനം ഇടവേളയായപ്പോഴേക്കും അവർക്കും മടുത്തുപോയെന്നു തോന്നുന്നു. തൊട്ടുപിന്നാലെ ഫ്രാൻസിന്റെ ഗോൾ വന്നതോടെ കളി ചത്തു. ചടങ്ങു തീർക്കൽ മാത്രമായി പിന്നെ. 

കളി കഴിഞ്ഞു മടങ്ങുമ്പോൾ, മെട്രോ ട്രെയിനിൽ ഒരു ബൽജിയൻ ദമ്പതികളെ കണ്ടു. കടുത്ത നിരാശ ഇരുവരുടെയും മുഖത്തുമുണ്ട്. പക്ഷേ, അതു മറച്ചുവയ്ക്കാനുള്ള വൃഥാശ്രമം കാണാം. അതു ബൽജിയത്തിന്റെ മൊത്തം ഭാവമായിരുന്നു...!