Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പാനിഷ് ചെമ്പട

cartoon

മഡ്രിഡ് ∙ സുവർണകാലം തിരിച്ചുപിടിക്കാൻ സ്പെയിന്റെ ചെമ്പട തയാർ. ലോകകപ്പിനുള്ള സ്പെയിൻ 23 അംഗ ടീമിനെ കോച്ച് ജുലെൻ ലോപ്ടെജ്യൂയി പ്രഖ്യാപിച്ചു. റയൽ മഡ്രിഡ് താരം സെർജിയോ റാമോസ്, ബാർസിലോന താരം ആന്ദ്രെ ഇനിയേസ്റ്റ തുടങ്ങിയ വെറ്ററൻ താരങ്ങളുള്ള ടീമിൽ ക്ലബ് ഫുട്ബോളിലെ പല പ്രധാന താരങ്ങൾക്കും ഇടമില്ല. ചെൽസി താരങ്ങളായ സെസ്ക് ഫാബ്രിഗാസ്, അൽവാരോ മൊറാത്ത, മാർകോസ് അലോൻസോ, ബാർസിലോന താരം സെർജി റോബർട്ടോ എന്നിവർ ടീമിലില്ല. ആർസനൽ ലെഫ്റ്റ് ബായ്ക്ക് നാച്ചോ മോൺറിയാലാണ് പ്രതീക്ഷിക്കാതെ ടീമിലേക്കു വിളിയെത്തിയ ഒരാൾ. അത്‌ലറ്റിക്കോ മഡ്രിഡ് താരം ഡിയേഗോ കോസ്റ്റ, സെൽറ്റ വിഗോയുടെ ഇയാഗോ അസ്പാസ്, വലെൻസിയ സ്ട്രൈക്കർ റോഡ്രിഗോ മൊറീനോ എന്നിവരാണ് മുന്നേറ്റത്തിൽ. ക്യാപ്റ്റൻ സെർജിയോ റാമോസിനൊപ്പം ഇസ്കോ, മാർക്കോ അസെൻസിയോ, നാച്ചോ ഫെർണാണ്ടസ്, ഡാനി കർവഹാൽ, ലൂക്കാസ് വാസ്ക്വെസ് എന്നീ ആറു പേരാണ് റയൽ മഡ്രിഡ് ടീമിൽനിന്നുള്ളത്. ബാർസിലോനയിൽനിന്ന് ആന്ദ്രെ ഇനിയേസ്റ്റ, ജോർദി ആൽബ, സെർജിയോ ബുസ്കെറ്റ്സ്, ജെറാർദ് പിക്വെ എന്നീ നാലു പേർ മാത്രമാണ് ബാർസയിൽനിന്നുള്ളത്. കഴിഞ്ഞ ലോകകപ്പ് കളിച്ച സ്പെയിൻ ടീമിലെ ഏഴു പേരും ബാർസയിൽനിന്നായിരുന്നു. മാഞ്ചസ്റ്റർ യുണെറ്റ‍ഡിന്റെ ഡേവിഡ് ഡിഗിയ തന്നെയാണ് ഒന്നാം നമ്പർ ഗോൾകീപ്പർ. 

ടീം: 

∙ ഗോൾകീപ്പർമാർ–ഡേവിഡ് ഡിഗിയ (മാഞ്ചസ്റ്റർ യുണൈറ്റഡ്), പെപ്പെ റെയ്ന (നാപ്പോളി), കോപ അരിസാബലാഗ (ബിൽബാവോ) 

∙ ഡിഫൻഡർമാർ–ജോർദി ആൽബ (ബാർസിലോന), നാച്ചോ മോൺറിയാൽ (ആർസനൽ), അൽവാരോ ഒഡ്രിയോസോള (റയൽ സോസിദാദ്), നാച്ചോ ഫെർണാണ്ടസ് (റയൽ മഡ്രിഡ്), ഡാനി കർവഹാൽ (റയൽ മഡ്രിഡ്), ജെറാർദ് പിക്വെ (ബാർസിലോന), സെർജിയോ റാമോസ് (റയൽ മഡ്രിഡ്), സെസാർ അസ്പിലിക്യുയേറ്റ (ചെൽസി). 

∙ മിഡ്ഫീൽഡർമാർ–സെർജിയോ ബുസ്കെറ്റ്സ് (ബാർസിലോന), ഇസ്കോ (റയൽ മഡ്രിഡ്), തിയാഗോ അൽകാൻട്ര (ബയൺ മ്യൂണിക്ക്), ഡേവി‍ഡ് സിൽവ (മാഞ്ചസ്റ്റർ സിറ്റി), ആന്ദ്രെ ഇനിയേസ്റ്റ (ബാർസിലോന), സോൾ നിഗ്വേസ് (അത്‌ലറ്റിക്കോ മഡ്രിഡ്), കോകെ (അത്‌ലറ്റിക്കോ മഡ്രിഡ്) 

∙ ഫോർവേഡുകൾ–മാർക്കോ അസെൻസിയോ (റയൽ മഡ്രിഡ്), ഇയാഗോ അസ്പാസ് (സെൽറ്റ വിഗോ), ഡിയേഗോ കോസ്റ്റ (അത്‌ലറ്റിക്കോ മഡ്രിഡ്), റോ‍ഡ്രിഗോ മൊറീനോ (വലെൻസിയ), ലൂക്കാസ് വാസ്ക്വെസ് (റയൽ മഡ്രിഡ്). 

