Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം, ഭീഷണി: മെസ്സിയും സംഘവും ഇസ്രയേലിലേക്കില്ല

messi-warning അർജന്റീന ഇസ്രയേലിൽ കളിക്കരുതെന്ന് ആവശ്യപ്പെട്ട് പലസ്തീനിൽ ഉയർന്ന പോസ്റ്ററുകളിലൊന്ന്. (ട്വിറ്റർ ചിത്രം)

ബ്യൂണസ് ഐറിസ്∙ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോൾ സന്നാഹ മൽസരം ഉപേക്ഷിക്കാൻ അർജന്റീന തീരുമാനിച്ചു. അർജന്റീന ഇസ്രയേലിൽ കളിക്കുന്നതിനെതിരെ പലസ്തീൻ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അർജന്റീന ടീമിനും സൂപ്പർതാരം ലയണൽ മെസ്സിക്കുമെതിരെ ഭീഷണികളും ഉയർന്നു. ഈ സാഹചര്യത്തിലാണ് മൽസരം ഉപേക്ഷിക്കാൻ അർജന്റീന തീരുമാനിച്ചത്. ഇതോടെ, ഇസ്രയേലിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പും വിഫലമായി. അർജന്റീന–ഇസ്രയേൽ മൽസരത്തിന്റെ ടിക്കറ്റ്, വിൽപന തുടങ്ങി 20 മിനിറ്റിനുള്ളിൽ വിറ്റുതീർന്നിരുന്നു.

ശനിയാഴ്ച ജറുസലെമിലാണ് മൽസരം നടത്താൻ നിശ്ചയിച്ചിരുന്നത്. ജറുസലെം വേദിയായി നിശ്ചയിച്ചതാണ് പലസ്തീനെ ചൊടിപ്പിച്ചത്. ജറുസലെമിലെ ടെഡ്ഡി കൊല്ലക് സ്റ്റേഡിയത്തിലെ ഈ മൽസരം ലോകകപ്പിനു മുന്നോടിയായുള്ള അർജന്റീനയുടെ അവസാന സന്നാഹ മൽസരം കൂടിയായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് മൽസരം റദ്ദാക്കിയ വിവരം അർജന്റീനയിലെ ഇസ്രയേൽ എംബസി സ്ഥിരീകരിച്ചു. മൽസരം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അർജന്റീന പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൽസരം റദ്ദാക്കിയതിനു പിന്നാലെ അർജന്റീന ടീമിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇസ്രയേൽ പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

ഇസ്രയേലുമായുള്ള ലോകകപ്പ് സന്നാഹ മൽസരവുമായി അർജന്റീന മുന്നോട്ടുപോയാൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ പേരെഴുതിയ ജഴ്സികൾ കത്തിക്കാൻ പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ആഹ്വാനം ചെയ്തിരുന്നു. പലയിടങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ വ്യാപകമാവുകയും ചെയ്തു. മൽസരത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് അർജന്റീന സർക്കാരിന് പലസ്തീൻ കത്തും നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് മൽസരം റദ്ദാക്കിയതായി ഇസ്രയേൽ എംബസി സ്ഥിരീകരിച്ചത്. കളിക്കാർക്കെതിരായ ഭീഷണിയെത്തുടർന്ന് മൽസരം റദ്ദാക്കിയത് ദുഃഖകരമാണെന്ന് എംബസി വ്യക്തമാക്കി. അർജന്റീന താരങ്ങൾ ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംബസി അറിയിച്ചു. ലയണൽ മെസ്സിക്കെതിരായ ഭീഷണി ഇസ്രയേലിലെ സാധാരണക്കാരെ സംബന്ധിച്ച് പുത്തരിയല്ല. നിരവധി ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും ഇരകളായിട്ടുള്ളവരാണ് ഇസ്രയേൽ ജനങ്ങളെന്നും എംബസി കുറിച്ചു.

അതേസമയം, മൽസരം ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പലസ്തീനിൽ ആഘോഷപ്രകടനങ്ങൾ തുടങ്ങി. ഗാസയിലും വെസ്റ്റ് ബാങ്കിലും ആഹ്ലാദം പ്രകടിപ്പിച്ച് ജനം തെരുവിലിറങ്ങി. മെസ്സിക്കും സഹകളിക്കാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള പ്രസ്താവന പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കി. മൂല്യങ്ങളും ധാർമ്മികതയും കളിയും ഇവിടെ വിജയിച്ചെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ജിബ്രിൽ റജോബ് പറ‍ഞ്ഞു. ലോകത്തിനു മുന്നിൽ മെസ്സി സമാധാനത്തിന്റെ അടയാളമാണെന്നും മൽസരത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ഇസ്രയേൽ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.