Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എക്സ്ട്രാ ഗോളി’ൽ ഇംഗ്ലിഷ് കടമ്പ കടന്ന് ക്രൊയേഷ്യ; ആദ്യമായി ലോകകപ്പ് ഫൈനലിൽ (2–1)

Croatia's players celebrate ക്രൊയേഷ്യൻ താരങ്ങളുടെ ഗോളാഘോഷം.

മോസ്കോ∙ എക്സ്ട്രാ ടൈമിൽ സൂപ്പർതാരം മരിയോ മാൻസൂക്കിച്ച് നേടിയ ഗോളിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ (5–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിൽക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്.

ജൂലൈ 15ന് രാത്രി ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ട് ബൽജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ വിജയം ബൽജിയത്തിനായിരുന്നു.

ഇംഗ്ലണ്ട്–ക്രൊയേഷ്യ മല്‍സരം വി‍ഡിയോ സ്റ്റോറി കാണാം

ആവേശം അലതല്ലിയ പോരാട്ടത്തിൽ അ‍ഞ്ചാം മിനിറ്റിൽത്തന്നെ മുന്നിൽക്കയറി നേടിയ മുൻതൂക്കം കളഞ്ഞുകുളിച്ചാണ് ഗാരത് സൗത്ഗേറ്റിന്റെ കുട്ടികൾ തോൽവി വഴങ്ങിയത്. തുടക്കം പിഴച്ചെങ്കിലും മിഡ്ഫീൽഡ് ജനറൽമാരായ ലൂക്കാ മോഡ്രിച്ച്–ഇവാൻ റാക്കിട്ടിച്ച് സഖ്യത്തിന്റെ കരുത്തിൽ മൽസരം പിടിച്ച ക്രൊയേഷ്യ, വിജയം പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പിൽ ആദ്യമായി സമ്പൂർണ ഫോമിലേക്കുയർന്ന മുൻനിരയിലെ പെരിസിച്ച്–മാൻസൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തിൽ നിർണായക സംഭാവന നൽകി. ഗോളുകൾ നേടിയതും ഇവർ തന്നെ.

എക്സ്ട്രാ ടൈമിൽ ഗോളെന്നുറപ്പിച്ച ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡർ ഗോൾലൈനിനരികിൽ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാൽകോയുടെ പ്രകടനത്തിനും നൽകണം കയ്യടി. ഗോൾകീപ്പർ സുബാസിച്ചിന്റെ നീട്ടിയ കൈകൾക്കപ്പുറത്തുകൂടി വലയിലേക്ക് നീങ്ങിയ പന്താണ് വ്രസാൽകോ രക്ഷപ്പെടുത്തിയത്. പെരിസിച്ച് നേടിയ ആദ്യഗോളിന് പന്തെത്തിച്ചതും വ്രസാൽകോ തന്നെ. 1998ൽ ആദ്യ ലോകകപ്പിൽ സെമിയിൽ തോറ്റെങ്കിലും മൂന്നാം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവർണാവസരമാണ് ഒരു മൽസരമകലെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.