Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹതാരങ്ങള്‍ക്ക് നോമ്പു തുറക്കാൻ പരുക്കഭിനയിച്ച് ഗോളി!

tunisia-goal-keeper-ramadan ടുണീഷ്യൻ ഗോൾകീപ്പർ മൗവസ് ഹസൻ വീണുകിടക്കുമ്പോൾ നോമ്പു മുറിക്കുന്ന സഹതാരങ്ങൾ. (ട്വിറ്റർ ചിത്രങ്ങൾ)

റമസാൻ വ്രതമനുഷ്ഠിക്കുന്ന ഇസ്‌ലാം മതവിശ്വാസികളായ സഹതാരങ്ങൾക്ക് നോമ്പു തുറക്കാനായി പരുക്കഭിനയിച്ച ടുണീഷ്യൻ ഗോൾകീപ്പറിന്റെ വിഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം പോർച്ചുഗലിനെതിരെയും പിന്നീട് തുർക്കിക്കെതിരെയും നടന്ന ലോകകപ്പ് സന്നാഹ മൽസരങ്ങൾക്കിടെയാണ് സഹതാരങ്ങൾക്ക് നോമ്പു തുറക്കാനായി ഗോൾകീപ്പർ മൗവെസ് ഹസൻ പരുക്ക് അഭിനയിച്ചത്. മെഡിക്കൽ ടീം ഗോൾകീപ്പറെ പരിശോധിക്കുന്ന സമയത്ത് മറ്റു താരങ്ങൾ നോമ്പു മുറിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ ടുണീഷ്യൻ താരങ്ങളുടെ ‘വ്യത്യസ്തമായ’ നോമ്പുമുറി സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പോർച്ചുഗലിനെതിരായ മത്സരത്തിനിടെയായിരുന്നു ആദ്യത്തെ അഭിനയം. മത്സരത്തിന്റെ 58-ാം മിനിറ്റിൽ ടുണീഷ്യ 2-1ന് പിന്നിട്ടുനിൽക്കുമ്പോഴായിരുന്നു ഹസ്സൻ പരുക്ക് അഭിനയിച്ച് വീണത്. കിട്ടിയ സമയത്ത് സഹതാരങ്ങൾ സൈഡ് ലൈനിലെത്തി ലഘുഭക്ഷണം കഴിച്ച് നോമ്പു തുറന്നു.

എന്തായാലും നോമ്പുതുറന്നതോടെ ഉണർന്നു കളിച്ച ടുണീഷ്യൻ താരങ്ങൾ അധികം വൈകാതെ സമനില ഗോൾ കണ്ടെത്തി. പരുക്കിന്റെ ഇടവേളയ്ക്കുശേഷം മൽസരം പുനഃരാരംഭിച്ച് ആറാം മിനിറ്റിലാണ് ടുണീഷ്യ സമനില ഗോൾ നേടിയത്. ഈ മൽസരം 2–2 സമനിലയിൽ അവസാനിച്ചു.

ശനിയാഴ്ച തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു രണ്ടാമത്തെ പരുക്കഭിനയം. ഇത്തവണയും സൈഡ് ലൈനിൽ ഭക്ഷണം തയാറാക്കി കാത്തുനിന്ന പരിശീലക സംഘം മറ്റു താരങ്ങൾക്ക് നോമ്പു തുറക്കാൻ സഹായമൊരുക്കി. ഈ മൽസരവും 2–2 സമനിലയിൽ പിരിഞ്ഞു.

ഇരു മൽസരങ്ങളും കഴിഞ്ഞ് മൽസരത്തിന്റെ ഹൈലൈറ്റ്സ് കണ്ട ആരാധകരാണ് ടുണീഷ്യൻ ഗോൾകീപ്പറിന് പരുക്കേറ്റ സമയങ്ങൾ തമ്മിൽ ചില അസാധാരണ സാമ്യം ശ്രദ്ധിച്ചത്. പോർച്ചുഗലിനെതിരായ മൽസരത്തിൽ 58–ാം മിനിറ്റിലാണ് പരുക്കേറ്റതെങ്കിൽ, തുർക്കിക്കെതിരെ മൽസരത്തിന്റെ 49–ാം മിനിറ്റിലാണ് ഹസൻ ‘പരുക്കേറ്റ് വീണത്’. ഇസ്‌ലാം മതവിശ്വാസികൾ അതാതു ദിവസങ്ങളിൽ നോമ്പു തുറക്കുന്ന സമയമായിരുന്നു ഇത്.

ഇതേക്കുറിച്ച് ടുണീഷ്യ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സഹതാരമായ ഷാകർ അൽഹദൂർ നടത്തിയ ട്വീറ്റിന് നൽകിയ മറുപടിയിൽ ‘എനിക്കു പരുക്കേറ്റിരുന്നു’ എന്ന് ഹസൻ കുറിച്ചിട്ടുണ്ട്. അതേസമയം, ചിരിക്കുന്ന ഇമോജികളോടെ ആയിരുന്നെന്നു മാത്രം!

എന്തായാലും ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ മൽസരത്തിൽ ജൂൺ ഒൻപതിന് ടുണീഷ്യയെ നേരിടുമ്പോൾ മൗവെസ് ഹസന് വീണ്ടും പരുക്കേൽക്കുമോ എന്നു കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും റഷ്യയിൽ തങ്ങളുടെ ആദ്യ ലോകകപ്പ് മൽസരത്തിനായി ടുണീഷ്യ ഇറങ്ങുമ്പോഴേക്കും റമസാൻ മാസം അവസാനിക്കും.