Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോക്കർ ചക്രവർത്തിമാർക്ക് പ്രതിരോധപ്പൂട്ടിട്ട് റഷ്യൻ വിപ്ലവം - വിഡിയോ

എ.ഹരിപ്രസാദ്
muller-messi-neymar-iniesta തോമസ് മുള്ളർ, ലയണൽ മെസ്സി, നെയ്മർ, ഇനിയേസ്റ്റ

ലുഷ്നികി സ്റ്റേ‍ഡിയത്തിലെ കലാശപ്പോരാട്ടം ലക്ഷ്യമിട്ടെത്തിയ സോക്കർ ചക്രവർത്തിമാരെ പിടിച്ചുകുലുക്കിയിരിക്കുകയാണു വിപ്ലവറഷ്യയുടെ ലോകകപ്പ്. സൂപ്പർ താരങ്ങളും മെഗാ പ്രതീക്ഷകളും നിറഞ്ഞ ‘ഫേവറിറ്റ്’ സംഘങ്ങളെല്ലാം ആദ്യമൽസരത്തിൽ വിയർത്തും വിറച്ചും വിഷമിച്ചുമാണു കളംവിട്ടത്. ലോകഫുട്ബോളിലെ കൊട്ടാരക്കെട്ടുകൾ തകർത്തുള്ള ചെറുടീമുകളുടെ ആളിക്കത്തലിൽ വാടിത്തളർന്നവരിൽ നിലവിലെ ജേതാക്കളായ ജർമനി തന്നെ തലപ്പത്ത്.

മെക്സിക്കോയ്ക്കെതിരെ ജർമനി പരാജയത്തിന്റെ കയ്പ് നുകർന്നപ്പോൾ അർജന്റീനയും ബ്രസീലും പരാജയത്തോളം പോന്ന സമനിലക്കുരുക്കിൽ വീണു. സ്പെയിനും റൊണാൾഡോയും മാത്രമായി ഒതുങ്ങിയ പോരാട്ടത്തിൽ മുൻജേതാക്കളുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. വിജയം നേടിയെങ്കിലും ഫ്രാൻസിന്റെ മടക്കവും തിളക്കം മങ്ങിത്തന്നെ. 

∙ മെക്സിക്കോയുടെ ജർമൻ വിഭജനം

റഷ്യ ഇതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ ഞെട്ടൽ മോസ്കോയിൽ ജർമനിയെ തേടിയെത്തിയതാണ്. കോൺകകാഫ് മേഖലയിൽ നിന്നെത്തുന്ന സുസ്ഥിര ടീമെന്ന വിശേഷണം ചേരുന്ന മെക്സിക്കോയുടെ ഏകഗോളിൽ നിലവിലെ ചാംപ്യൻമാരുടെ ആത്മവിശ്വാസം കൂടിയാണു വീണുടഞ്ഞത്. തോൽവിയെക്കാളേറെ ആരാധകരെ ഞെട്ടിപ്പിച്ചിട്ടുള്ളതു കളത്തിലെ ജർമൻ താരങ്ങളുടെ പ്രകടനമാകും. ജർമൻ മധ്യത്തിൽ ആളേയില്ലെന്നു തോന്നിപ്പിച്ചു ഒന്നാം പകുതി.ക്രൂസും ഓസിലും ഖെദീരയും പതിവില്ലാത്തവിധം നിറംമങ്ങിയപ്പോൾ മറുഭാഗത്തു കൗണ്ടർ അറ്റാക്കിങ്ങിന്റെ അതിവേഗപ്പാച്ചിലിലായിരുന്നു മെക്സിക്കോ. ആ വേഗത്തിനൊപ്പം നീങ്ങാൻ കഴിയാത്ത ജർമൻ പ്രതിരോധത്തിന്റെ പിടിപ്പുകേടും വെളിവാക്കി ഈ മൽസരം.

പ്രഥമദൗത്യം മറന്നു മുന്നേറ്റത്തിനു ശ്രമിച്ച കിമ്മിച്ചും സംഘവും തുറന്നിട്ട പഴുതുകൾ മുതലാക്കിയ മെക്സിക്കോ പക്ഷേ ഗോൾ നേടിയ ശേഷം അടവ് മാറ്റി. രണ്ടാം പകുതിയിൽ എല്ലാ കണ്ണും പ്രതിരോധത്തിൽ വച്ച മെക്സിക്കോയുടെ തന്ത്രം പൊളിച്ചു ഗോളിലെത്താനുള്ള മുന ജർമൻ മുന്നേറ്റത്തിലും കണ്ടില്ല. മൂർച്ചയേറിയ ഷോട്ടുകൾ പിറന്നപ്പോഴെല്ലാം ഒച്ചോവയെന്ന നീരാളിഗോളി തടസവുമായി. കൃത്യമായ ഇടവേളകളിലെന്നോണം പന്തുമായി മുന്നേറിയെങ്കിലും മെക്സിക്കോയ്ക്കും ഫിനിഷിങ് തിരിച്ചടിയായി. 

