Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാറ്റിനുമൊടുവിൽ കായികലോകം പറയുന്നു; കപ്പ് ദേ ഫ്രാൻസ്, സല്യൂട്ട് ദേ റഷ്യ!

എ. ഹരിപ്രസാദ്
france fans

ലുഷ്നികിയിൽ നിന്നു ലുഷ്നികി വരെ നീണ്ട ഒരു മാസക്കാലം. സൗദി അറേബ്യയുടെ വലയിൽ അഞ്ചു ഗോളിന്റെ ആഘോഷമൊരുക്കി റഷ്യ തുടങ്ങിവച്ച ഉൽസവത്തിനു ഫ്രാൻസിന്റെ ഗോൾവർഷത്തോടെ അതേ വേദിയിൽ കൊടിയിറങ്ങുമ്പോൾ വിജയികളുടെ സ്ഥാനത്ത് ആതിഥേയരെയും കാണാം. എക്കാലവും ഓർമകളിൽ തങ്ങിനിൽക്കുന്നൊരു ലോകകപ്പ് ഒരുക്കിയെന്നതിലാണ് ആ വിജയം. 

ഫ്രാൻസിന്റെ ആഹ്ലാദാരവം കണ്ട ഇരുപത്തിയൊന്നാം ലോകകപ്പിന്റെ കൊടി മാത്രമേ താഴ്ന്നിട്ടുള്ളൂ. കൊടിയടയാളം അവിടെ നിൽ‌ക്കുകയാണ്. ലോകഫുട്ബോളിന്റെ നടുമുറ്റത്തു റഷ്യ നാട്ടിയ ആ അടയാളം അത്ര പെട്ടെന്നൊന്നും മായില്ല. കാൽപന്തുകളിയുടെ ഓജസും തേജസും ചാലിച്ചെഴുതിയതാണത്. ഒരുപക്ഷേ ഇതിനു മുൻപ് കടന്നുപോയ ഇരുപതു ലോകകപ്പുകൾക്കും മേലെയാകും റഷ്യയൊരുക്കിയ പന്തുകളി. എത്രയെത്ര സുന്ദരൻ മുഹൂർത്തങ്ങളിലൂടെയാണു റഷ്യ ഈ ഉൽസവനാളുകളിൽ ലോകത്തെ വിരുന്നൂട്ടിയത്? 

മുൻധാരണകളെ കളത്തിനു പുറത്തു നിർത്തിയ ലോകകപ്പ്  – അതായിരുന്നു റഷ്യയുടെ വിപ്ലവസ്മരണകൾ ഇരമ്പുന്ന മണ്ണിൽ നടന്ന ലോകമാമാങ്കം. പേരും പെരുമയും അലങ്കരിച്ച വലിപ്പച്ചെറുപ്പം ഇല്ലാതെ ഇരുപത്തിരണ്ടു പേർ ഒരു പന്തിനു വേണ്ടി കളത്തിൽ പോരാടുന്ന കാഴ്ചയാണു റഷ്യ സമ്മാനിച്ചത്. അട്ടിമറികളും അപ്രവചനീയതയും തന്ത്രജ്ഞതയും ചേർത്തു ഫുട്ബോളിൽ ‘സോഷ്യലിസം ’ കൊണ്ടുവന്നു ഈ ലോകകപ്പ്.

∙ അട്ടിമറികളുടെ ലോകകപ്പ്

മുപ്പത്തിരണ്ട് ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന്റെ മുഖമുദ്ര തന്നെയാണ് അട്ടിമറികൾ. പക്ഷേ റഷ്യ ആ സിദ്ധാന്തത്തിനു പുതിയ മാനങ്ങൾ നൽകി. ഇടവേളയില്ലാതെയാണു  റഷ്യൻ മൈതാനങ്ങളിൽ നിന്നു വൻമരങ്ങൾ വീഴുന്നതിന്റെ വാർത്തകൾ വന്നത്. ജർമനിയും സ്പെയിനും അർജന്റീനയുമെല്ലാം അപ്രതീക്ഷിത തിരിച്ചടികളുടെ ആഘാതത്തിലാണ് ഈ ലോകകപ്പിൽ നിന്നു പലായനം ചെയ്യപ്പെട്ടത്. സ്വിറ്റ്സർലൻഡിന്റെയും കോസ്റ്ററിക്കയുടെയും രൂപത്തിൽ ബ്രസീലിനു മുന്നിലും വന്നതാണു കടലാസിലെ കരുത്തുറ്റ പേരുകൾക്കു യോജിക്കാത്തൊരു പരീക്ഷണം.

