Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലോകകപ്പ്, 13 ഗോൾ; ഈ റെക്കോർഡ് തകർക്കാൻ ആരുദിക്കും?

മനോജ് തെക്കേടത്ത്
top-scorers ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റെക്കോർഡ് കയ്യാളുന്ന ഫ്രഞ്ച് താരം ജസ്റ്റ് ഫൊണ്ടെയ്നാണ് പശ്ചാത്തലത്തിലെ ചിത്രത്തിൽ. ഈ ലോകകപ്പിന്റെ താരമാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരാണ് വൃത്തങ്ങളിൽ. ഇവർക്കു പുറമെ വേറൊരു താരോദയം വന്നാലും അദ്ഭുതപ്പെടാനില്ല.

ആറു കളികൾ, 13 ഗോളുകൾ! ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രം ചികയുമ്പോൾ കണ്ണിലുടക്കുന്ന ഈ അവിസ്മരണീയനേട്ടത്തിന്റെ ഉടമയെ അറിയില്ലേ. ജസ്റ്റ് ഫൊണ്ടെയ്ൻ. ഒരു ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച താരമെന്ന വലിയ നേട്ടത്തിന്റെ ഏക ഉടമയാണ് ഈ ഫ്രഞ്ചുകാരൻ. 1958ൽ സ്വീഡനിൽ നടന്ന ലോകകപ്പിൽ ഫൊണ്ടെയ്ൻ നേടിയ ഈ ചരിത്രനേട്ടം മറികടക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. സമീപഭാവിയിലെങ്ങും അതു തകരുമെന്നു കരുതാനും വയ്യ. 1954 സ്വിറ്റ്സർലൻഡ് ലോകകപ്പിൽ ഹംഗറിയുടെ സാന്റോർ കോക്സിസ് 11 ഗോൾ നേടി വിസ്മയം തീർത്തിരുന്നു. അതിന്റെ അലയടങ്ങും മുമ്പാണ് ഫൊണ്ടെയ്ൻ പുതുചരിത്രമെഴുതിയത്.

1970ലെ മെക്സിക്കോ ലോകകപ്പിൽ 10 ഗോൾ നേടിയ ജർമൻ താരം ഗെർഡ് മുള്ളറാണ് ഒരൊറ്റ ലോകകപ്പിലെ ഗോൾ നേട്ടത്തിലെ മൂന്നാം സ്ഥാനക്കാരൻ. രസകരമായ കാര്യം ഇതല്ല. ഈ മൂന്നു ഗോൾവേട്ടക്കാരുടെയും രാജ്യത്തിനായിരുന്നില്ല അക്കുറി ലോകകപ്പ് കിരീടം. പോർചുഗലിന്റെ ഇതിഹാസതാരം യൂസേബിയോയും ഗോൾ പട്ടികയിലുണ്ട്. 1966 ലോകകപ്പിൽ യൂസേബിയോയുടെ പേരിൽ കുറിക്കപ്പെട്ടത് ഒൻപതു ഗോളുകളാണ്. അവസാനത്തെ ഒൻപതു ലോകകപ്പുകളിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ബ്രസീൽ താരം റൊണാൾഡോ 2002 ൽ അടിച്ച എട്ടു ഗോളുകളാണ്. അതുകൊണ്ടുതന്നെയാണ് ഫൊണ്ടെയ്ന്റെ റെക്കോർഡ് അത്രവേഗമൊന്നും മറികടക്കപ്പെടില്ലെന്നു പറയാനാകുന്നതും. 

