Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലും ഹലാ മഡ്രിഡ്; ലോകകപ്പിൽ തിളങ്ങി മാജിക്കൽ ‘റയലിസം’

എ.ഹരിപ്രസാദ്
real-players-russia-wc

ഇതു ലോകകപ്പിന്റേതാണോ അതോ യുവേഫ ചാംപ്യൻസ് ലീഗിന്റേതാണോ? റഷ്യൻ ലോകകപ്പിലെ മിന്നും താരങ്ങളുടെ കളിക്കണക്കുകളിലൂടൊന്നു കണ്ണോടിച്ചാൽ ആരും ഒന്നു സംശയിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ നാച്ചോ വരെ നീളുന്ന താരങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് നോക്കി ചാംപ്യൻസ് ലീഗിലേയ്ക്കു മനസ് വഴുതുന്നവരെ കുറ്റം പറയാനുമാകില്ല.

ഒരു വെള്ളക്കുപ്പായവും അണിഞ്ഞ് അവരെ കീഴടക്കിയ ഒരു കൂട്ടം താരങ്ങളുടെ ആളിക്കത്തലായിരിക്കുകയാണ് റഷ്യൻ ലോകകപ്പ്. റഷ്യയുടെ ഈ വിപ്ലവത്തിലെ പോരാളികൾ റയൽ മഡ്രിഡിന്റെ താരങ്ങളാണ്. സാന്റിയാഗോ ബെർണബ്യൂവിലെ നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചത്തിലാണു പോർച്ചുഗലും സ്പെയിനും ക്രൊയേഷ്യയും പോലുള്ള ടീമുകളുടെ ലോകകപ്പ് മുന്നേറ്റം.

∙ നായകൻ റൊണാൾഡോ

റയലിന്റെ വിലാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നു തുടങ്ങുന്ന റഷ്യയിലെ ഹലാ മഡ്രിഡ് തരംഗം. ഒരു ഹാട്രിക്ക് അടക്കം മൂന്നു മൽസരങ്ങളിൽ നിന്നായി നാലു ഗോളുകളുമായാണ് റോണോ ലോകകപ്പ് വാഴുന്നത്. ഇംഗ്ലിഷ് താരം ഹാരി കെയ്നിന്റെ തകർപ്പൻ പ്രകടനം വരെ ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നുവെന്നതു മാത്രമല്ല റൊണാൾഡോയുടെ തിളക്കം. ശരാശരിയെന്നു മാത്രം പറയാവുന്നൊരു പോർചുഗൽ ടീമിനെ ഒറ്റയ്ക്കു മുന്നോട്ടുനയിക്കുകയാണു ക്രിസ്റ്റ്യാനോയുടെ ഹീറോയിസം.

അർജന്റീന– നൈജീരിയ മൽസരം, വിഡിയോ സ്റ്റോറി കാണാം

ലാലിഗയുടെ സ്വന്തം സ്പാനിഷ് ടീമിനെതിരെയാണു റൊണാൾഡോ വിശ്വരൂപം കാട്ടിയതും. ആദ്യ രണ്ടു കളികളിലും മാൻ ഓഫ് ദ് മാച്ചും സിആർ–7 തന്നെ. റൊണാൾഡോയുടെ പടയോട്ടത്തിനിടെ സ്പെയിനിന്റെ തോൽവി തടഞ്ഞുനിർത്തിയതും റയലിന്റെ തന്നെ താരമായ നാച്ചോയുടെ ഗോളാണ്. കരിയറിനെതിരെ വിധിയെഴുതിയ പ്രമേഹരോഗത്തെ കീഴടക്കിയ നിശ്ചയദാർഢ്യത്തിനുള്ള  മധുരസമ്മാനമായാണു ലോകം നാച്ചോയുടെ ഗോൾ ആഘോഷിച്ചത്. 

