Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജന്റീന രക്ഷപ്പെട്ടു, ബ്രസീലും ജർമനിയും ഇന്നിറങ്ങും; എന്താവുമോ എന്തോ?

neymar-kroos ബ്രസീൽ താരം നെയ്മർ, ജർമൻ താരം ടോണി ക്രൂസ്.

മരണഗ്രൂപ്പ് എന്നോ മാരണഗ്രൂപ്പ് എന്നോ വിളിക്കാം. ഗ്രൂപ്പ് എഫിൽ ജർമനിയും മെക്സിക്കോയും സ്വീഡനും, എന്തിന് ആദ്യ രണ്ടിലും തോറ്റ ദക്ഷിണ കൊറിയയും വരെ പ്രതീക്ഷയിലാണ്. ചങ്കിടിപ്പോടെ ഗ്രൂപ്പ് ഇയിൽ ബ്രസീലും ഇന്നിറങ്ങുന്നു.

‘മാരണഗ്രൂപ്പ്’ അഥവാ ഗ്രൂപ്പ് എഫ്

ക്ലൈമാക്സിലേക്ക് സസ്പെന്‍സ് കരുതിവച്ച ഗ്രൂപ്പ് എഫില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുമോ എന്ന് ഇന്നറിയാം. ഏഷ്യന്‍ ടീം ദക്ഷിണകൊറിയയാണ് ജര്‍മനിയുടെ എതിരാളി. ജര്‍മനിക്കൊപ്പം തന്നെ മൂന്ന് പോയിന്റുള്ള സ്വീഡന്‍ മെക്സിക്കോയ്ക്കെതിരെ നിര്‍ണായക മല്‍സരത്തിനിറങ്ങും. രാത്രി ഏഴരയ്ക്കാണ് രണ്ട് പോരാട്ടങ്ങളും.

ഒരു ടീമിനുമില്ല ഇതുവരെ ഗ്രൂപ്പ് എഫില്‍ നിന്ന് നോക്കൗട്ട് യോഗ്യത. പ്രീക്വാര്‍ട്ടറിലേക്കുള്ള രണ്ട് സീറ്റുകളില്‍ ഇടം കണ്ടെത്താന്‍ പോരടിച്ച് മൂന്ന് ടീമുകളാണ് രംഗത്ത്. ആറു പോയിന്റുള്ള മെക്സിക്കോ, മൂന്നു പോയിന്റ് വീതമുള്ള ജര്‍മനിയും സ്വീഡനും. ആരും മുന്നേറാം, ആരും പുറത്താകാം എന്ന അവസ്ഥ. അക്ഷരാര്‍ഥത്തില്‍ തുലാസിന് മേലേയാണ് ജര്‍മനിയും സ്വീഡനും. ലോകചാംപ്യന്‍മാര്‍ക്കു മുന്നിലുളള വഴി നോക്കാം. ദക്ഷിണ കൊറിയയെ നിശ്ചയമായും തോല്‍പ്പിക്കണം. സമനിലയാണ് ഫലമെങ്കില്‍ സ്വീഡന്‍ ജയിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം. സ്വീഡനും ജര്‍മനിയും ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പിലെ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. മൂന്ന് സംഘങ്ങള്‍ക്കും ആറു പോയിന്റാവും സമ്പാദ്യം. അങ്ങനെ വന്നാല്‍ അടിച്ചഗോളും വാങ്ങിയഗോളുമെല്ലാം ചേര്‍ന്ന് മുന്നോട്ടുള്ള വഴികാട്ടും.

മെക്സിക്കോയോടേറ്റ തോല്‍വിക്ക് ശേഷം സ്വീഡനെ ഈ ഇഞ്ചുറി ടൈം ഗോളില്‍ ടോണി ക്രൂസ് പിന്തള്ളിയതാണ് റഷ്യയില്‍ ജര്‍മനിക്ക് ആകെ ഓര്‍മിക്കാനുള്ളത്. ഓസീലിനെയും ഖെദീരയെയും പുറത്തിരുത്തി കഴിഞ്ഞ കളിയിലെ ടീമിനെ നിലനിര്‍ത്താനാകും യോക്കിം ലോവ് താല്‍പര്യപെടുന്നത്. രണ്ട് കളികളും തോറ്റ ദക്ഷിണ കൊറിയ അത്രവലിയ വെല്ലുവിളിയാവില്ലെന്ന് കണക്കുകൂട്ടുന്നു ആരാധകര്‍.

