Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൊയേഷ്യയെ വീഴ്ത്തി കപ്പ് ഫ്രാൻസിന്: ബൂട്ടിയ

bhaichung-bhutia

കൊച്ചി ∙ ഇന്ത്യൻ ഫുട്ബോളിന്റെ സൂപ്പർ താരം ബൈചുങ് ബൂട്ടിയ പ്രവചിക്കുന്നു: ഈ ലോകകപ്പ് ഫ്രാൻസിന്. ഫ്രാൻസും ക്രൊയേഷ്യയും തമ്മിലാവും ഫൈനലെന്നാണ് എന്റെ കണക്കുകൂട്ടൽ. ആക്രമണവും പ്രതിരോധവും ഒരുപോലെ മികവുറ്റ ഫ്രാൻസ് തന്നെയാണ് കപ്പുയർത്താൻ ഏറ്റവും സാധ്യത. സെമിയിൽ ശക്തരായ ബൽജിയവും ഫ്രാൻസും തമ്മിലുള്ള പോരാട്ടം ഫൈനൽപോലെ തന്നെയാണ്. എങ്കിലും ഫ്രാൻസ് നേടിയേക്കും. ഇംഗ്ലണ്ട് - ക്രൊയേഷ്യ സെമിയാണു പ്രവചിക്കാൻ ഏറെ ബുദ്ധിമുട്ട്. നേരിയ മുൻതൂക്കം ക്രൊയേഷ്യയ്ക്കുതന്നെ.  - ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരം (104) കളിച്ചിട്ടുള്ള ബൂട്ടിയ വിലയിരുത്തി. കൊച്ചിയിൽ വെക്ടർ എക്സ് ബ്രാൻഡിലുള്ള ഫിഫ അംഗീകൃത ഫുട്ബോൾ പ്രകാശനത്തിനെത്തിയ ബൂട്ടിയ മനോരമയോടു സംസാരിക്കുന്നു. 

നഷ്ടം അർജന്റീന, ഞെട്ടൽ ജർമനി

ഈ ലോകകപ്പ് അർജന്റീന നേടണമെന്നായിരുന്നു ആഗ്രഹം. ബഹുഭൂരിപക്ഷം ഫുട്ബോൾ പ്രേമികളെയും പോലെ മറഡോണ ആരാധനയിൽനിന്നു തുടങ്ങിയതാണ് എന്റെയും അർജന്റീന ഇഷ്ടം. കുട്ടിക്കാലത്തു ടിവിയിൽ കണ്ട 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ വിഖ്യാത ഗോളാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ലോകകപ്പ് ഓർമ. മെസിക്കു വേണ്ടിയാണ് ഇത്തവണ അർജന്റീന കപ്പ് നേടണമെന്നു കൊതിച്ചത്. പക്ഷേ, ഒരു ടീം എന്ന നിലയിൽ അവർക്ക് ഒത്തിണക്കം ഇല്ലാതെപോയി. 

ഈ ലോകകപ്പിന്റെ ശരിക്കുമുള്ള ഞെട്ടൽ ജർമനിയാണ്.  ഫ്രാൻസ് കഴിഞ്ഞാൽ ജർമനിക്കും സ്പെയിനിനുമായിരുന്നു ഞാൻ ഏറെ സാധ്യത കൽപിച്ചിരുന്നത്. ബൽജിയം കറുത്ത കുതിരകളായേക്കുമെന്നും തോന്നിയിരുന്നു. പവർ ഫുട്ബോളിന്റെ കാലമാണിത്. അതിനാൽ യൂറോപ്യൻ ടീമുകളുടെ മുന്നേറ്റം അപ്രതീക്ഷിതമല്ലെങ്കിലും ലാറ്റിനമേരിക്കൻ ടീമുകളിൽ ബ്രസീലിന്റേതു മികച്ച ടീം തന്നെയായിരുന്നു. അവർ മുന്നേറുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ.  ഇനിയും സർപ്രൈസുകൾ ഉണ്ടായേക്കാം. മെസ്സിയും റൊണാൾഡോയും നെയ്മറും കളംവിട്ടെങ്കിലും ഹാരി കെയ്നും ലുക്കാകുവും എംബപെയും അടക്കമുള്ള പുത്തൻ സൂപ്പർ താരങ്ങൾ വരുന്നു എന്നതും കളിപ്രേമികൾക്ക് ആവേശമാണ്.– ബൂട്ടിയ പറഞ്ഞു.