∙ ഉത്തരം കിട്ടാതെ അർജന്റീന

അർജന്റീനയ്ക്കെതിരെ ഐസ്‌ലൻഡ് എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യത്തിന്റെ നടുവിലേയ്ക്കായിരുന്നു സ്പാർടക് സ്റ്റേഡിയത്തിലെ മൽസരത്തിന്റെ കിക്കോഫ്. പ്രതിരോധവും പൊസെഷനും ആവശ്യത്തിലേറെ പ്രയോഗിക്കപ്പെട്ട മൽസരം പക്ഷേ അർജന്റീനയ്ക്ക് ആശങ്കകളുടേതായി. പത്തൊൻപതാം മിനിട്ടിൽ തന്നെ സ്കോറിങ് തുടങ്ങിയ അർജന്റീനയ്ക്കെതിരെ വേഗം തന്നെ സമനില വീണ്ടെടുക്കാൻ കഴിഞ്ഞ ഐസ്‌ലൻഡ് പതിയെ തന്ത്രം മാറ്റിപ്പിടിച്ചു. സമനില തന്നെ വിജയമെന്നു കണക്കുകൂട്ടിയ നവാഗതർ ക്ലബ് ഫുട്ബോളിൽ പയറ്റിത്തെളിഞ്ഞ ‘ബസ് പാർക്കിങ്’ തന്ത്രം പിന്തുടർന്നതോടെ അർജന്റീനയുടെ ഗോൾ വഴികളടഞ്ഞു. ബോക്സിലെ ആൾക്കൂട്ടം ഭേദിച്ചു മുന്നേറാൻ കടുത്ത മാർക്കിങ് വലയത്തിൽ കളിച്ച ലയണൽ മെസ്സിക്കു പോലും കഴിഞ്ഞില്ല.

ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡ് ബോൾ പൊസെഷൻ നേടിയിട്ടും ഒന്നും ചെയ്യാനാവാത്ത നിസഹായസ്ഥിതിയിൽ വീർപ്പുമുട്ടി അർജന്റീന. ഒടുവിൽ ഒരു പെനൽറ്റിയുടെ ആനുകൂല്യവും കളഞ്ഞുപോയതോടെ മെസ്സിക്കും സംഘത്തിനും തോൽവിക്കൊത്ത സമനിലയായി ആദ്യമൽസരം. ഗോളടിക്കാനാവാത്തതു മാത്രമല്ല,  മധ്യനിരയിലെ ആൾക്ഷാമവും പിൻനിരയുടെ ദൗർബല്യവും കൂടി വെളിവാക്കുന്നുണ്ട് ഐസ്‌ലൻ‌‍ഡിന്റെ വെല്ലുവിളി. ഐസ്‌ലൻഡിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങളെല്ലാം തന്നെ ഗോൾ ഭീഷണി സൃഷ്ടിച്ചതു നീലപ്പടയ്ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

∙ ഉയിർത്തെഴുന്നേൽക്കാതെ ബ്രസീൽ

ഇതിനു മുൻപു കളിച്ച രണ്ടു ലോകകപ്പ് മൽസരങ്ങളിൽ നിന്നു 10 ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നു കര കയറാൻ വന്നതാണു ബ്രസീൽ. ലോകകപ്പിലെ അരങ്ങേറ്റ മൽസരങ്ങൾ അടക്കിവാഴുന്ന ശീലം പക്ഷേ പാതിവഴിയിൽ ഉപേക്ഷിക്കുന്ന ബ്രസീലിനെയാണ് റോസ്റ്റോവിൽ സ്വിറ്റ്സർലൻഡിനെതിരെ കണ്ടത്. കിക്കോഫ് മുതൽ ആക്രമിക്കാൻ തുനിഞ്ഞ ബ്രസീൽ കുടിഞ്ഞോയുടെ തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലീഡും നേടിയ ശേഷമാണ് മൽസരം കൈവിട്ടുകളഞ്ഞത്. ബ്രസീലിയൻ ഗോളിൽ ഉണർന്നതു സ്വിസ് സംഘമാണ്. തളരാതെ തിരിച്ചടിക്കാൻ ശ്രമിച്ച്, സ്വന്തം പാതി സംഘടിതമായി ശ്രദ്ധിച്ച് സ്വിസ് താരങ്ങൾ മൽസരത്തിലേയ്ക്കു തിരിച്ചെത്തി.

ലോകത്തേറ്റവും വിലയേറിയ താരമായി ലോകകപ്പിനെത്തിയ നെയ്‌മറെ പൂട്ടുന്നതിൽ വിജയിച്ചതോടെ ബ്രസീലിയൻ മുന്നേറ്റങ്ങളുടെ മുന തന്നെയാണ് ഒടിഞ്ഞു വീണത്.  ഇതിനിടെ സ്റ്റീവൻ സൂബറുടെ ക്ലിനിക്കൽ ഹെഡ്ഡറിലൂടെ സ്വിസ് സമനിലയും കണ്ടു. സബ്സ്റ്റിറ്റ്യൂഷനിലൂടെ ബ്രസീൽ ആക്രമണത്തിനു മൂർ‌ച്ച തേടിയെങ്കിലും കരളുറപ്പുള്ള സ്വിസ് പ്രതിരോധം തെല്ലും അയഞ്ഞില്ല. മറുവശത്തു ബ്രസീൽ പ്രതിരോധത്തിന്റെ ഭദ്രതയ്ക്കു നേർക്കും നിരവധി ചോദ്യങ്ങളെറിയുന്നുണ്ട് സമനിലയിൽ കുരുങ്ങിയ മൽസരം.

