Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 വർഷം കൂടുമ്പോൾ പുതിയ ചാംപ്യൻ; 1958- ബ്രസീൽ, 1978- അർജന്റീന, 1998- ഫ്രാൻസ്, 2018- ?

എ. ഹരിപ്രസാദ്
croatia-1998 1998 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യൻ ടീം

ഗൊരാൻ ഇവാനിസേവിച്ചിന്റെ എയ്സുകളിൽ ലോകം ക്രൊയേഷ്യയെ തിരിച്ചറിഞ്ഞ നാളുകൾ. വിമ്പിൾഡണിന്റെ പുൽപ്പരപ്പിൽ ഗൊരാൻ കിരീടം ഉയർത്തുമെന്ന പ്രതീക്ഷകളുടെ ഇടനാഴികളിലൂടെയായിരുന്നു ഇരുപതു വർഷം മുൻപു ക്രൊയേഷ്യയുടെ ലോകകപ്പ് അരങ്ങേറ്റം. മറഡോണ യുഗം കഴിഞ്ഞെത്തുന്ന അർജന്റീനയുടെ കെട്ടുകാഴ്ചകൾക്കിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതൊരു കൊച്ചുടീമായി അവർ ഫ്രാൻസിൽ കളിക്കാൻ ഇറങ്ങി. പിന്നെയെല്ലാം ചരിത്രമാണ്. ലോകകപ്പ് കണ്ട ഏറ്റവും വലിയ വിജയ വിസ്മയത്തിനു നിറക്കൂട്ട് ഒരുക്കി,  മൂന്നാം സ്ഥാനത്തിന്റെ ചെങ്കോലുേമന്തിയാണു  ബാൾക്കൻ ടീം അന്നു മടങ്ങിയത്.

അഡ്രിയാറ്റിക് കടലോരത്ത് ഒരു ചുവന്ന പൊട്ടു പോലെ കിടക്കുന്ന കൊച്ചുക്രൊയേഷ്യയ്ക്കു രാഷ്ട്രപ്പിറവിയുടെ ഏഴാം പിറന്നാളിനു കിട്ടിയ വലിയ സമ്മാനം. ദിദിയെ ദെഷാമിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് സൈന്യം ചരിത്രത്തിലെ ആദ്യലോകകിരീടം ഏറ്റുവാങ്ങുമ്പോഴും  കളിയെ പ്രണയിക്കുന്നവരുടെ മനസിൽ തെളിഞ്ഞുനിന്നതു സ്വോനിമിർ ബോബൻ നയിച്ച ക്രൊയേഷ്യയുടെ ആ പടയോട്ടമാണ്. രണ്ടു ദശകത്തിനിപ്പുറം റഷ്യയുടെ വിപ്ലവമണ്ണിൽ വീണ്ടും ഒരു ലോകകപ്പിനായെത്തുമ്പോഴും  ക്യാപ്റ്റൻ ബോബന്റെയും സൂക്കറിന്റെയും അട്ടിമറി സ്മരണകൾ തന്നെയായിരുന്നു ക്രൊയേഷ്യയുടെ വിലാസം. 

ബോബന്റെ സുവർണസംഘം

കളിയുടെ ഒഴുക്കിനെതിരെയൊരു ഗോൾ വീഴുന്നതു പോലാണ് സ്വോനിമിർ ബോബനും സംഘവും ലോകത്തിന്റെ ശ്രദ്ധ കവർന്നെടുത്തത്. അരങ്ങേറ്റക്കാരെന്ന മേലങ്കിയില്ലാതെയായിരുന്നു കളത്തിൽ ക്രോട്ടുകളുടെ ആധിപത്യം. ഗൊരാൻ തൊടുക്കുന്ന എയ്സുകളെ വെല്ലുന്ന വേഗത്തിൽ ചുവപ്പും വെളുപ്പും കളങ്ങൾ നിറ‍ഞ്ഞ കുപ്പായധാരികൾ ഫ്രാൻസിന്റെ മൈതാനവും മനവും കീഴടക്കി. കന്നിയങ്കത്തിൽത്തന്നെ ജമൈക്കയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു വീഴ്ത്തിയ വമ്പൻ പ്രകടനത്തിലൂടെ ക്രൊയേഷ്യ ലോകവേദിയിലെ വരവ് വിളിച്ചറിയിച്ചു. രണ്ടാമങ്കം ഏഷ്യയുടെ പ്രതിനിധികളായ ജപ്പാനെതിരെ. സ്കോറിൽ മാത്രമേയുണ്ടായിരുന്നുള്ളൂ  മാറ്റം. ഫലം ക്രൊയേഷ്യയുടെ പക്ഷത്ത്. ലോകകപ്പിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും സ്കോർ ചെയ്ത ഡേവർ സൂക്കർ എന്ന വിജയനക്ഷത്രത്തിന്റെ പിറവി കൂടിയായി ഈ മൽസരം. നോക്കൗട്ട് ഉറപ്പിച്ച് അവസാന മൽസരത്തിൽ അർജന്റീനയെ നേരിടാനിറങ്ങിയ ക്രൊയേഷ്യയ്ക്കു പക്ഷേ പിഴച്ചു. ഒരു ഗോളിന്റെ തോൽവിഭാരം. 

