Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾ പെരുന്നാൾ; ഇരമ്പും ജയത്തോടെ റഷ്യ, ചെറിഷേവിന് ഇരട്ടഗോൾ

മോസ്കോയിൽനിന്ന് മുഹമ്മദ് ദാവൂദ്
russia-first-goal ചരിത്ര ഗോൾ: ലോകകപ്പിലെ ആദ്യ മൽസരത്തിൽ സൗദി അറേബ്യയ്ക്കെതിരെ യൂറി ഗാസിൻസ്കി റഷ്യയുടെ ആദ്യ ഗോൾ നേടുന്നു. റഷ്യ ലോകകപ്പിലെ ആദ്യ ഗോൾ എന്ന ചരിത്രനേട്ടം ഗാസിൻസ്കി സ്വന്തമാക്കി. ചിത്രം: എപി

ലുഷ്നികി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത പതിനായിരങ്ങളെ സാക്ഷിനിർത്തി റഷ്യ കുതിപ്പു തുടങ്ങി. ഏഷ്യയുടെ വെല്ലുവിളിയുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആതിഥേയർ 21–ാം ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ തകർത്തത്. യൂറി ഗാസിൻസ്കി (12–ാം മിനിറ്റ്),  ഡെനിസ് ചെറിഷേവ് (43, 90), ആർട്ടെം സ്യൂബ (71), അലക്സാണ്ടർ ഗോലോവിൻ(94)  എന്നിവരാണ് റഷ്യക്കു വേണ്ടി ഗോൾ കുറിച്ചത്.

തുടക്കം മുതൽ അതിവേഗ ഫുട്ബോളിലൂടെ സൗദി പ്രതിരോധ നിരയ്ക്കു റഷ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചു. മധ്യനിരയിൽ കളിയുടെ നിയന്ത്രണം പിടിച്ചെടുത്ത ആതിഥേയർ എതിരാളികൾക്കു മുന്നേറാൻ കാര്യമായ വിടവുകൾ നൽകിയതുമില്ല. ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഗോൾ നേടി, റഷ്യയ്ക്കു സമീപകാലത്തു നഷ്ടമായ വിജയാരവം തിരിച്ചു നൽകിയ നാൽവർ സംഘത്തിന്റെ പേരിൽ ആതിഥേയർ  ആഘോഷം തുടരുകയാണ്. ഗാസിൻസ്കി 12–ാം മിനിറ്റിലും ചെറിഷേവ് 43, 91 മിനിറ്റുകളിലും സ്യൂബ 71–ാം മിനിറ്റിലും അലക്സാണ്ടർ ഗോലോവിൻ 94–ാം മിനിറ്റിലും റഷ്യയുടെ ഗോളുകൾ നേടി. പകരക്കാരനായിറങ്ങി രണ്ടുഗോളുകൾ നേടിയ ചെറിഷേവ് ഒറ്റരാത്രി കൊണ്ടു റഷ്യയുടെ സൂപ്പർതാര പരിവേഷത്തിലേക്കുമുയർന്നു.

ലോകകപ്പിൽ 16 വർഷത്തിനു ശേഷമാണു റഷ്യ വിജയിക്കുന്നത്. മുൻപ്, 2002ൽ തുനീസിയയ്ക്കെതിരെ ആയിരുന്നു മുൻപത്തെ  വിജയം. ലോകകപ്പിന്റെ ഉദ്ഘാടന മൽസരത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന ടീമെന്ന റെക്കോർഡിനും ഒപ്പമെത്തി റഷ്യ. 1954ൽ ജനീവയിൽ ബ്രസീൽ 5–0ന് മെക്സിക്കോയെ കീഴടക്കിയതാണ് മുൻപത്തെ വലിയ സ്കോർ. 

Russia Soccer WCup Russia Saudi Arabia സൗദി അറേബ്യയ്ക്കെതിരെ മിഡ്ഫീൽഡർ ഡെനിസ് ചെറിഷേവ് റഷ്യയുടെ രണ്ടാമത്തെ ഗോൾ നേടുന്നു.