എന്നാൽ തിരിച്ചടി ഒരു സമനിലയിൽ ഒതുങ്ങിയെന്നു മാത്രം. മെക്സിക്കോയും ദക്ഷിണ കൊറിയയും മൊറോക്കോയും ഇറാനും ഐസ്‍ലൻഡുമെല്ലാം  സൃഷ്ടിച്ച ‘വഴിമുടക്കൽ’ വിപ്ലവത്തിലൂടെ റഷ്യ വിസ്മയം വിതച്ചത്. അടി കൊടുത്തവർക്കും അടി കിട്ടിയവർക്കും ഇതൊരു ഓർമപ്പെടുത്തലാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, ഉയരത്തിലെത്തിയതിന്റെ  ഓർമപ്പെടുത്തൽ.

ലോകം വീണ്ടുമൊരു ലോകകപ്പിനായി നാളെ ഖത്തറിലെത്തുമ്പോൾ ഇതേ അർജന്റീനയും ബ്രസീലും ജർമനിയുമെല്ലാം കിരീടത്തോടു ചേർന്നു നിൽക്കുന്ന സ്വപ്നത്തുരുത്തായി അവിടെയുണ്ടാകും. ഐസ്‌ലൻഡ് മുതൽ കൊറിയ വരെ നീളുന്ന ചെറുടീമുകളും അടുത്ത വേദി പിടിക്കാനുള്ള ആവേശോർജം ഏറ്റുവാങ്ങിയാണു റഷ്യയോട് വിടചൊല്ലുന്നത്. 

∙ അനിശ്ചിതത്വത്തിന്റെ  ലോകകപ്പ്

രാഷ്ട്രീയ കാരണങ്ങളാൽ ഉരുണ്ടുകൂടിയ കാർമേഘങ്ങളുടെ നിഴലിലായിരുന്നു റഷ്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ. ലോകകപ്പ് വേദികളിലും പെയ്തുനിറഞ്ഞേക്കുമെന്നു തോന്നിച്ചു ആ കാറും കോളുമെല്ലാം. അനിശ്ചിതത്വങ്ങളുടേതെന്നു തോന്നിപ്പിച്ച ടൂർണമെന്റ് പക്ഷേ ആ വഴിക്കു നീങ്ങിയില്ല. എന്നാൽ കളത്തിൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. കാൽപന്തുകളിയുടെ ‘അനിശ്ചിതത്വം’ കളത്തിൽ വേണ്ടതിലേറെ കാട്ടിത്തന്നു ഈ ലോകകപ്പ്.

വൈകി വീണ ഗോളുകൾ മൽസരത്തിന്റെയും ടീമുകളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന കാഴ്ചകളിലൂടെ ഫുട്ബോളിന്റെ അപ്രവചനീയസ്വഭാവം റഷ്യ ആഴത്തിൽ വരച്ചിട്ടു. ചരിത്രത്തിലേറ്റവുമധികം ലേറ്റ് ഗോളുകൾ കണ്ട ടൂർണമെന്റ് എന്ന വിശേഷണവും റഷ്യയ്ക്കു സ്വന്തം. പോർചുഗലും സ്പെയിനും ജർമനിയുമെല്ലാം റഷ്യൻ സസ്പെൻസ് ത്രില്ലറിന്റെ തിരിച്ചടിയേറ്റവരാണ്. ബ്രസീലും അർജന്റീനയും ബെൽജിയവുമെല്ലാം ലേറ്റ് ഗോളുകളുടെ അതിമധുരം നുകർന്നവരും. ഒരു ഡസനിലേറെ മൽസരങ്ങളുടെ തിരക്കഥ ലേറ്റ് ഗോളുകൾ മാറ്റിയെഴുതിയിട്ടുണ്ട്.

സ്റ്റോപ്പേജ് ടൈമിൽ മാത്രം വീണത് 22 ഗോളുകൾ. ലോങ് വിസിൽ ഉയരുംവരെ മൽസരത്തിന്റെ ഫലം പ്രവചിക്കാൻ ആരും ധൈര്യപ്പെടാത്തൊരു ലോകകപ്പിന്റെ പേരിലും റഷ്യയ്ക്ക് അഭിമാനിക്കാം.