∙ പകച്ചു പോയ സ്പാനിഷ് പ്ലാൻ

റഷ്യൻ ലോകകപ്പിലെ ആദ്യത്തെ സൂപ്പർ പോരാട്ടമെന്ന ഖ്യാതിയോടെയാണു യൂറോപ്യൻ വമ്പൻമാരായ സ്പെയിനും പോർചുഗലും സോച്ചിയിൽ കളിക്കാനിറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ലോകകപ്പ് സാക്ഷ്യം വഹിച്ച എക്കാലത്തെയും മികച്ച മൽസരങ്ങളിലൊന്നായി ആറു ഗോളുകൾ പിറന്ന സമനിലപ്പോര്. ടിക്കി ടാക്ക ശൈലിയിൽ ചെറുപാസുകൾ തീർത്ത സ്പെയിനിനെതിരെ പോർചുഗലിന്റെ കൗണ്ടർ അറ്റാക്കിങ് വിജയം വരിച്ചെന്നു പറയാവുന്ന പോരാട്ടത്തിലെ നായകൻ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ.

റൊണാൾഡോ കൊടുങ്കാറ്റിൽ കടപുഴകാതെ രണ്ടു വട്ടം തിരിച്ചടിച്ചതും ലീഡ് പിടിച്ചതും സ്പെയിന്റെ പ്ലസ്. അതേസമയം മൂന്നു ഗോളുകളും ‘ഒരുക്കിക്കൊടുത്ത’ സ്പാനിഷ് താരങ്ങൾ തന്നെയാണ് അവർക്കു മൽസരത്തിൽ തലവേദനയായതും; ടൂർണമെന്റിൽ ആശങ്കയാകുന്നതും. നാചോയുടെ പിഴവിൽ പിറന്ന പെനൽറ്റിയും ഗോളി ഡി ഗിയയുടെ അബദ്ധവും പിക്വെയുടെ അനാവശ്യ ഫൗളും ചേർന്നപ്പോൾ കളം അടക്കി ഭരിച്ച ശേഷമൊരു മൽസരം സ്പെയിൻ കൈവിട്ട ഫലം തെളിഞ്ഞു സ്കോർബോർഡിൽ.  

∙ വിഎആറിൽ രക്ഷപ്പെട്ട് ഫ്രാൻസ്

വിഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനു സ്തുതി. അല്ലാത്തപക്ഷം അപ്രതീക്ഷിത തിരിച്ചടിയുമായി ലോകകപ്പ് തുടങ്ങിയ കിരീടമോഹികളുടെ കൂട്ടത്തിൽ ഫ്രാൻസിന്റെ പേരും വന്നുവീണേനെ. ഓസ്ട്രേലിയ അമ്പരപ്പിച്ച മൽസരത്തിൽ 2–1 നാണു ഫ്രഞ്ച് പട രക്ഷപ്പെട്ടത്. പിടിവള്ളിയായത് ഒരു സെൽഫ് ഗോളും പെനൽറ്റിയും. കളി ജയിച്ചു, തന്ത്രം തോറ്റു എന്നു പറയാവുന്ന അവസ്ഥയിലാണ് ദെഷാമും കൂട്ടരും കസാൻ അരീനയിൽ നിന്നു മടങ്ങിയത്.

ഓസ്ട്രേലിയ പോലെ ഒഴുക്കൻ ഫുട്ബോൾ കളിക്കുന്നൊരു ടീമിനെതിരെ ഗ്രീസ്മെനെയും എംബാപ്പെയെയും ഡെംബലെയെയും ഒരുമിച്ചിറക്കി ദെഷാം നടത്തിയ പുതുപരീക്ഷണം  പാളിപ്പോയി. കളിച്ചു ജയിച്ചു ശീലിച്ച പതിവു ഫോർമേഷൻ വിട്ടു പുതുവഴി തേടിയ ടീം മാനേജ്മെന്റിന്റെ പദ്ധതികൾ കളത്തിൽ നടപ്പായില്ല. വ്യക്തമായൊരു ഗെയിം പ്ലാനില്ലാത്ത മട്ടിൽ നീങ്ങിയ ഫ്രാൻസ് ഡിഫൻസിൽ ഉംറ്റിറ്റി കാട്ടിയ അബദ്ധം കൂടിയായതോടെ ആടിയുലഞ്ഞു. ഒടുവിൽ‌ വിഎആർ വഴിയൊരുക്കിയ പെനൽറ്റിയുടെ രൂപത്തിൽ വിജയവും അതിലേറെ ആശ്വാസവും.