Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ, സാക്ഷാൽ മെസ്സിയുടെ ഫെയ്സ്ബുക് പേജിൽ നമ്മുടെ കേരളം! - വിഡിയോ

Kerala-in-Messi-fb-page മെസ്സിയുടെ ഫെയ്സ്ബുക് വിഡിയോയിൽനിന്ന്

താരാരാധയ്ക്ക് അതിരുവയ്ക്കാത്ത മലയാളി ഒടുവിൽ ലയണൽ മെസ്സിയുടെ വിരൽത്തുമ്പിലുമെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങൾ ഉൾപ്പെടുത്തി ലയണൽ മെസ്സിയുടെ ഓഫിഷ്യൽ ഫെയ്സ്ബുക് പേജിൽ അവതരിപ്പിച്ച വിഡിയോയിൽ നിറഞ്ഞുനിന്നതു കേരളം. ഒരു മിനിറ്റും അഞ്ചു സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ മൂന്നുതവണ മലയാളി ഫുട്ബോൾ ആരാധകരുടെ ആവേശത്തെയാണ് അവതരിപ്പിച്ചത്.

പാടത്തുയർത്തിയ കൂറ്റൻ കട്ടൗട്ട്, മെസ്സിയുടെ ചിത്രവുമേന്തിയുള്ള ആരാധകരുടെ റാലി എന്നിവ കേരളത്തിലെ ദൃശ്യങ്ങൾ തന്നെയെന്നാണു സൂചന. ‘ചങ്കാണ് അർജന്റീന’ എന്ന ഫെയ്സ്ബുക്കിലെ പ്രശസ്തമായ പ്രൊഫൈൽ ഫ്രെയിം വാചകവും വിഡിയോയിലുണ്ട്. കേരളത്തിനു പുറമേ അർജന്റീന, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരെയും വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് ഔദ്യോഗിക പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയിൽ‌ കേരളവുമുണ്ടെന്നറിഞ്ഞതോടെ ലൈക്കുകളും കമന്റുകളുമായി മലയാളികൾ ഇതിലേക്ക് ഒഴുകിയെത്തി. ഇതൊരു വലിയ അംഗീകാരമെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.

റോഡരികിൽ ഫ്ലക്സ് തൂക്കാൻ നടക്കുമ്പോഴും മുഖത്തു ചായം തേച്ചു ബൈക്ക് റാലി നടത്തുമ്പോഴും, എവിടെയോ കളിക്കുന്നവർക്കു വേണ്ടി ഓരോന്നു കാണിച്ചുകൂട്ടാൻ നാണമില്ലേ എന്നു ചോദിക്കുന്നവർക്ക് ഇതു സമർപ്പിക്കുന്നു – വിഡിയോയ്ക്കു താഴെ മലയാളികളിലൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.

related stories