∙ തന്ത്രങ്ങളുടെ ലോകകപ്പ്

യൂറോപ്യൻ ക്ലബുകളുടെ കറ തീർന്ന ഫുട്ബോൾ കണ്ടു ശീലിച്ചവരെ ലോകകപ്പ് എങ്ങനെ ആകർഷിക്കും? ഫിഫയുടെ ഇരുപത്തൊന്നാം ലോകകപ്പിനു മുൻപായി ആശങ്കയോടെ ഈ ചോദ്യം ഉന്നയിച്ചവരേറെയാണ്. ആശങ്കകളുടെ വേലിയേറ്റം പക്ഷേ കിക്കോഫ് വരെ മാത്രമേയുണ്ടായിരുന്നുള്ളൂ. കാസ്പറോവിന്റെയും കാർപ്പോവിന്റെയും നാട്ടിലെ പന്തുകളി കളത്തിനു പുറത്തു നിന്നു കരുക്കൾ നീക്കുന്നവരുടേതായി.

പരമ്പരാഗത ഫോർമേഷനുകളുമായി ദിശ തെറ്റിയ ഫുട്ബോൾ പ്രതീക്ഷിച്ചവരെ ഞെട്ടിപ്പിച്ചു ഈ ലോകകപ്പ്.  തന്ത്രങ്ങളുടെ ഉരകല്ലായി മാറിയ ലോകകപ്പെന്നു വിളിച്ചോളൂ ഈ ടൂർണമെന്റിനെ. ആധുനിക ക്ലബ് ഫുട്ബോളിൽ പരീക്ഷിച്ച പല തന്ത്രങ്ങളും ഒട്ടും കരുത്ത് ചോരാതെ ചെറുടീമുകൾ പോലും റഷ്യയിൽ നടപ്പാക്കി.

ബസ് പാർക്കിങ്ങിന്റെയും കൗണ്ടർ അറ്റാക്കിങ്ങിന്റെയും സാധ്യതകൾ പലവട്ടം ടീമുകൾ പ്രയോജനപ്പെടുത്തി. ഒടുവിൽ ലോകകപ്പിന്റെ പന്ത് ലുഷ്നികിയിൽ കലാശക്കാഹളത്തിനെത്തിയപ്പോൾ കിരീടം ചേർന്നുനിന്നതും തന്ത്രങ്ങളുടെ ഗ്രാൻഡ് മാസ്റ്റർ എന്നു പറയാവുന്ന പ്രകടനം പുറത്തെടുത്തൊരു പരിശീലകന്റെ ഭാഗത്താണ്. 

∙ മധ്യനിരക്കാരുടെ ലോകകപ്പ്

നട്ടെല്ലുള്ള ടീമുകൾ തല ഉയർത്തിനിന്ന ടൂർണമെന്റാണു റഷ്യയുടെ ലോകകപ്പ്. മധ്യനിരയിൽ കളി നയിക്കാൻ ആളുണ്ടായിരുന്ന ടീമുകൾക്കു റഷ്യൻ മണ്ണിൽ അതിന്റെ ഫലം കിട്ടി. മധ്യനിര അല്ലാത്ത ടീമുകൾക്കു പണിയും കിട്ടി. മുന്നേറ്റത്തിലും പ്രതിരോധത്തിലും സൂപ്പർ താരങ്ങളുണ്ടായിട്ടും മധ്യത്തിൽ പകച്ചുനിന്ന ടീമുകൾ എങ്ങുമെത്തിയില്ല. ഗോളടിയിൽ ലോകകപ്പ് ഉയരങ്ങളിലെത്തിയിട്ടും ഗോൾവേട്ടക്കാരുടെ അക്കൗണ്ടിൽ കാര്യമായ സമ്പാദ്യം കാണാനാകില്ല.

കളത്തിലെ കണക്കുകളിൽ മിഡ്ഫീൽഡിനെ ഭരിച്ച മജീഷ്യൻമാരാണു മുന്നിൽ. ഫ്രാൻസിന്റെ പോഗ്ബ– കാന്റെ, ക്രൊയേഷ്യയുടെ മോഡ്രിച്ച്– റാകിടിച്ച്, ബെൽജിയത്തിന്റെ ഹസാർഡ്– ഡി ബ്രൂയ്നെ...റഷ്യയിൽ നേട്ടം കൊയ്ത ടീമുകളുടെ രഹസ്യം തേടി വേറെങ്ങും പോകേണ്ടതില്ല. 

