Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോൾഡൻ ബോൾ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്; എംബപെ യുവതാരം

modric-mbappe മോഡ്രിച്ചും എംബപെയും പുരസ്കാരങ്ങളുമായി.

മോസ്കോ∙ റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ക്രൊയേഷ്യൻ നായകൻ ലൂക്കാ മോ‍ഡ്രിച്ചിന്. എല്ലാവരും എഴുതിത്തള്ളിയ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോ‍ഡ്രിച്ചിനെ മികച്ച താരമാക്കിയത്. ബൽജിയം ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡ്, ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മൻ എന്നിവരെ പിന്തള്ളിയാണ് മോ‍ഡ്രിച്ച് ലോകകപ്പിന്റെ താരമായത്.

അതേസമയം, മികച്ച താരത്തിനുള്ള മൽസരത്തിൽ മോഡ്രിച്ചിന് വെല്ലുവിളിയാകുമെന്ന കരുതപ്പെട്ടിരുന്ന ഫ്രഞ്ച് താരം കിലിയൻ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. ഈ ലോകകപ്പിലാകെ നാലു ഗോളുകൾ നേടിയാണ് പത്തൊൻപതുകാരനായ എംബപെ മികച്ച യുവതാരമായത്.

ലോകകപ്പ് ഫ്രാൻസ്–ക്രൊയേഷ്യ ഫൈനൽ മൽസരം വിഡിയോ സ്റ്റോറി കാണാം

ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. ബ്രസീൽ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസും ആറു ഗോളുകളോടെയാണ് പുരസ്കാരം നേടിയത്.

മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ബൽജിയത്തിന്റെ തിബോ കുർട്ടോ നേടി. ക്വാർട്ടറിൽ ബ്രസീലിനെതിരെ ഉൾപ്പെടെ തിബോ നടത്തിയ മികച്ച സേവുകളാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്. ലോകകപ്പ് നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് കുർട്ടോയുടെ പുരസ്കാരനേട്ടം.