∙ മിഡ്ഫീൽഡ് റയലിസം

റയലിന്റെ മധ്യനിരയുടേതാണ് ഈ ലോകകപ്പ്. ലൂക്കാ മോഡ്രിച്ച് തന്നെ അതിലെ നായകൻ. ക്രൊയേഷ്യയുടെ നായകൻ കൂടിയായ മോഡ്രിച്ചിന്റെ സൂപ്പർ പ്രകടനത്തിന്റെ ചിറകിലാണു ക്രൊയേഷ്യ ഗ്രൂപ്പ് ഘട്ടത്തിലെ മൽസരങ്ങളെല്ലാം പാട്ടും പാടി ജയിച്ചുകയറിയത്. ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും കലർന്ന ജഴ്സിയഞ്ഞു മിഡ്‌ഫീൽഡിലെ കളിയൊരുക്കത്തിൽ മാത്രമൊതുങ്ങിനിൽക്കുകയല്ല  മോഡ്രിച്ച്. ഗ്രൂപ്പ് ഡിയിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അർജന്റീനയ്ക്കെതിരായ മൽസരത്തിൽ ടീമിന്റെ വിജയം ഉറപ്പിച്ചൊരു ലോങ് റേഞ്ചർ ഗോളും തൊടുത്തു ഈ മിഡ്‌ഫീൽഡ് ജനറൽ. രണ്ടു മൽസരവും ജയിച്ചു ക്രൊയേഷ്യ പ്രീ ക്വാർട്ടർ ഉറപ്പിക്കുമ്പോൾ കളിയിലെ നായകനുള്ള പുരസ്കാരവും മോഡ്രിച്ചിനെത്തേടിയെത്തി.

സ്പെയിൻ– മൊറോക്കോ മൽസരം, വിഡിയോ സ്റ്റോറി കാണാം

റയലിന്റെ ചാംപ്യൻസ് നിരയിലെ മോഡ്രിച്ചിന്റെ സഹതാരം ടോണി ക്രൂസും ജർമനിക്കു വേണ്ടി അരങ്ങ് വാഴുന്നുണ്ട് ഈ ലോകകപ്പിൽ. മെക്സിക്കോയ്ക്കെതിരായ അട്ടിമറിത്തോൽവിയിൽ ഒന്നാം പകുതിയിലെ നിരാശകളിലൊന്നായെങ്കിലും ക്രൂസ് വൈകാതെ തന്നെ താളം വീണ്ടെടുത്തു. രണ്ടാം റൗണ്ട് മൽസ‌രങ്ങളിലെ താരവും ക്രൂസ് തന്നെ.

സ്വീഡൻ ഒരുക്കിയ കെണിയിൽ വീണ് ലോകകപ്പിലെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി മാറിയ നിലവിലെ ജേതാക്കളുടെ വിധി മാറ്റിയെഴുതി ക്രൂസിന്റെ കിടിലൻ ലോങ് റേഞ്ചർ. ലോങ് വിസിൽ മുഴങ്ങാൻ ഏതാനും സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേയാണു റയലിന്റെ വിശ്വസ്തനായ ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ മിസൈൽ ഷോട്ട് സ്വീഡിഷ് വല കുലുക്കിയത്. 

∙ പാസിങ് മഡ്രിഡ്

പോർച്ചുഗൽ– മൊറോക്കോ മൽസരം , വിഡിയോ സ്റ്റോറി കാണാം

പ്രതിരോധതന്ത്രങ്ങളുടെ ഉരകല്ലായി മാറിക്കഴിഞ്ഞ ലോകകപ്പിൽ ക്ലബിനു വേണ്ടി പുറത്തെടുക്കുന്ന അതേ മികവ് ആവർത്തിക്കാനും റയലിന്റെ താരങ്ങൾക്കായി. ചെറുപാസുകളുമായി കളം കീഴടക്കുന്ന സ്പാനിഷ് ടീമിന്റെ മധ്യത്തിൽ റയലിന്റെ ഇസ്കോ പടനായകനായി ഉയരുന്നതിനും റഷ്യ സാക്ഷിയായി. ഡേവിഡ് സിൽവയെയും മറ്റും മറികടന്നു കോച്ച് ഫെർണാൻഡോ ഹിയറോയുടെ പ്ലേമേക്കർ ആയി മാറിയിരിക്കുകയാണു രണ്ടു കളികളിൽ നിന്നു 261 പാസുകൾ പൂർത്തിയാക്കിയ യുവതാരം. റയലിന്റെ പാസിങ് ഗെയിമിൽ 242 പാസുകൾ ലക്ഷ്യത്തിലെത്തിച്ച ടോണി ക്രൂസാണ് തൊട്ടുപിന്നിൽ.