∙ ഗോൾകീപ്പർമാരുടെ ലോകകപ്പ്

ഗോൾവേട്ടക്കാരെക്കാൾ ഗോൾകീപ്പർമാർ തിളങ്ങിയ ലോകകപ്പാണ് കടന്നുപോയത്. മുന്നേറിയ ടീമുകളുടെ ഗോളിമാരെല്ലാം വിസ്മയിപ്പിക്കുന്ന പ്രകടനത്തിന്റെ ഉടമകൾ. കാവലിൽ പകച്ച ഗോളിമാരുടെ ടീമുകളൊന്നും പച്ച തൊടാതെ പോയതിനും റഷ്യ സാക്ഷി. ലീഗ് മൽസരം മുതൽ തുടങ്ങി വലയ്ക്കു മുന്നിലെ അദ്ഭുതപ്രവൃത്തികൾ. മെക്സിക്കോയുടെ ഒച്ചോവയും കോസ്റ്ററിക്കയുടെ കെയ്‌ലർ നവാസും തുടങ്ങിവച്ച വിസ്മയങ്ങൾ നോക്കൗട്ട് റൗണ്ടിലെത്തുമ്പോൾ കൊറിയയുടെ ചോ ഹ്യൂൻ വൂയും റഷ്യയുടെ അകിൻഫീവും ഡെൻമാർക്കിന്റെ ഷ്മൈക്കലും ആവർത്തിച്ചു.

സെമിഫൈനലിൽ കടന്ന നാലു കാവൽക്കാരും കോട്ട കെട്ടുന്നവരായതോടെ ഗോൾഡൺ ഗ്ലൗവ് പ്രഖ്യാപനമാണ് ഏറെ വിഷമം പിടിച്ചതായത്. ലോറിസിനെയും സുബാസിച്ചിനെയും  പിക്ക്ഫോർഡിനെയും കടുത്ത വെല്ലുവിളി അതിജീവിച്ച ബൽജിയത്തിന്റെ കുർട്ടോയാണ് പുരസ്കാരം നേടിയത്. 

∙ പ്രീമിയർ ലീഗിന്റെ ലോകകപ്പ്

യൂറോപ്പിന്റെ നാലു പ്രതിനിധികൾ സെമിഫൈനലിന് ഇറങ്ങി അമ്പരപ്പിച്ച ലോകകപ്പിൽ മിന്നിത്തിളങ്ങിയതു ഇംഗ്ലിഷ് പ്രീമിയർ ലീഗാണ്. റഷ്യയിൽ കളിക്കാനെത്തിയ എഴുനൂറിലേറെ താരങ്ങളിൽ 107 പേരാണ് ഇപിഎല്ലിന്റെ വിലാസവുമായെത്തിയത്. ലോകകപ്പിനു സെമിഫൈനൽ വിസിൽ മുഴങ്ങുമ്പോൾ അവശേഷിച്ച 92 കളിക്കാരിൽ പകുതിയിലേറെപ്പേരും ഇംഗ്ലിഷ് ക്ലബുകളുടെ താരങ്ങളായിരുന്നു. ഫ്രാൻസ് – ബെൽജിയം സെമിപോരാട്ടം തന്നെ ഉത്തമോദാഹരണം. ഈ മൽസരത്തിൽ കളത്തിലിറങ്ങിയ 22 താരങ്ങളിൽ 14 പേരും ഇംഗ്ലിഷ് താരങ്ങൾ.

കലാശപ്പോരാട്ടങ്ങളിൽ റയലും ബാർസയും യുവന്റസും ബയേണും പോലുള്ള യുവേഫയിലെ വമ്പൻ ക്ലബുകൾ മങ്ങിയപ്പോൾ ഒൻപതു പേരുമായി തലയുയർത്തി നിന്നതു ടോട്ടനം ഹോട്സ്പറാണ്. ഏഴു വീതം താരങ്ങളുമായാണു മാഞ്ചസ്റ്റർ ടീമുകളും ചെൽസിയും കലാശപോരാട്ടങ്ങൾ കണ്ടുനിന്നത്.