ഈ ലോകകപ്പിൽ പങ്കെടുക്കുന്ന, ഫിഫ റാങ്കിങ്ങിലെ താഴെയുള്ള രണ്ടു ടീമുകൾ തമ്മിലുള്ള കളിയായിരുന്നിട്ടും ആവേശത്തിന്റെ ഉച്ചസ്ഥായിലായിരുന്നു ലുഷ്നികി സ്റ്റേഡിയം. ഫസ്റ്റ് ടച്ച് മുതൽ ഇരുഗോൾമുഖത്തേക്കും പൊരുതിയാർത്ത ടീമുകൾക്കിടയിൽനിന്ന്, പെട്ടെന്നാണു റഷ്യ ആധിപത്യം നേടിയത്. 12–ാം മിനിറ്റിൽ ഗാസിൻസ്കിയുടെ സൂപ്പർ ഹെഡർ.  റഷ്യയ്ക്കു കിട്ടിയ കോർണറിൽനിന്ന് ഉരുത്തിരിഞ്ഞു വന്നതായിരുന്നു അത്. അതോടെ, സൗദിയുടെ  വേഗം കുറഞ്ഞു. എങ്കിലും, ഇരമ്പിയാർത്ത  റഷ്യയെ പിടിച്ചുനിർത്താൻ സൗദി താരങ്ങൾ കഴിവതു ശ്രമിച്ചു. പ്രതിരോധത്തിനും ആക്രമണത്തിനുമിടയിൽ മധ്യനിര മങ്ങിയതാണു സൗദിക്കു തിരിച്ചടിയായത്. ആദ്യപകുതി തീരാൻ രണ്ടു മിനിറ്റുള്ളപ്പോൾ  മധ്യനിരയിൽനിന്നു ബോക്സിലേക്ക്, മനോഹരമായ ഫുട്‌വർക്കോടെ പന്തുമായി വന്ന ഡെനിസ് ചെറിഷേവ്, സൗദി ഗോളി അബ്ദുല്ല അൽ മയൂഫിന്റെ തൊട്ടുമുന്നിൽനിന്നു തൊടുത്ത ഷോട്ട് വലയിൽ കയറി (2–0). പരുക്കുമൂലം അലൻ സഗേയോവ് പിൻവാങ്ങിയതിനെത്തുടർന്ന് 22–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതായിരുന്നു ചെറിഷേവ്.

ആദ്യ പകുതിയിൽ 2–0 ലീഡായതോടെ റഷ്യ പ്രതിരോധം ശക്തമാക്കി മധ്യനിരയിൽ പന്തു ഹോൾഡ് ചെയ്തു തുടങ്ങി. ഇതോടെ ഗോൾ മടക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ ഫലിക്കാതെയുമായി. ഇതിനിടെ, വീണ്ടുമൊരു പ്രതിരോധപ്പിഴവിൽനിന്നായിരുന്നു സ്യൂബയുടെ ഹെ‍ഡർ വീണത്.  സ്ട്രൈക്കർ സ്യൂബയുടെ ക്ലിനിക്കൽ ഫിനിഷിനു മുന്നിൽ സൗദി പൂർണമായും തകർന്നു.  പകരക്കാരനായി വന്ന് പ്രധാനിയായി മടങ്ങുകയെന്നതായിരുന്നു, സ്പാനിഷ് താരം വിയ്യാറയലിന്റെ കളിക്കാരനായ ചെറിഷേവിന്റെ തലക്കുറി. 91–ാം മിനിറ്റിലെ ഇടംകാലൻ ഷോട്ടിൽ ചെറിഷേവ് ലോകകപ്പിൽ ഡബിൾ തികച്ചു. 

കളിയുടെ അന്ത്യ നിമിഷങ്ങളിൽ രണ്ടാം ഗോളും നേടി ചെറിഷേവ് തന്റെ കന്നിലോകകപ്പ് ഡബിൾ ഗോൾനേട്ടം കൊണ്ടാഘോഷിച്ചു.  ഇൻജുറി ടൈമിൽ, അതുവരെ കളിയിൽ മികച്ച നീക്കങ്ങൾക്കും അവസരങ്ങൾക്കും പന്തൊരുക്കി നൽകിയ അലക്സാണ്ടർ ഗോലോവിന്റെ അവസരം. ഗോലോവിന്റെ ഫ്രീകിക്ക് അതിമനോഹരമായി ഗോളിലേക്കു വളഞ്ഞുകയറി. മറുപടിയില്ലാത്ത അഞ്ചു ഗോളുകളിലൂടെ ലോകകപ്പിന്റെ ഉദ്ഘാടനം റഷ്യ അവസ്മരണീയമാക്കി. 

ഉദ്‌ഘാടന മൽസരത്തിൽ   ആതിഥേയർ തോറ്റിട്ടില്ലെന്ന ചരിത്രത്തിന് ഇക്കുറിയും തിരുത്തില്ല. 10 തവണ ആതിഥേയർ കളിച്ചു. ഏഴു തവണയും ജയിച്ചു. മൂന്നു സമനില.

GOALS 

1. യൂറി ഗാസിൻസ്കി (12)

സൗദി താരം ഉമർ ഹൗസാവി വഴങ്ങിയ കോർണറിൽനിന്നാണ് റഷ്യ ആദ്യഗോളിനു വഴിയൊരുക്കിയത്. സൗദി ഗോൾമുഖത്തേക്കെത്തിയ കോർണർ തിരികെ ബോക്സിനു പുറത്തേക്ക്. പന്തു കാലിൽ കിട്ടിയ അലക്സാണ്ടർ ഗോലോവിൻ ക്രോസ് ചെയ്ത പന്ത് ബോക്സിലേക്ക് ഓടിക്കയറി ഗാസിൻസ്കി തലവച്ചു. (1–0)

2. ഡെനിസ് ചെറിഷേവ് (43) 