ആര് നേടും ലോകകപ്പ്? എക്സ്ട്രാ ടൈം വിത്ത് എക്സ്പേർട്സ് പരിപാടി കാണാം

കരുത്തരായ അർജന്റീനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിന് ഇറങ്ങുമ്പോൾ ഇവാനിസേവിച്ചിന്റെ നാട്ടുകാരെന്ന ലേബലിൽ നിന്നു പുറത്തുകടന്നിരുന്നു ക്രൊയേഷ്യ. ഡൈനാമോ സാഗ്രിബ് എന്ന ശരാശരി ക്ലബിന്റെ ദൗത്യം ഉപേക്ഷിച്ച് ക്രൊയേഷ്യയുടെ ചുമതലയേറ്റെടുത്ത മിറോസ്ലാവ് ബ്ലാച്ചെവിച്ചിൽ തന്ത്രശാലിയായൊരു പരിശീലകനെ ലോകം കണ്ടു. എസി മിലാൻ താരം ബോബന്റെ കീഴിൽ റോബർട്ട് പ്രോസിനെക്കിയും സ്ലാവൻ ബിലിച്ചും റോബർട്ട് യാർനിയും മരിയോ സ്റ്റാനിച്ചും പോലുള്ളവർ എന്തിനും പോന്ന താരങ്ങളായി. റയൽ മഡ്രിഡിന്റെ സൈഡ് ബഞ്ചിൽ തളയ്ക്കപ്പെട്ടുപോന്ന ഒൻപതാം നമ്പർ താരം ഡേവർ സൂക്കറാകട്ടെ സുവർണപാദുകമണിയാൻ പോന്ന താരവും. 

‘ബ്രോൺസ്’ ജനറേഷൻ

പ്രീക്വാർട്ടറിൽ എതിരാളികൾ റുമാനിയ. വെറും റുമാനിയ എന്നു പറഞ്ഞാൽ പോരാ. സാക്ഷാൽ ഹ്യോർഗെ ഹാജി നായകനായ റുമാനിയയെയാണു നവാഗതരായ ക്രോട്ടുകൾ ആദ്യത്തെ ജീവൻമരണപ്പോരാട്ടത്തിൽ നേരിട്ടത്. അർജന്റീനയുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കിയതിന്റെ ആശ്വാസത്തിൽ വന്ന റുമാനിയയ്ക്കു പക്ഷേ ക്രൊയേഷ്യയ്ക്കു മുന്നിലും പിടിച്ചുനിൽക്കാനായില്ല. വീണ്ടും ജയം, വീണ്ടും സൂക്കർ. ജർമനിയുടെ മുന്നിലേയ്ക്കാണ് ഒറ്റ ഗോളിന്റെ ആ വിജയം വഴി തുറന്നത്. 

ലിയോണിലെ ഗെർലാൻഡ് സ്റ്റേഡിയത്തിൽ ലോകഫുട്ബോളിലെ ഹെവിവെയ്റ്റ് താരങ്ങളുടെ അകമ്പടിയോടെയാണു ജർമനി ക്വാർട്ടറിനിറങ്ങിയത്. എന്നാൽ ക്ലിൻസ്മാനും മത്തേവൂസും  കോളെറുമെല്ലാം അണിനിരന്ന ജർമനിയെ നിലംതൊടാൻ അനുവദിച്ചില്ല ക്രൊയേഷ്യയുടെ പോരാളികൾ. ഇടവേളയ്ക്കു തൊട്ടുമുൻപേ റോബർട്ട് യാർനിയുടെ പ്രഹരം. സമനില തേടി തിരിച്ചെത്തിയ മുൻജേതാക്കളുടെ വലയിലേയ്ക്കു രണ്ടു ലേറ്റ് ഗോളുകളും കൂടി നൽകിയാണു ക്രോട്ടുകൾ മടക്കിയത്. സൂക്കറിന്റെ വകയായിരുന്നു കിരീടപ്രതീക്ഷകളുടെ പതനം ഉറപ്പിച്ച മൂന്നാം ഗോൾ. ലോകകപ്പ് അന്നുവരെ കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിനു ചുക്കാൻ പിടിച്ച ബോബനും സംഘവും  സെമിഫൈനലിൽ. 