ബ്രസീലിനു വേണ്ടി കളിക്കുന്ന മാഴ്സലോയും (240 പാസുകൾ)  സ്പാനിഷ് നായകൻ സെർജിയോ റാമോസും (231 പാസുകൾ) തൊട്ടുപിന്നിലുണ്ട്. പ്രതിരോധത്തിലും വിങ്ങുകളിലൂടെ മുന്നേറുന്നതിലും പണ്ടേ പേരെടുത്ത മാഴ്സലോയുടെ പുതിയ അവതാരവും ലോകകപ്പ് കണ്ടുകൊണ്ടിരിക്കുകയാണ്. എതിരാളികളുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചു പന്ത് വീണ്ടെടുക്കുന്നതിൽ അസാധാരണ മികവ് കാട്ടുന്നുണ്ട് ഇപ്പോൾ ബ്രസീൽ താരം. ഇക്കാര്യത്തിലെ വിദഗ്ധനായ ഫ്രാൻസിന്റെ മിഡ്‌ഫീൽഡ് എൻജിൻ എൻഗോളെ കാന്റെ പോലും റഷ്യയിൽ മാഴ്സെലോയ്ക്കു പിന്നിലേയുള്ളൂ. രണ്ടു കളികളിൽ നിന്നായി 26 തവണയാണു മാഴ്സെലോ സ്വിസ്, കോസ്റ്ററിക്ക താരങ്ങളിൽ നിന്നു പന്ത് തിരിച്ചുപിടിച്ചത് 

∙ കെയ്‍ലർ റോക്ക്സ്

റയലിനു യുവേഫ ചാംപ്യൻസ് ലീഗ് കിരീടം സമ്മാനിച്ച കൈകളും റഷ്യയിൽ വിശ്രമമില്ലാതെ മിന്നിത്തിളങ്ങുന്നുണ്ട്. റയലിന്റെ വലയ്ക്കു കീഴിലുള്ളതിനെക്കാൾ വിശാലമാണ് കോസ്റ്ററിക്കയ്ക്കു വേണ്ടി കെയ്‌ലർ നവാസ് പുറത്തെടുക്കുന്ന പ്രകടനം. ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും എതിരാളികളെ വല്ലാതെ വലച്ചുകളഞ്ഞു കോസ്റ്ററിക്കൻ വല കാത്ത നവാസിന്റെ മികവ്. ബ്രസീലിയൻ താരങ്ങളെ തൊണ്ണൂറു മിനിറ്റും തടുത്തുനിർത്തിയ ഈ ഗോൾകീപ്പറുടെ പേരിൽ രണ്ടു മൽസരങ്ങളിലായി എട്ടു സേവുകളാണുള്ളത്.

കൈനിറയെ കാശുമായി ലോകകപ്പിലെ തിളങ്ങും താരങ്ങളെ വാങ്ങാൻ നോക്കിയിരിക്കുന്ന റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ പദ്ധതികളെല്ലാം പൊളിഞ്ഞെന്ന ട്രോളുകളുമായി ഈ ലോകകപ്പ് ആഘോഷിക്കുകയാണ് ലോസ് ബ്ലാങ്കോസ് ആരാധകർ. റൊണാൾഡോയും മോഡ്രിച്ചും പോലുള്ള പ്രിയതാരങ്ങൾ മാത്രമല്ല, റയലിന്റെ രക്തം തന്നെയൊഴുകുന്ന കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസും റഷ്യയുടെ ദിമിത്രി ചെറിഷേവുമെല്ലാം മിന്നുന്ന പ്രകടനങ്ങളുമായി ആരാധകരുടെ മനം നിറയ്ക്കുന്നുണ്ട്.