Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണഗ്രൂപ്പിൽ പൊരുതാനുറച്ച് ക്ലാസിക് ക്രൊയേഷ്യ

crotia

പ്രബലരായ അർജന്റീനയും അട്ടിമറി വീരൻമാരായ നൈജീരിയയും, ഐസ്‌ലൻഡും ഉൾപ്പെട്ട മരണഗ്രൂപ്പിൽ ക്രൊയേഷ്യ ചിലപ്പോൾ വീരമൃത്യു വരിച്ചേക്കാം. അല്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ പുറത്താകലിൽനിന്നു മോഡ്രിച്ചിന്റെയോ റാക്കിട്ടിച്ചിന്റെയോ കാലുകൾ കണ്ടെത്തുന്ന മൃതസഞ്ജീവനിയുടെ കൂട്ട് ബ്ലേസേഴ്സിനെ നോക്കൗട്ടിലെത്തിച്ചേക്കാം. 1998 ലോകകപ്പിലെ മൂന്നാം സ്ഥാനം വീണുകിട്ടിയതല്ലെന്നു നാട്ടുകാർക്കു മുന്നിൽ തെളിയിക്കാൻ സ്വപ്നതുല്യമായ ടീമാണു ഡാലിച്ചിനു വീണുകിട്ടിയിരിക്കുന്നത്. ലോകകപ്പിനിറങ്ങുമ്പോൾ ക്രൊയേഷ്യയ്ക്ക് വഴികൾ രണ്ടാണ്; നന്നാകാം, നശിക്കാം!

കടലാസിൽ വിഭവസമൃദ്ധമാണ് ക്രൊയേഷ്യൻ ടീം. മധ്യനിരയിൽ ഏതു പൊസിഷനിലും വിന്യസിക്കാവുന്ന തരത്തിൽ നിവർന്നു നിൽക്കുന്നത് ലോകോത്തര മിഡ്ഫീൽഡർമാരായ നാലു പേർ– ലൂക്കാ മോഡ്രിച്ച്, ഇവാൻ റാക്കിട്ടിച്ച്, മാറ്റിയോ കൊവാസിച്ച്, മിലൻ ബാദേൽജ്. മധ്യനിര ഉഷാറായാൽ ക്രൊയേഷ്യയ്ക്കു മൂക്കുകയർ ഇടാനാകില്ല. മുന്നേറ്റനിരയിൽ ഗോളടിച്ച് തഴക്കം വന്ന ക്ലിനിക്കർ  സ്ട്രൈക്കർ മരിയോ മാൻസൂക്കിച്ചുമുണ്ട്.

സ്ഥിരതയില്ലായ്മയും അലസതയും കൂടെപ്പിറപ്പായതിനാൽ ഇത്തവണയും യോഗ്യതാ മൽസരങ്ങളിൽ കടന്നു കൂടിയാണ് റഷ്യയിലേക്കുള്ള വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ യുക്രെയിനുമായുള്ള അവസാന മൽസരം ജയിച്ചതുകൊണ്ടുമാത്രം പ്ലേ ഓഫിലേക്കു കടന്ന ക്രൊയേഷ്യ പ്ലേ ഓഫിൽ ഗ്രീസിനെ വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിലെ യുക്രെയിനുമായുള്ള അവസാന മൽസരത്തിനു മുൻപ് കോച്ചായി നിയമിതനായ ഡാലിച്ചിന് താരങ്ങൾക്കൊപ്പമുള്ളത് ഏതാനും മാസത്തെ പരിചയം മാത്രം. ഇതെല്ലാം പറയുമ്പോഴും മൈതാനത്തിലെ കളിസൗന്ദര്യമാണു ക്രൊയേഷ്യ! തങ്ങളുടേതായ ദിനത്തിൽ ഏതു വമ്പന്മാരുടെയും കൊമ്പൊടിക്കാൻ പോന്നവർ. ഒറ്റമനസ്സോടെ ബ്ലേസേഴ്സ് ഇറങ്ങിയാൽ എതിരാളികൾ വിയർക്കും.

