Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലെ ആദ്യ ചുവപ്പുകാർഡ്, പോളിഷ് ദുരന്തം; മൽസരക്കാഴ്ചകൾ

colombia-senegal കൊളംബിയയ്ക്കെതിരെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തപ്പോൾ, പോളണ്ടിനെതിരെ സെനഗലിന്റെ ഗോളാഘോഷം.

റഷ്യൻ ലോകകപ്പിലെ മറ്റൊരു മൽസരദിനം കൂടി കടന്നുപോകുമ്പോൾ, ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് പുറത്തെടുത്തിരിക്കുന്ന റഫറി. സ്വന്തം ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തടഞ്ഞ കൊളംബിയൻ താരം കാർലോസ് സാഞ്ചസാണ് റഷ്യയിലെ ആദ്യ ചുവപ്പുകാർഡ് കണ്ടത്. മൽസരം ജപ്പാൻ ജയിക്കുകയും ചെയ്തു. വമ്പൻമാർക്കു കാലിടറുന്ന പതിവ് പോളണ്ടിലൂടെ തുടരുന്നതും ഈ ദിനത്തിൽ കണ്ടു. ആഫ്രിക്കൻ കരുത്തരായ സെനഗലാണ് പോളണ്ടിനെ അട്ടിമറിച്ചത്.

‘സമുറായി വിജയം’

മൽസരം തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ 10 പേരായി ചുരുങ്ങിയിട്ടും ജപ്പാനെതിരെ പൊരുതിനിന്ന കൊളംബിയയ്ക്ക് തോൽവിയോടെ റഷ്യൻ ലോകകപ്പിൽ അരങ്ങേറ്റം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ കൊളംബിയയെ വീഴ്ത്തിയത്. ഷിൻജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകൾ നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോൾ യുവാൻ ക്വിന്റേറോ നേടി.

‘പോളിഷ് ദുരന്തം’

റഷ്യയിൽ കാലിടറിയ വമ്പൻ ടീമുകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർത്ത് പോളണ്ടിന് തോൽവിത്തുടക്കം. 2002നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ സെനഗലാണ് പോളണ്ടിനെ ഞെട്ടിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ വിജയം.

റഷ്യയ്ക്ക് വിജയത്തുടർച്ച

റഷ്യയിൽ വമ്പൻ ടീമുകൾക്ക് കാലിടറുന്നത് പതിവാകുമ്പോൾ, സ്വപ്നതുല്യമായ പ്രകടനത്തോടെ റഷ്യ മുന്നോട്ട്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഉജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റുമായി പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പാക്കി. അതേസമയം, തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി രുചിച്ച ഈജിപ്ത് പുറത്താകലിന്റെ വക്കിലുമായി.