റോമൻ സോബ്നിന്റെ അസിസ്റ്റുണ്ടെങ്കിലും, പകരക്കാരൻ ഡെനിസ് ചെറിഷേവിന്റെ ഈ ഗോൾ മിഡ്ഫീൽഡറായ താരത്തിനു മാത്രം അവകാശപ്പെട്ടതാണ്. ലയണൽ മെസ്സിയെ അനുസ്മരിപ്പിച്ച ഫുട്‌വർക്കോടെ ബോക്സിലേക്ക് ഓടിക്കയറിയ ചെറിഷേവ്, ഗോൾപോസ്റ്റിന്റെ ഇടംകോണിലേക്ക് പായിച്ചതൊരു കരുത്തൻ ഷോട്ട് (2–0)

3. ആർട്ടെം സ്യൂബ (71)

അലക്സാണ്ടർ ഗോലോവിൻ തന്നെ ഈ ഗോളിന്റെയും ശിൽപി. സൗദി പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോലോവിൻ ബോക്സിന്റെ മധ്യത്തിലേക്കു നൽകിയ ക്രോസിന്, ഓടിക്കയറിയ സ്ട്രൈക്കർ സ്യൂബ മനോഹരമായി തലവച്ചു. എതിരാളികൾ അമ്പരന്നു പോയ മനോഹരഗോൾ (3–0). 

4. ഡെനിസ് ചെറിഷേവ് (91)

ഡെനിസ് ചെറിഷേവിനു ഡബിൾ. വീണ്ടുമൊരു ഇടംകാലൻ ഷോട്ട്. ബോക്സിന്റെ ഇടത്തേമൂലയിൽനിന്ന് ഗോൾപോസ്റ്റിന്റെ വലത്തേകോർണറിലേക്കു പന്തു പറന്നു കയറി. വഴിയൊരുക്കിയത് ആർട്ടെം സ്യൂബയുടെ ഹെഡഡ് പാസ്. (4–0). 

5. അലക്സാണ്ടർ ഗോലോവിൻ (94)

സൗദിയുടെ തൈസീൽ അൽ ജാസമിന്റെ ഫൗളിനു കിട്ടിയ ഫ്രീകിക്ക്. ഗോലോവിന്റെ വലംകാൽ ഷോട്ട്, പ്രതിരോധ മതിലിനെ കബളിപ്പിച്ച് പോസ്റ്റിന്റെ വലത്തേ കോർണറിൽ. (5–0)

TURNING POINT

പന്ത്രണ്ടാം മിനിറ്റിലെ ഗോൾ; അതുവരെ റഷ്യയ്ക്കൊപ്പം പൊരുതിയ സൗദി ഞെട്ടിയ നിമിഷം.  കളിയിലെ പ്രധാന വഴിത്തിരിവും ഇതായിരുന്നു. ശക്തമായ പ്രതിരോധമുയർത്തി റഷ്യൻ മുന്നേറ്റത്തിനു തടയിടാമെന്നു കരുതിയ സൗദിയെ, മനോഹരമായ സെറ്റ് പീസ് തന്ത്രത്തിലൂടെ റഷ്യ വീഴ്ത്തി.  

russia-gasinskey യൂറി ഗാസിൻസ്കി

STAR of the day

യൂറി ഗാസിൻസ്കി, (ഡിഫൻസീവ് മിഡ്ഫീൽഡർ) ക്ലബ് : എഫ്സി ക്രാസ്നോദർ (റഷ്യ)  വയസ്സ്: 28     

റഷ്യ ലോകകപ്പിലെ ആദ്യ ഗോൾ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ റഷ്യൻ മിഡ്ഫീൽഡർ യൂറി ഗാസിൻസ്കി തന്നെ ഇന്നത്തെ താരം. 2016 ലെ യൂറോ യോഗ്യതാ റൗണ്ടിലാണു റഷ്യ യൂറി ഗാസിൻസ്കിയെ ആദ്യം ടീമിലെടുത്തത്. ലോകകപ്പ് ടീമിൽ ഗാസിൻസ്കിയെ ഉൾപ്പെടുത്തിയപ്പോൾ റഷ്യക്കാർ പോലും ആശ്ചര്യപ്പെട്ടു. ‘ഞാൻ കള്ളം പറയുകയല്ല, ടീം പട്ടികയിൽ എന്റെ പേരു കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു,’ ടീമിൽ ഉൾപ്പെട്ട ശേഷം ഗാസിൻസ്കി പറഞ്ഞത് ഇങ്ങനെ. ലോകകപ്പിലെ ആദ്യ കളിയിൽ തന്നെ ഫസ്റ്റ് ഇലവനിലെടുത്ത കോച്ച് ചെർച്ചെസോവിന്റെ തീരുമാനം ശരിയായായെന്നു ഗാസിൻസ്കി 12–ാം മിനിറ്റിൽ തെളിയിച്ചു; ഉഗ്രൻ ഹെഡർ ഗോളിലൂടെ.