ഗെയിം പ്ലാൻ

ആക്രമണത്തേക്കാൾ മികച്ച പ്രതിരോധമില്ല, അതുകൊണ്ടുതന്നെ തുടർ നീക്കങ്ങളിലൂടെ എതിർ ഗോൾമുഖത്ത് നിരന്തരം ഭീതിവിതയ്ക്കുക എന്നതാകും ക്രൊയേഷ്യയുടെ തന്ത്രം. മിഡ്ഫീൽഡർമാർക്കു പറന്നുകളിക്കാൻ 4–2–3–1 എന്ന ഫോർമേഷനിൽത്തന്നെ ക്രൊയേഷ്യൻ ടീമിനെ ഡാലിച്ച് വിന്യസിക്കും. മിഡ്ഫീൽഡിൽ പിന്നോട്ടിറങ്ങിക്കളിക്കുന്ന റാക്കിട്ടിച്ചിനും മിലൻ ബാതേൽജിനുമാണ് ഡിഫൻഡർമാരുടെ കോട്ട പ്രതിരോധിക്കുന്നതിുള്ള അധിക ചുമതല. ‌ 

നായകൻ ലൂക്കാ മോഡ്രിച്ച് മിഡ്ഫീൽഡിൽ ക്രൊയേഷ്യൻ ആക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുമ്പോൾ വലതു പാർശ്വത്തിൽ മോഡ്രിച്ചിന് പിന്തുണയേകാൻ മാറ്റിയോ കോവാസിച് എത്തിയേക്കും. ഇടതു പാർശ്വത്തിൽ പെരിസിച്ചിനെയോ പിജാകെയെയോ ആകും ഡാലിച്ച് നിയോഗിക്കുക. കളിയുടെ ഗതിക്കനുസരിച്ച് റാക്കിട്ടിച്ച് ആക്രമിച്ചുകയറുമ്പോൾ മോഡ്രിച്ച് പിന്നോട്ടിറങ്ങും. ബോക്സിലുള്ള സ്ട്രൈക്കർ മാരിയോ മാൻസൂകിച്ചിന് ധർമം ഒന്നുമാത്രം; ഗോൾ നേടുക. ആൻദ്രേ കരാമിച്ചാകും ഇവിടെ മാൻസൂകിച്ചിനു പകരക്കാരനാകുക. യോഗ്യതാ മൽസരങ്ങളിൽ അധികം ഗോളുകൾ വഴങ്ങാതിരുന്ന പ്രതിരോധനിരയിലേക്ക് പരുക്കിൽനിന്നു മുക്തനായ വെറ്ററൻ ഡിഫൻഡർ കോർലൂക മടങ്ങിയെത്തുന്നതും ഡാലിച്ചിന് ആശ്വാസമാകും.

ടീം

ഗോൾകീപ്പർമാർ: ഡാനിയേൽ സുബാസിച്ച് (മൊണാക്കോ), ലോവ്റെ കാലിനിച്ച് (ജെന്റ്), ഡൊമിനിക് ലിവാക്കോവിച്ച് (ഡൈനമോ). 

ഡിഫൻഡർമാർ: വെദ്രാൻ കോർലൂക്ക (ലോക്കോമോട്ടിവ് മോസ്കോ), ഡൊമാഗോഗ് വിദ (ബെസിക്ടാസ്), ഇവാൻ സ്റ്റിറിനിച്ച് (സാംപ്ദോറിയ), ദെയാൻ ലോവ്റൻ (ലിവർപൂൾ), സിമെ വ്രസാൽജ്കോ (അത്‌ലറ്റിക്കോ മഡ്രിഡ്), ജോസിഫ് പിവറിച്ച് (ഡൈനാമോ കീവ്), ടിൻ ജെദ്വാജ് (ലവർക്രൂസൻ), മാറ്റേ മിത്രോവിച്ച് (ക്ലബ് ബ്രൂഗ്), ദുയെ കലേറ്റ കാർ (സാൽസ്ബർഗ്). 

മിഡ്ഫീൽഡർമാർ: ലൂക്കാ മോ‍ഡ്രിച്ച് (റയൻ മഡ്രിസ്), ഇവാൻ റാക്കിട്ടിച്ച് (ബാർസിലോന), മാറ്റിയോ കൊവാസിച്ച് (റയൽ മഡ്രിഡ്), മിലൻ ബാദേൽജ് (ഫിയൊറന്റീന), മാർസലോ ബ്രൊസോവിച്ച് (ഇന്റർ മിലാൻ), ഫിലിപ് ബ്രാഡാറിച്ച് (റിജേക). 

സ്ട്രൈക്കർമാർ: മരിയോ മാൻസൂക്കിച്ച് (യുവെന്റസ്), ഇവാൻ പെരിസിച്ച് (ഇന്റർ മിലാൻ), നിക്കോലാ കാലിനിച്ച് (എസി മിലാൻ), ആന്ദ്രേ ക്രമാരിച്ച് (ഹോഫൻഹെയിം), മാർക്കോ പിജാക (ഷാൽകെ), ആന്റെ റെബിച്ച് (എൻട്രാക്റ്റ്). 