ഗോളെണ്ണമവിടെ നിൽക്കട്ടെ. നമുക്ക് ഫൊണ്ടെയ്നിലേക്കു വരാം. ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ വമ്പനാണെങ്കിലും ഫൊണ്ടെയ്ൻ ജനിച്ചത് ഫ്രാൻസിലായിരുന്നില്ല. ജനനം 1933 ഓഗസ്റ്റ് 18ന് മൊറോക്കോയിലെ മറാക്കേഷിൽ. ഫ്രഞ്ചുകാരനായ പിതാവിന്റെയും സ്പെയിൻകാരിയായ മാതാവിന്റെയും മകൻ. ഫ്രാൻസിനായി വിസ്മയം തീർത്ത ലോകകപ്പിൽ ഇറങ്ങുമ്പോൾ 24 വയസ്സായിരുന്നു പ്രായം. ലോകകപ്പിനു ഫ്രാൻസ് നിരയിൽ ഇറങ്ങുന്നതിനു മുമ്പ് ഇദ്ദേഹം കളിച്ചത് അഞ്ചേയഞ്ച് രാജ്യാന്തര മൽസരങ്ങൾ മാത്രം. 1953 ഡിസംബറിൽ ലക്സംബർഗിനെതിരെ ലോകകപ്പ് യോഗ്യതാമൽസരത്തിൽ ഹാട്രിക് നേടിയായിരുന്നു അരങ്ങേറ്റം. പക്ഷേ, പിന്നീട് മൂന്നു വർഷമാണ് അദ്ദേഹം ദേശീയ ടീമിനു പുറത്തിരുന്നത്. ദീർഘമായ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ മുന്നേറ്റതാരം ലോകകപ്പിന്റെ ചരിത്രത്തിൽ സുവർണമുദ്ര ചാർത്തിയാണ് സങ്കടം തീർത്തതെന്നു മാത്രം. 

റെയ്മണ്ട് കോപ്പയെന്ന സമർഥനായ താരമായിരുന്നു കളത്തിൽ ഫൊണ്ടെയ്നു കൂട്ട്. ഇരുവരുടേയും കൂട്ടുകെട്ട് എതിർ ഗോൾകീപ്പർമാർക്കു സൃഷ്ടിച്ച തലവേദന ചില്ലറയല്ല. മികച്ച ഫിനിഷറായ ഫൊണ്ടെയ്ൻ ഏത് ആംഗിളിൽനിന്നും ഗോൾ വല ലക്ഷ്യമാക്കി പന്തു തൊടുക്കാൻ മിടുക്കനായിരുന്നു. ഇരുകാലുകളിലും കൊടുങ്കാറ്റൊളുപ്പിച്ചയാൾ. കളിച്ച ആറു കളികളിലും ഫൊണ്ടെയ്ൻ ഗോൾ നേടി. ആദ്യകളിയിൽ പാരഗ്വായ്ക്കെതിരെ ഹാട്രിക്. യൂഗോസ്ലാവിയ, സ്കോട്‌ലൻഡ് ടീമുകളും ആ ബൂട്ടിന്റെ ചൂടറിഞ്ഞു. ക്വാർട്ടർ ഫൈനലിൽ വടക്കൻ‌ അയർലൻഡിനെതിരെ 4–0നു വിജയം കണ്ടപ്പോൾ ഫൊണ്ടെയ്ന്റെ വക ഇരട്ടഗോളുകൾ. സെമിഫൈനലിലാകട്ടെ, സാക്ഷാൽ ബ്രസീലിനെതിരെ. വാവ, ഗാരിഞ്ച, പെലെ, ദിദി, സാന്റോസ്... മഹാരഥന്മാരുടെ പെരുങ്കളിയാട്ടം! പ്രതീക്ഷിച്ചപോലെ, വിജയം ബ്രസീലിനു തന്നെ. അതും 5–2ന്. അവിടെയും ഗോൾ നേടാൻ ഫൊണ്ടെയ്നായി.

രണ്ടാം സെമിയിൽ, ആതിഥേയരായ സ്വീഡനോടു തോറ്റ ജർമനിയായിരുന്നു മൂന്നാം സ്ഥാന പോരാട്ടത്തിൽ ഹംഗറിയുടെ എതിരാളികൾ. ലൂസേഴ്സ് ഫൈനലിലിറങ്ങുമ്പോൾ ഫൊണ്ടെയ്ന്റെ പേരിലുണ്ടായിരുന്നത് ഒൻപതു ഗോളുകൾ. കോക്സിസിനെക്കാൾ രണ്ടു ഗോൾ കുറവ്. പക്ഷെ, നാലു ഗോളുകൾ ജർമൻ വലയിലെത്തിച്ച് ഫൊണ്ടെയ്ൻ വിസ്മയം തീർത്തു. ഹംഗറിക്ക് 6–3ന് വിജയവും മൂന്നാം സ്ഥാനവും; ഫൊണ്ടെയ്നാകട്ടെ 13 ഗോളുകളിലൂടെ ചരിത്രവും.

