Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയെയും ലുക്കാകുവിനെയും കടന്ന് കെയ്ൻ; ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ (6–1) – വിഡിയോ

kane-and-england-celebration ഇംഗ്ലണ്ട് ടീമിന്റെ ഗോളാഘോഷം. (ഇംഗ്ലണ്ട് ടീം ട്വീറ്റ് ചെയ്ത ചിത്രം)

താരപ്രമുഖന്മാരില്ലാതെ, കൊട്ടും കുരവയുമില്ലാതെ ലോകകപ്പിനു വന്ന ഇംഗ്ലണ്ട് പതിയെ കളം പിടിക്കുകയാണ്. പാനമയ്ക്കെതിരെ നേടിയ 6–1 വിജയം, ലോകഫുട്ബോളിന്റെ തറവാടായ ഇംഗ്ലണ്ടിന്റെ ഉയിർത്തെഴുന്നേൽപിന്റെ അടയാളമാണ്. ലോകകപ്പ് ചരിത്രത്തിൽ, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിജയമാണിത്. 2010നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് നോക്കൗട്ടിൽ കടക്കുന്നത്. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ, 28ന് ഇംഗ്ലണ്ട് ബൽജിയത്തെ നേരിടും. ഈ കളി, ഗ്രൂപ്പ് ജേതാക്കളെയും നിശ്ചയിക്കും.

നിഷ്നി∙ സിംഹവിജയത്തിന്റെ കരുത്തുമായി ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക്. പാനമയുടെ ഗോൾ പോസ്റ്റിലേക്കു വഴിക്കുവഴിയായി ആറു ഗോളുകളാണ് ഇംഗ്ലണ്ട് നിക്ഷേപിച്ചത് (6–1). ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഹാട്രിക്കായിരുന്നു മൽസരത്തിന്റെ സവിശേഷത. രണ്ടു പെനൽറ്റി ഗോളുകളും (22, 45+1 മിനിറ്റുകളിൽ), ഒരു ഫീൽഡ് ഗോളുമാണു (62–ാം മിനിറ്റ്) കെയ്ൻ നേടിയത്. ആകെ ഗോൾനേട്ടം അഞ്ചായതോടെ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതെത്താനും കെയ്നിനായി. ജോൺ സ്റ്റോൺസ് രണ്ടും ലിങാർഡ് ഒരുഗോളും നേടി.

ഇംഗ്ലണ്ടിനോടും തോറ്റതോടെ ലോകകപ്പിൽനിന്നു പുറത്തായെങ്കിലും ലോകകപ്പിലെ ആദ്യ ഗോൾ നേട്ടം പാനമാ ആരാധകരും ആഘോഷമാക്കി. ഫിലിപ്പെ ബാലോയ്‌യാണു പാനമയുടെ ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം മൽസരത്തിലും പ്രതിരോധക്കോട്ട കാക്കാൻ മൂന്നു ഡിഫൻഡർമാരെയാണ് ഇംഗ്ലണ്ട് ചുമതലപ്പെടുത്തിയത്. ചടുലമായ നീക്കങ്ങളുമായി ഇംഗ്ലിഷ് മധ്യനിര കളം നിറഞ്ഞതോടെ പാനമ തുടക്കത്തിലേ ചൂളിപ്പോയി.

ഇംഗ്ലണ്ട്–പാനമ മൽസരം വിഡിയോ സ്റ്റോറി കാണാം

ഇടതുവിങ്ങിൽനിന്നു പലകുറി ബോക്സിലേക്കു കടന്നുകയറിയ ലിങാർഡാണു പാനമ പ്രതിരോധത്തിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചത്. ഇംഗ്ലണ്ടിനായി ആദ്യ പെനൽറ്റി നേടിയതും ലിങാർഡ് ആയിരുന്നു. ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ടച്ച് പാസുകളിലും വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിലും അമ്പരന്ന പാനമ ടീം ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും കാഴ്ചക്കാരായിരുന്നു.

ഇംഗ്ലണ്ട് ഗോൾമഴ തീർത്തതോടെ ആദ്യപകുതിയിൽത്തന്നെ പാനമ പരുക്കൻ അടവുകളിലേക്കു ചുവടുമാറ്റി. ബോക്സിനു സമീപത്ത് ഇംഗ്ലിഷ് താരങ്ങൾ പലവട്ടം ഫൗളുകൾക്കു വിധേയരായി. രണ്ടാം പകുതിയിൽ ഹാട്രിക്ക് തികച്ചതോടെ ഹാരി കെയ്നിനെ കോച്ച് മടക്കിവിളിച്ചു. തൊട്ടു പിന്നാലെ ലിങാർഡിനെയും ട്രൈപ്പിയറിനെയും സൗത്ത്ഗേറ്റ് പിൻവലിച്ചു.