ലൂക്കാ മോഡ്രിച്ച് 

ഒറ്റവാക്കിൽ പറഞ്ഞാൽ ക്രൊയേഷ്യയുടെ നെടും തൂൺ. മധ്യനിരയിൽ കളിമെനയുന്നതും സ്ട്രൈക്കർമാർക്ക് പന്ത് എത്തിച്ചു നൽകുന്നതും മോഡ്രിച്ചാകും. റയൽ മഡ്രിഡ് മധ്യനിരയിൽ പന്തുതട്ടുന്ന മോഡ്രിച്ചിനെ സ്വതന്ത്രനാക്കി വിട്ടാൽ അപകടം ഉറപ്പ്. ആക്രമണത്തിനൊപ്പം പ്രതിരോധത്തിലേക്കിറങ്ങി കളിക്കുന്നതിലും വൈദഗ്ധ്യമുള്ള ഡബിൾ എൻജിനാണു മോഡ്രിച്ച്. പന്തടക്കത്തിലും പാസിങ്ങിലുമുള്ള തഴക്കത്തിനു പുറമേ സെറ്റ് പീസുകൾ ഗോളാക്കാനും സമർഥൻ. പ്രതിരോധത്തിനും ആക്രമണത്തിനും ചുക്കാൻ പിടിക്കുന്ന ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായി മൈതാനമധ്യത്ത് മോഡ്രിച്ച് നിലയുപ്പിക്കും.

ക്രൊയേഷ്യ ലോകകപ്പിൽ 

1998ൽ ലോകകപ്പ് അരങ്ങേറ്റത്തിൽത്തന്നെ മൂന്നാം സ്ഥാനം. പിന്നീടു നാലു വട്ടം കൂടി ലോകകപ്പിനു യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാനായിട്ടില്ല

ഫിഫ റാങ്കിങ് – 18

റഷ്യ ലോകകപ്പിൽ ഗ്രൂപ്പ് ഡി : ക്രൊയേഷ്യ, അർജന്റീന, നൈജീരിയ, ഐസ്‌ലൻഡ്.

റഷ്യയിൽ ക്രൊയേഷ്യയുടെ ഗ്രൂപ്പ് മൽസരങ്ങൾ 

ജൂൺ 16– ക്രൊയേഷ്യ – നൈജീരിയ 

ജൂൺ 21– ക്രൊയേഷ്യ – അർജന്റീന 

ജൂൺ‌ 26– ക്രൊയേഷ്യ – ഐസ്‌ലൻ‍ഡ്

ഗ്രൂപ്പിലെ നിർണായക മത്സരം: ക്രൊയേഷ്യ – അർജന്റീന 

ഗ്രൂപ്പിലെ കരുത്തർ അർജന്റീനതന്നെ ആയതിനാൽ ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്ന മൽസരം ആയേക്കാം ഇത്. അട്ടിമറി ഭീഷണിയുമായി കരുത്തരായ നൈജീരിയയും ഗ്രൂപ്പിലുള്ളപ്പോൾ ഓരോ മൽസരവും എല്ലാ ടീമുകൾക്കും നിർണായകം.

ഓരോ ക്ലബിൽ നിന്നുള്ള താരങ്ങൾ 

റയൽ മഡ്രിഡ്– 2 

ഇന്റർ മിലാൻ– 2 

മൊണാക്കോ– 1 

ജെന്റ്–1 

ഡൈനമോ– 1 

ലോക്കോമോട്ടിവ് മോസ്കോ– 1 

ബെസിക്റ്റാസ്– 1 

സാംപ്ദോറിയ– 1 

ലിവർപൂൾ– 1 

അത്‌ലറ്റിക്കോ മഡ്രിഡ്– 1 

ഡൈനാമോ കീവ്– 1 

ലെവർക്രൂസൻ– 1 

ക്ലബ് ബ്രൂഗ്– 1 

സാൽസ്ബർഗ്– 1 

ബാർസിലോന– 1 

ഫിയൊറന്റീന– 1 

റിജേക–1 

യുവെന്റസ്–1 

എസി മിലാൻ– 1 

ഹോഫൻഹൈം– 1 

ഷാൽകെ–1 

എൻട്രാക്റ്റ്–1