അന്ന് ഗോൾഡൻ ബൂട്ടിന്റെ ബഹുമതിത്തിളക്കമില്ലാതിരുന്നതിനാൽ ഫൊണ്ടെയ്ൻ അങ്ങനെയങ്ങ് ആഘോഷിക്കപ്പെട്ടില്ല. പക്ഷെ, 40 വർഷത്തിനുശേഷം ഇംഗ്ലിഷ് ഫുട്ബോൾ ഇതിഹാസം ഗാരി ലിനേക്കർ, ഫൊണ്ടെയ്ന്റെ മായികനേട്ടത്തെ ഗേൾഡൻ ബൂട്ട് നൽകി ആദരിച്ചു. സഹതാരത്തോടു കടം വാങ്ങിയ ബൂട്ട് ഉപയോഗിച്ചാണു ഫൊണ്ടെയ്ൻ കളിച്ചതെന്ന് അക്കാലത്ത് ചില കളിയെഴുത്തുകാർ കണ്ടെത്തിയിരുന്നു.

എന്തായാലും ഏറെ നാൾ നീണ്ടുനിന്നില്ല ഫൊണ്ടെയ്ന്റെ ഫുട്ബോൾ കരിയർ. 1960ൽ രണ്ടുവട്ടം കാലിനു പരുക്കേറ്റ താരം 1962ൽ വിരമിച്ചു. പിന്നീട് അ‍ഞ്ചുവർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയെങ്കിലും രണ്ടു കളികൾ കൂടിയേ കളിച്ചുള്ളൂ. ഫ്രാൻസിനായി 21 രാജ്യാന്തര മൽസരങ്ങളിൽ 30 ഗോളുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു കളിയിൽ ശരാശരി ഒന്നര ഗോളുകൾ.

ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയവരുടെ പട്ടികയിൽ നാലാമനാണ് ഫൊണ്ടെയ്ൻ. ജർമനിയുടെ മിറോസ്‌ലാവ് ക്ലോസെ (16), ബ്രസീലിന്റെ റൊണാൾഡോ (15), ജർമനിയുടെ ഗെർഡ് മുള്ളർ (14) എന്നിവരാണ് മുന്നിൽ. ഒന്നോർക്കണം; ഇവരെല്ലാം രണ്ടോ അതിലധികമോ ലോകകപ്പ് ടൂർണമെന്റുകളിൽ കളിച്ചാണ് ഈ ഗോളുകളടിച്ചത്. അവിടെയാണ് ഒരേയൊരു ലോകകപ്പിലെ ആറു മൽസരങ്ങൾ കൊണ്ട് ഫൊണ്ടെയ്ൻ ഉയർന്നു നിൽക്കുന്നതും. 

വിരമിച്ച ശേഷം മൊറോക്കോയുടെ പരിശീലകനെന്ന നിലയിലും മെച്ചപ്പെട്ട പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റേത്. ലോകത്തിലെ മികച്ച 125 ഫുട്ബോൾ താരങ്ങളിലൊരാളായി പെലെ ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഫ്രാൻസിലെ അരനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ഫൊണ്ടെയ്നെ തിര‍ഞ്ഞെടുത്തത് 2003ലാണ്.

ഇതു ലോകകപ്പിന്റെ 21–ാം പതിപ്പ്. ഫൊണ്ടെയ്ൻ കുറിച്ച മാന്ത്രികസംഖ്യ മായ്ച്ചുകളയാനാകുന്ന ജാലവിദ്യക്കാർ റഷ്യയിൽ ഉദിക്കുമോ? ഫുട്ബോൾ ആരാധകരെപ്പോലെ ഫൊണ്ടെയ്നും ഈ 84–ാം വയസ്സിൽ കാത്തിരിക്കുന്നത് അതാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.