സെന്റ് ഡെനിസിലെ  സെമിയിൽ ക്രൊയേഷ്യ നേരിട്ടത് ആതിഥേയരെ. മുക്കാൽ ലക്ഷം വരുന്ന ഫ്രഞ്ച് ആരവങ്ങളെ നിശബ്ദമാക്കി അവിടെയും ആദ്യഗോളടിച്ചു നിലയുറപ്പിച്ചതാണു ക്രോയേഷ്യ. പക്ഷേ സൂക്കറിന്റെ ഗോളിനു ലിലിയൻ തുറാമിന്റെ ഇരട്ടഗോളുകളുമായി ഫ്രാൻസ് തിരിച്ചടിച്ചു. സ്വപ്നം തകർന്ന്, എന്നാൽ ചരിത്രം തിരുത്തി ക്രൊയേഷ്യ മൂന്നാം സ്ഥാനം തേടിയിറങ്ങി. 

മറുഭാഗത്ത് അർജന്റീനയ്ക്കു മടക്കടിക്കറ്റ് നൽകി സെമി ഫൈനലിനു വന്ന ഡെന്നിസ് ബർഗ്കാംപിന്റെ ഹോളണ്ട്. ലൂക്കാ മോഡ്രിച്ചിന്റെ പടയാളികൾ റഷ്യയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയതു പോലെ അന്നും ഒരു ജൂലൈ 11 ആയിരുന്നു. പാരീസിലെ പാർക്ക് ദെ പ്രിൻസസിൽ വീണ്ടുമൊരു സൂക്കർ ദിവസം. ഓരോ ഗോൾ വീതം വീണ സമനിലയുടെ കെട്ടു പൊട്ടിച്ചു സൂക്കർ ക്രൊയേഷ്യയെ ചരിത്രത്തിന്റെ ഭാഗമാക്കി. ലണ്ടനിൽ ഇവാനിസേവിച്ചിന്റെ ഗ്രാൻസ്ലാം സ്വപ്നം പീറ്റ് സാംപ്രസിനെതിരായ കലാശപ്പോരിൽ വീണുടയുമ്പോൾ ക്രൊയേഷ്യയെ അരങ്ങേറ്റത്തിൽ തന്നെ ലോകത്തെ മൂന്നാമൻമാരാക്കി  യൂസേബിയയെന്ന പോർച്ചുഗീസ് ഇതിഹാസത്തെ തൊടുകയായിരുന്നു ഡേവർ സുക്കർ. ആറു ഗോളുകൾ അളവെടുത്ത ഗോൾഡൻ ബൂട്ടിനും മറ്റൊരു അവകാശി വന്നില്ല. 

തിരുത്തുമോ ചരിത്രം?

ഇരുപതു വർഷങ്ങൾക്കു ശേഷം ലോകം വീണ്ടുമൊരു ക്രോയേഷ്യൻ‌ വിപ്ലവത്തിനു സാക്ഷിയായിരിക്കുകയാണ്. ബോബന്റെ സ്ഥാനത്തു ലൂക്കാ മോഡ്രിച്ചെന്ന പടനായകൻ. ബ്ലാച്ചെവിച്ചിന്റെ തന്ത്രങ്ങൾ സ്‌ലാറ്റ്കോ ‍ഡാലിച്ചിലൂടെ പുനർജനിച്ചു. പ്രോസിനെക്കിയും  ബിലിച്ചും യാർനിയും വ്ലാവോവിച്ചും സ്റ്റാനിച്ചുമെല്ലാം റാക്കിടിച്ചും മാൻസൂക്കിച്ചും ലോ‌വ്റെനും പെരിസിച്ചും റാബിച്ചുമായി ബ്ലേസേഴ്സ് എന്നു വിളിപ്പേരുള്ള ക്രോട്ടുകളുടെ ബ്ലേസറിൽ പ്രത്യക്ഷപ്പെട്ടു. അന്നത്തേതു പോലെ അട്ടിമറികളുടെ ഇടുങ്ങിയ വഴികളായിരുന്നില്ല കസാനിലും സരൻസ്കിലും മോസ്കോയിലുമായി  ക്രൊയേഷ്യയുടെ വീരൻമാരെ കാത്തുനിന്നത്. 

