Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണഞ്ചിപ്പിച്ച് ‘ക്രൂസ് മിസൈൽ’, ഗോൾമഴ പെയ്യിച്ച് ബൽജിയം; മൽസരക്കാഴ്ചകളിലൂടെ

germany-vs-sweden

ഫുട്ബോൾ ലോകം അന്തം വിട്ടുപോയ ദിനം. ഇതിൽപ്പരം ഈ കളിദിനത്തെ എങ്ങനെ വിശേഷിപ്പിക്കും? കഴിഞ്ഞുപോയ ദിനത്തിലെ മറക്കാനാകാത്ത കളിനിമിഷമേതായിരിക്കും? ഉത്തരമൊന്നു മാത്രം. സ്വീഡിഷ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തിയ ടോണി ക്രൂസിന്റെ തകർപ്പൻ ഗോൾ തന്നെ! ഈ ഗോളിന്റെ ചിറകിലേറി ലോകകപ്പ് സ്വപ്നങ്ങളിലേക്ക് ജർമനി തിരിച്ചെത്തിയിരിക്കുന്നു.

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മൽസരവും ഇതേ ദിനത്തിൽ നാം കണ്ടു. തുനീസിയയുടെ പോരാട്ടവീര്യത്തെ ഗോൾമഴയിൽ മുക്കി ബൽജിയം തിരിച്ചുകയറുമ്പോൾ ആകെ പിറന്നത് ഏഴു ഗോളുകൾ. അഞ്ചെണ്ണം ബൽജിയം താരങ്ങളുടെ വക. രണ്ടെണ്ണത്തിന്റെ ക്രെഡിറ്റ് തുനീസിയയ്ക്ക്. ഗ്രൂപ്പ് എഫിൽ രണ്ടാം ജയത്തോടെ മെക്സിക്കോ പ്രീക്വാർട്ടറിന് തൊട്ടടുത്തെത്തുന്നതും നാം കണ്ടു. ആവേശം സമ്മാനിച്ച ഈ ദിനത്തിലെ മൽസരക്കാഴ്ചകളിലൂടെ....

ക്രൂസ് മിസൈലിലേറി ജർമനി

അവസാന മിനിറ്റ് വരെ ഇഞ്ചോടിഞ്ച് പൊരുതിയ സ്വീഡന്റെ ഹൃദയം തകർത്ത് ഇൻജുറി ടൈമിലെ ‘ക്രൂസ് മിസൈൽ’. സമനിലയെന്ന് ഉറപ്പിച്ച മൽസരത്തിന്റെ ഇൻജുറി ടൈമിൽ ടോണി ക്രൂസ് നേടിയ ഫ്രീകിക്ക് ഗോളിൽ സ്വീഡനെ വീഴ്ത്തി ജർമനി റഷ്യൻ ലോകകപ്പിൽ പ്രതീക്ഷ കാത്തു. ആദ്യപകുതിയിൽ ടോയ്‍വോനൻ നേടിയ ഗോളിൽ മുന്നിൽക്കയറിയ സ്വീഡനെ, രണ്ടാം പകുതിയിൽ മാർക്കോ റ്യൂസ് (48), ടോണി ക്രൂസ് (90+6) എന്നിവർ നേടിയ ഗോളുകളിലാണ് ജർമനി വീഴ്ത്തിയത്.

ജർമനി– സ്വീഡൻ മൽസരം വിഡിയോ സ്റ്റോറി കാണാം

ഗോൾമഴയിൽ നനഞ്ഞ് തുനീസിയ

സ്വന്തം ഗോൾമുഖം തുറന്നുമലർത്തിയിട്ട് എതിരാളികളുടെ പോസ്റ്റ് തേടിപ്പോയ തുനീസിയയ്ക്ക് ബൽജിയത്തിനെതിരെ ദയനീയ തോൽവി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബൽജിയത്തിന്റെ ജയം. സൂപ്പർതാരങ്ങളായ റൊമേലു ലുക്കാകു (16, 45+3), ഏ‍ഡൻ ഹസാർഡ് (ആറ്, 51) എന്നിവരുടെ ഇരട്ടഗോളുകളാണ് ബൽജിയത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. ബൽജിയത്തിന്റെ അഞ്ചാം ഗോൾ മിച്ചി ബാത്ഷുവായി (90) നേടി. തുടർച്ചയായ രണ്ടാം മൽസരത്തിലും ഇരട്ടഗോൾ േനടിയ ലുക്കാകു, റഷ്യൻ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ഒന്നാമതെത്തി.

ബൽജിയം– തുനീസിയ മൽസരം വിഡിയോ സ്റ്റോറി കാണാം

കുതിപ്പു തുടർന്ന് മെക്സിക്കോ

ദേശീയ ജഴ്സിയിൽ 50–ാം ഗോൾ നേടിയ ഹവിയർ ഹെർണാണ്ടസിന്റെയും കഴിഞ്ഞ ദിവസം അന്തരിച്ച മുത്തച്ഛന് ശ്രദ്ധാഞ്ജലിയായി ആദ്യഗോൾ നേടിയ കാർലോസ് വേലയുടെയും മികവിൽ മെക്സിക്കോയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ വിജയം. ആദ്യ പകുതിയിൽ മെക്സിക്കോ ഒരു ഗോളിനു മുന്നിലായിരുന്നു. കാർലോസ് വേല 26–ാം മിനിറ്റിലും ഹവിയർ ഹെർണാണ്ടസ് 66–ാം മിനിറ്റിലുമാണ് ദക്ഷിണകൊറിയൻ വല ചലിപ്പിച്ചത്. ദക്ഷിണകൊറിയയുടെ ആശ്വാസഗോൾ ഇൻജുറി ടൈമിൽ സൻ ഹ്യൂങ് മിൻ നേടി.

മെക്സിക്കോ– ദക്ഷിണ കൊറിയ മൽസരം വിഡിയോ സ്റ്റോറി കാണാം