ജർമനി–സ്വീഡൻ മല്‍സരം വി‍ഡിയോ സ്റ്റോറി കാണാം

ജര്‍മനിയെ പിടിച്ചുകെട്ടിയ മികവ് മെക്സിക്കോയ്ക്കെതിരെ പുറത്തെടുത്താല്‍ സ്വീഡന്‍ അപ്രതീക്ഷിത കുതിപ്പു നടത്തും. പ്രതിരോധക്കോട്ട കെട്ടി കൗണ്ടര്‍ അറ്റാക്കിലൂന്നിയാണ് കളി. ജയിച്ചാല്‍ മുന്നേറുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത് മെക്സിക്കോയ്ക്ക് മാത്രമാണ്.

ചങ്കിടിപ്പോടെ ബ്രസീൽ

ഗ്രൂപ്പ് ഇയില്‍ അവസാന പതിനാറിലെത്താന്‍ മൂന്നു ടീമുകളുടെ കടുത്ത പോരാട്ടം. ബ്രസീല്‍ സെര്‍ബിയയെയും സ്വിറ്റ്സര്‍ലന്‍ഡ് കോസ്റ്റാറിക്കയെയും നേരിടും. തോല്‍ക്കാതിരുന്നാല്‍ ബ്രസീലിനും സ്വിറ്റ്സര്‍ലന്‍‍ഡിനും പ്രീക്വാര്‍ട്ടറിലെത്താം. രാത്രി പതിനൊന്നരക്കാണ് മല്‍സരങ്ങള്‍

ലോകകപ്പിന്റെ പ്രിയ ടീമുകളില്‍ ഒന്നായെത്തിയ ബ്രസീല്‍ മികവിനൊത്ത പ്രകടനമല്ല ഗ്രൂപ്പിലെ രണ്ടു മല്‍സരങ്ങളിലും നടത്തിയത്, സ്വിറ്റ്സര്‍ലന്‍‍ഡിന്റെ മതിലില്‍ തട്ടി സമനിലപിടിച്ച ബ്രസീല്‍ കോസ്റ്ററിക്കയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ ഇഞ്ചുറി ടൈം വരെ പണിയെടുക്കേണ്ടിവന്നു. നെയ്മര്‍ ഗോള്‍ നേടിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ ഗോളിലേക്കുള്ള അവസരമൊരുക്കുന്നതില്‍ നെയ്മറും കുടീഞ്ഞോയും രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് സാംബാ ബോയ്സിന്റെ വീര്യംകൂട്ടുന്നു. സെര്‍ബിയന്‍ പ്രതിരോധത്തെ നയിക്കുന്ന അലക്സാണ്ടര്‍ കൊളറോവിന് പണികൂടും.

ബ്രസീൽ– കോസ്റ്ററിക്ക മൽസരം വിഡിയോ സ്റ്റോറി കാണാം

കോസ്റ്ററിക്കയെ തോല്‍പിച്ച സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡിനോട് അവസാന നിമിഷമാണ് തോറ്റത്. പ്രായം തളര്‍ത്തുന്ന സെര്‍ബിയന്‍ നിരക്ക് മുഴുവന്‍സമയവും പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഇല്ലാത്തത് അവരുടെ മുന്നേറ്റത്തിന് തിരിച്ചടിയാകും. അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ മുന്നേറ്റങ്ങളെ മിറാന്‍ഡ–സില്‍വ സഖ്യം എങ്ങനെ നേരിടുന്നുവെന്നത് നിര്‍ണായകമാണ്. പ്രതിരോധം തന്നെയാണ് ബ്രസീലിന്റെ തലവേദന.

മധ്യനിരയില്‍ മാറ്റിച്ചും മിലിവോജിച്ചും തീര്‍ക്കുന്ന ക്രിയാത്മക നീക്കങ്ങളുടെ മുനയൊടിക്കാന്‍ കാനറികള്‍ക്കായാല്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലെത്താം. സമനില നേടിയാലും ബ്രസീല്‍ അവസാന പതിനാറിലെത്തും. ഗോളാഘോഷത്തിന് ഇരട്ടത്തലയുള്ള പരുന്തിന്റെ അടയാളം കാണിച്ച ഷാക്കിരിയും ഷാക്കയും വിലക്കില്‍ നിന്ന് രക്ഷപെട്ടെത്തുന്നത് കോസ്റ്റാറിക്കയ്ക്ക് മേല്‍ പറക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിന് പ്രതീക്ഷ നല്‍കുന്നു.