യൂഗോസ്ലാവിയയുടെ നിറവും നിണവുമായി 1987ലെ യൂത്ത് ലോകകപ്പിൽ വിജയം വരിച്ചതിന്റെ പോരാട്ടവീര്യം കൂടി കലർന്നിരുന്നു ബോബൻ സംഘത്തിന്റെ മുന്നേറ്റങ്ങളിൽ. മോഡ്രിച്ചിന്റെ ടീമിൽ പക്ഷേ യൂറോപ്യൻ ക്ലബ് പോരാട്ടങ്ങൾ സമ്മാനിച്ച ആവേശോർജത്തിന്റെ പ്രസരണമാണ്. റയലിന്റെയും ബാർസയുടെയും ക്രിയാത്മക മധ്യവും യുവന്റസിന്റെയും ഇന്ററിന്റെയും ക്ലിനിക്കൽ ഫിനിഷിങ്ങും അത്‌ലറ്റിക്കോയുടെയും മൊണാക്കോയുടെയും ലിവർപൂളിന്റെയുമെല്ലാം പ്രതിരോധ ഭദ്രതയും ചേർന്നതാണു ഡാലിച്ചിന്റെ ക്രൊയേഷ്യ. അതുകൊണ്ടു തന്നെ അട്ടിമറിയുടെ മഷി വീണ വിജയകഥകളായല്ല ക്രോട്ടുകളുടെ കുതിപ്പിനെ ഈ ലോകകപ്പ് സാക്ഷ്യപ്പെടുത്തിയത്. കാൽപന്തിന്റെ ചേരുവകളെല്ലാം സമാസമം ചേർത്തൊരുക്കിയ കോക്ക്ടെയ്‌ലിന്റെ വീര്യവും ലഹരിയുമായി ഇന്നത്തെ വിജയങ്ങൾ. 1998ൽ ക്രോട്ടുകളുടെ ബൂട്ടിനു കീഴിൽ ഞെരി‍ഞ്ഞ ജർമനിയുടെ സ്ഥാനത്ത് ഇക്കുറി അർജന്റീനയായിരുന്നു. 

ജർമനിയെ വീഴ്ത്തിയ അതേ സ്കോറിൽ മെസ്സിപ്പടയെ കീഴടക്കിയ ക്രൊയേഷ്യ നോക്കൗട്ട് ഘട്ടങ്ങളിൽ കടുത്ത പരീക്ഷണം അതിജീവിച്ചാണു സെമിഫൈനലിലെത്തിയത്. ക്യാപ്റ്റൻ ബോബന്റെ സ്വപ്നനേട്ടത്തിനൊപ്പം ചേർന്ന ബാൾക്കൻ പടയ്ക്കു സെമിഫൈനലിൽ കിട്ടിയതു കരുത്തരായ ഇംഗ്ലണ്ടിനെ. ചരിത്രം ആവർത്തിക്കാനായിരുന്നില്ല, തിരുത്തിയെഴുതാനായിരുന്നു ക്രൊയേഷ്യ വന്നത്. ഇംഗ്ലണ്ടിനെതിരെ പിന്നിൽ നിന്നു പൊരുതിക്കയറി ഒടുവിൽ എക്സ്ട്രാ ടൈമിൽ വിജയം പിടിച്ച് ക്രൊയേഷ്യ ലക്ഷ്യം നിറവേറ്റി. ഇനി ഒരു കടമ്പ കൂടി ബാക്കി. വീണ്ടും ഫ്രാൻസ് തന്നെ എതിരാളികൾ. ദെഷാമിന്റെ ഫ്രാൻസ്.ലുഷ്നിക്കിയിലും ചരിത്രം ആവർത്തിക്കുമോ അതോ തിരുത്തുമോ ? പഴയ കഥയിലെ വീരനായകനായ ഡേവർ സൂകർ തലവനായുള്ള ക്രൊയേഷ്യൻ ഫുട്ബോൾ ഇപ്പോൾ പഴയ ക്രൊയേഷ്യയല്ല എന്നോർക്കുക. ചരിത്രം ആവർത്തിക്കുമോ അതോ തിരുത്തുമോ ? ലോകം കാത്തിരിക്കുകയാണ്. ഉത്തരത്തിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. 

എക്സ്ട്രാ ടൈം: ചരിത്രത്തെ നേരിടുകയാണ് ക്രോട്ടുകൾ. ഫൈനലിനൊരുങ്ങുന്ന മോഡ്രിച്ചിനും സംഘത്തിനും ആരാധകർക്കും സന്തോഷം പകരുന്നൊരു ചരിത്രം ഫിഫ തന്നെ തയാറാക്കിവച്ചിട്ടുണ്ട്. ഓരോ ഇരുപതു വർഷം കൂടുമ്പോഴും കാൽപന്തിനു പുതിയൊരു ലോകചാംപ്യൻ ഉദയം ചെയ്യുമെന്ന ചരിത്രം. 1958 ൽ ബ്രസീൽ, 1978 ൽ അർജന്റീന, 1998 ൽ ഫ്രാൻസ്. 2018 ൽ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.