ഗോളുകൾ വന്ന വഴി

∙ ജോൺ സ്റ്റോൺസ് (ഇംഗ്ലണ്ട്) – 8–ാം മിനിറ്റ്

ട്രൈപ്പിയർ എടുത്ത കോർണറിൽ നിന്നായിരുന്നു ഗോൾ. ബോക്സിനുള്ളിൽ ഉയർന്നു ചാടിയ സ്റ്റോൺസിന്റെ ഹെഡർ ഗോൾവര കടന്നു

∙ ഹാരി കെയ്ൻ (ഇംഗ്ലണ്ട്) – 22–ാം മിനിറ്റ്

ലിങാർഡിനെ പാനമ ഡിഫൻഡർ എസ്കോബർ ബോക്സിൽ വീഴ്ത്തിയതിന് ഇംഗ്ലണ്ടിനു പെനൽറ്റി. ഹാരി കെയ്നിന്റെ പെനൽറ്റി ലക്ഷ്യം കണ്ടു.

∙ ജെസി ലിങാർഡ് (ഇംഗ്ലണ്ട്) – 36–ാം മിനിറ്റ്

മൈതാനത്തിനു മധ്യത്തു നിന്ന് പന്തുമായി ലിങാർഡിന്റെ മുന്നേറ്റം. മികച്ച വൺ ടച്ച് പാസുകളിലൂടെ ആഷ്‌ലി യങും റഹിം സ്റ്റെർലിങും ലിങാർഡിനു മുന്നേറാൻ സ്ഥലം ഒരുക്കി. ബോക്സിനു പുറത്തുനിന്ന് ലിങാർഡ് തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

∙ സ്റ്റോൺസ് (ഇംഗ്ലണ്ട്) – 40–ാം മിനിറ്റ്

ബോക്സിനു പുറത്തു നിന്ന് ഇംഗ്ലണ്ടിനു ഫ്രീകിക്ക്. കിക്ക് എടുത്ത ട്രൈപ്പിയർ പന്ത് തൊട്ടുമുന്നിലുള്ള ഹെൻഡേഴ്സണു തട്ടിക്കൊടുത്തു. ബോക്സിലുള്ള കെയ്നിനു നേരെ ഹെൻഡേഴ്സന്റെ ക്രോസ്. കെയ്ൻ പന്തു തലകൊണ്ടു റഹിം സ്റ്റെൽലിങിനു മറിച്ചു. സ്റ്റെർലിങിന്റെ ഹെഡർ ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് സ്റ്റോൺസ് വലയിലെത്തിച്ചു.

∙ കെയ്ൻ (ഇംഗ്ലണ്ട്)‌ – 45+1 –ാം മിനിറ്റ്

ഇംഗ്ലണ്ടിനു കോർണർ. കിക്ക് എടുക്കുന്നതിനിടെ രണ്ട് ഇംഗ്ലിഷ് താരങ്ങളെ പാനമ ഡിഫൻഡർമാർ ബോക്സിനുള്ളിൽ വീഴ്ത്തി. ഇംഗ്ലണ്ടിന് പെനൽറ്റി. ഹാരി കെയിൻ വീണ്ടും ലക്ഷ്യം കണ്ടു.

∙ കെയിൻ (ഇംഗ്ലണ്ട്) – 62–ാം മിനിറ്റ്

പെനൽറ്റി ബോക്സിനു പുറത്തുനിന്ന് ലോങ് റേഞ്ചറിന് ലോഫ്റ്റസ് ചീക്കിന്റെ ശ്രമം. ബോക്സിലുള്ള കെയ്നിന്റെ കാലിലിടിച്ച് ദിശമാറിയ പന്ത് ഗോൾവര കടന്നു.

∙ ഫിലിപ്പെ ബാലോയ് (പാനമ) – 78–ാം മിനിറ്റ്

ഇംഗ്ലിഷ് ബോക്സിനകത്തേക്ക് റിക്കാർഡോ ആവിലയുടെ ഫ്രീകിക്ക്. തകർപ്പൻ ഡൈവിലൂടെ ഷോട്ടുതിർത്ത് ബാലോയ് പാനമയുടെ ആശ്വാസ ഗോൾ നേടി.

LIVE UPDATES