ഗ്രൂപ്പ് എഫ്

വൈകിട്ട് 7.30: ദക്ഷിണ കൊറിയ (57) – ജർമനി (1)
വൈകിട്ട് 7.30: മെക്സിക്കോ (15) – സ്വീഡൻ (24)

∙ ഗ്രൂപ്പിലെ നാലു ടീമുകൾക്കും ഇപ്പോഴും സാധ്യത.
∙ ദക്ഷിണ കൊറിയയെ തോൽപിച്ചാൽ ജർമനിക്കു നോക്കൗട്ട് ഉറപ്പിക്കാം. സമനിലയാണെങ്കിലും സാധ്യത. സ്വീഡൻ– മെക്സിക്കോ മൽസരഫലം അപ്പോൾ നിർണായകമാവും.
∙ ആദ്യ രണ്ടു കളിയും ജയിച്ച മെക്സിക്കോ ഇന്നു സ്വീ‍ഡനെതിരെ ജയിക്കുകയോ സമനിലയാവുകയോ ചെയ്താൽ അനായാസം നോക്കൗട്ടിലെത്താം.
∙ സ്വീഡനോടു വൻമാർജിനിൽ തോൽക്കുകയും ജർമനി ദക്ഷിണ കൊറിയയെ വൻ മാർജിനിൽ വീഴ്ത്തുകയും ചെയ്താൽ മെക്സിക്കോ പുറത്താകും.
∙ ഇന്നു ജർമനിയും സ്വീഡനും ജയിച്ചാൽ ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഒരേപോയിന്റാകും. ഗോൾ ശരാശരി, ആകെ സ്കോർ ചെയ്ത ഗോൾ എന്നിവ ഈ ഘട്ടത്തിൽ നിർണായകമാവും.
∙ ആദ്യ രണ്ടു കളിയും തോറ്റ ദക്ഷിണ കൊറിയയ്ക്കും അവസരമുണ്ട്. അതിന്, അവർ ജർമനിയെ നല്ല മാർജിനിൽ തോൽപിക്കണം. ഒപ്പം മെക്സിക്കോ സ്വീഡനെയും വീഴ്ത്തണം.

ഗ്രൂപ്പ് ഇ

രാത്രി 11.30: സ്വിറ്റ്സർലൻഡ് (6) – കോസ്റ്റ റിക്ക (23)
വൈകിട്ട് 7.30: സെർബിയ (34) – ബ്രസീൽ (2)

∙ കോസ്റ്ററിക്ക പുറത്ത്. നാലു പോയിന്റുള്ള ബ്രസീലിനു സെർബിയയ്ക്കെതിരെ ജയിക്കണം. സമനിലയാണെങ്കിലും സാധ്യതയുണ്ട്.
∙ നാലു പോയിന്റുള്ള സ്വിറ്റ്സർലൻഡിന് കോസ്റ്ററിക്കയെ കീഴടക്കിയാൽ അനായാസം പ്രീക്വാർട്ടറിലെത്താം. സമനിലയാണെങ്കിലും സാധ്യത.
∙ സെർബിയ ബ്രസീലിനെ കീഴടക്കിയാൽ നോക്കൗട്ടിലെത്തും. ബ്രസീലിനെതിരെ സമനിലയാണെങ്കിലും, കോസ്റ്ററിക്ക സ്വിറ്റ്സർലൻഡിനെ വൻമാർജിനിൽ കീഴടക്കിയാൽ സെർബിയയ്ക്കു മുന്നേറാം.
∙ സെർബിയയോടു തോറ്റാലും പ്രീക്വാർട്ടറിലെത്താനുള്ള സാധ്യത ബ്രസീലിനുണ്ട്. അതിനു സ്വിറ്റ്സർലൻഡ് കോസ്റ്ററിക്കയോടു തോൽക്കണം, ബ്രസീലിന് സ്വിസ് ടീമിനെക്കാൾ മെച്ചപ്പെട്ട ഗോൾവ്യത്യാസവും വേണം.

ലോകകപ്പിൽ എന്ത് സംഭവിക്കുന്നു? വിശകലനം