Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആരാധകരെ സമ്മതിക്കണം; ജപ്പാൻ ജപ്പാനായത് ഇങ്ങനെയാണ്!

japan-cleaning

മോസ്കോ∙ സരൻസ്കിലെ മൊർദോവിയ അരീനയിൽ കൊളംബിയയെ തൂത്തെറിഞ്ഞ് ലോകകപ്പ് ചരിത്രത്തിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന ചരിത്രം ജപ്പാന്. ഷിൻജി കവാഗയും യുയ ഒസാക്കയും ചരിത്രം കുറിക്കുന്നതു ക‌ണ്ടു വെറുതെയിരുന്നില്ല സമുറായി ടീമിന്റെ‌ ആരാധകർ. അവരും തൂത്തെറിഞ്ഞു ഗാലറിയിലെ ചപ്പുചവറുകൾ. അട്ടിമറികൊണ്ടു ജപ്പാൻപ്പട ശ്രദ്ധ നേടുമ്പോൾ പ്രവ‍ൃത്തികൊണ്ടു കയ്യടി നേടുകയാണു ആരാധകരും.

മത്സരശേഷം അവരിരുന്ന നിരകളിലെ ചപ്പുചവറുകൾ അവർ തന്നെ നീക്കം ചെയ്തു. കൊളംബിയ പോസ്റ്റിലേക്കു ജപ്പാൻ നടത്തിയ ആക്രമണം പോലെ ആരാധകരും കസേരകൾക്കിടിയിലൂടെ ഉൗളയിട്ടു. എല്ലാം ക്ലീൻ! ഇത് ജപ്പാന്റെ സംസ്കാരമാണ്. 

‘ഫുട്ബോൾ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നു പലരും പറയുന്നതു നിങ്ങൾ കേട്ടു കാണും. എല്ലാം വ‍ൃത്തിയുള്ളതാണെന്നു ഉറപ്പുവരുത്തുക ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഫുട്ബോൾ ഉൾപ്പടെ എല്ലാ കായിക ഇനങ്ങളും അതിൽ ഉൾപെടുന്നു’, ജപ്പാനിൽ ആസ്ഥാനമായുള്ള മാധ്യമ പ്രവർത്തകൻ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘ഫുട്ബോൾ കളി കഴിഞ്ഞ് സ്റ്റേഡിയം വ‍ൃത്തിയാക്കുന്ന ജപ്പാൻകാരുടെ ശീലം കൗതുകത്തോടെയാണു വിദേശികൾ വീക്ഷിക്കാറുള്ളത്. എന്നാൽ സ്കൂളും പരിസരവും കളികഴിഞ്ഞ മൈതാനവും വ‍ൃത്തിയാക്കാൻ ജപ്പാനിൽ ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കുന്നു. എല്ലാം വൃത്തിയുള്ളതാണെന്നു ഉറപ്പുവരുത്തുന്ന ജപ്പാൻ സംസ്കാരത്തിന്റെ ഭാഗം. ചെറുപ്പം മുതലേ ലഭിക്കുന്ന പരിശീലനം വൃത്തിയാക്കൽ ജീവിതചര്യയാക്കി മാറ്റുന്നു. ലോകത്തെവിടെ പോയാലും ഞങ്ങൾ ആ ശീലം തുടരുന്നു’ – കളി കാണാനെത്തിയ ജപ്പനിലെ ഒസാക്ക യൂണിവേഴ്സിറ്റി പ്രൊഫസർ പ്രതികരിച്ചു. 

ജപ്പാൻ ആരാധകരുടെ വ‍ൃത്തിയാക്കലിനു ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കൊളംബിയയെ തോൽപിച്ച ജപ്പാന്‍ ടീമിനേക്കാൾ കൂടുതൽ കയ്യടി ഇവർ നേടി കഴിഞ്ഞു, ഒപ്പം ലോകം മുഴുവനും ആരാധകരേയും.