ക്ലബ് കാൽക്കുലേറ്റർ 

റയൽ മഡ്രിഡ് (സ്പെയിൻ) – 6 

ബാർസിലോന (സ്പെയിൻ) – 4 

അത്‌ലറ്റിക്കോ മഡ്രിഡ് (സ്പെയിൻ) – 3 

മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇംഗ്ലണ്ട്) – 1 

നാപ്പോളി (ഇറ്റലി) – 1 

അത്‌ലറ്റിക് ബിൽബാവോ (സ്പെയിൻ) – 1 

ആർസനൽ (ഇംഗ്ലണ്ട്) – 1 

റയൽ സോസിദാദ് (സ്പെയിൻ) – 1 

ചെൽസി (ഇംഗ്ലണ്ട്) – 1 

ബയൺ മ്യൂണിക്ക് (ജർമനി) – 1 

മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) – 1 

സെൽറ്റ വിഗോ (സ്പെയിൻ) – 1 

വലെൻ‍സിയ (സ്പെയിൻ) – 1 

വാം അപ്പ്

∙ ജൂൺ 3–സ്വിറ്റ്സർലൻഡ് 

∙ ജൂൺ 9–ടുണീസിയ 

കപ്പ് മാച്ചസ്

ജൂൺ 15–പോർചുഗൽ (11.30) 

ജൂൺ 20–ഇറാൻ (11.30) 

ജൂൺ 25–മൊറോക്കോ (11.30) 

ഫോർവേഡ്:

ലോകകപ്പ് എന്നത് മനോഹരമായ ടൂർണമെന്റാണ്. ഒപ്പം അത്രയും വെല്ലുവിളിയേറിയതും. മൂന്നു മൽസരങ്ങളേ നമുക്ക് ഉറപ്പായും കിട്ടുകയുള്ളൂ. ബാക്കിയുള്ളത് പൊരുതി നേടേണ്ടതാണ്. 

– ജുലെൻ ലോപ്ടെജ്യൂയി (സ്പെയിൻ പരിശീലകൻ). 

ഗെയിം പ്ലാൻ

ബാർസിലോന താരം ആന്ദ്രെ ഇനിയേസ്റ്റയുടെ വിരമിക്കലിനു വേണ്ടിയാണ് സ്പാനിഷ് കോച്ച് ജുലെൻ ലോപ്ടെജ്യൂയി ടീമിനെ പ്രഖ്യാപിക്കുന്നതു വൈകിച്ചത്. എന്നാൽ കിട്ടിയ സമയം ടീം സിലക്‌ഷനിലും കോച്ച് ഏറെ തലപുകച്ചെന്നു വ്യക്തം. മിക്ക പൊസിഷനിലേക്കും ഒന്നിലേറെ കളിക്കാർ തന്റെ മുന്നിലുണ്ടായിരുന്നു എന്ന് ലോപ്ടെജ്യൂയി സമ്മതിക്കുകയും ചെയ്തു. ഏതു ഫോർമേഷനിലും എങ്ങനെ വേണമെങ്കിലും അണി നിരത്താവുന്ന താരങ്ങളുണ്ട് സ്പെയിന്. എങ്കിലും 4–3–3 തന്നെ കോച്ചിനു പ്രിയം. ഗോൾകീപ്പറായി ഡിഗിയ ഉറപ്പ്. സെൻട്രൽ ഡിഫൻസിൽ സെർജിയോ റാമോസും ജെറാർദ് പിക്വെയും. ഇടതു പാർശ്വത്തിൽ ജോർദി ആൽബ. സെക്കൻഡ് ഓപ്ഷനായി നാച്ചോ മോൺറിയാൽ. റൈറ്റ് ബായ്ക്ക് സ്ഥാനത്തേക്ക് ഡാനി കർവഹാലും അസ്പിലിക്യുയേറ്റയും മൽസരിക്കേണ്ടി വരും. ഡിഫൻഡീസ് മിഡ്ഫീൽഡറായി സെർജിയോ ബുസ്കെറ്റ്സ്. മധ്യനിരയിൽ ഒട്ടേറെ താരങ്ങളുള്ളതിനാൽ ഇനിയേസ്റ്റയ്ക്ക് കോച്ച് അമിതഭാരം നൽകില്ല. ‍ഇസ്കോയും തിയാഗോയും വന്നേക്കാം. മുന്നേറ്റനിരയിലാണ് ലോപ്ടെജ്യൂയിക്ക് ആശങ്കയുള്ളത്. 

കോസ്റ്റയുടെ കളി അപ്രവചനീയമാണ്. സിൽവ, അസെൻസിയോ, അസ്പാസ്, വാസ്ക്വെസ് എന്നിവർ വിങ്ങിൽ മാറിമാറി കളിക്കാവുന്നവർ. 

151 – സ്പെയിൻ ടീമിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ചത് ക്യാപ്റ്റൻ സെർജിയോ റാമോസ് തന്നെ – 151. ബാർസിലോന താരം ആന്ദ്രെ ഇനിയേസ്റ്റ രണ്ടാമത്–125 മൽസരങ്ങൾ. ഏറ്റവും പ്രായം കൂടിയ താരം ഗോൾകീപ്പർ 

പെപെ റെയ്ന–35 വയസ്സ്. ഒരു മൽസരം പോലും കളിക്കാത്ത ആരും ടീമിലില്ല.