Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിലും കാണാം, കൗണ്ടർ അറ്റാക്ക് എന്ന തീക്കളി - വിഡിയോ

real-counter

ഫുട്ബോൾ കളത്തിലുമുണ്ടൊരു ‘ഹോട്ട് പഴ്സ്യൂട്ട്’ അഥവാ പിന്തുടർന്നുള്ള പ്രഹരം. അപ്രതീക്ഷിതമായെത്തുന്ന തിരിച്ചടിയിൽ എതിരാളികൾ‌ക്ക് എന്തെങ്കിലും ചെയ്യാനാകും മുൻപേ മിഷൻ പൂർത്തിയാക്കി ഗോളാഘോഷം തുടങ്ങിയിരിക്കും കളത്തിലെ പടയാളികൾ. ആക്രമണ സങ്കൽപങ്ങളുടെ പൂർണതയെന്നു വിശേഷിപ്പിക്കാവുന്ന ഈ മിന്നൽ പ്രഹരത്തെ കൗണ്ടർ അറ്റാക്ക് എന്നാണു ഫുട്ബോൾ ലോകം വിളിക്കുന്നത്.

∙ കൗണ്ടർ അറ്റാക്കിങ് ?

ടിക്കി ടാക്കയെന്ന പൊസഷൻ ഫുട്ബോൾ ഗെയിമിന്റെ വിപരീത രൂപമാണു കൗണ്ടർ അറ്റാക്കിങ് തന്ത്രം. സംഗതി തീക്കളിയാണ്. ആക്രമണത്തിന് എതിരാളികളെ പ്രേരിപ്പിച്ചു മിന്നൽ വേഗത്തിൽ തിരിച്ചടിക്കുക എന്നതാണു പദ്ധതി. ആക്രമണം വന്നാലല്ലേ പ്രത്യാക്രമണത്തിനു വകുപ്പുള്ളൂ. സ്വന്തം ഗോൾ മേഖലയിലേക്ക് എതിരാളികളെ ആകർഷിക്കുകയാണ് അതിനുള്ള വഴി. അവർക്ക് ആവശ്യത്തിനു സ്പേസ് നൽകി പന്തുമായി സ്വന്തം ഡിഫൻസീവ് തേഡ് ഏരിയയിൽ (ഒരു ലോങ് റേഞ്ചർ മതി സ്വന്തം വല കുലുങ്ങാനും !)

പ്രവേശിക്കാൻ അനുവദിക്കുന്നതോടെ ‘മിഷൻ’ തുടങ്ങും. ഡിഫൻസീവ് മിഡ്ഫീൽഡർമാരും ഡിഫൻഡർമാരും  ചേർന്നുള്ള കടുത്ത സമ്മർദത്തിലൂടെ പന്ത് വീണ്ടെടുത്തു മിന്നൽ വേഗത്തിൽ മുന്നേറാൻ കാത്തുനിൽക്കുന്ന സഹതാരങ്ങൾക്കു കൈമാറുകയാണ് ആദ്യഘട്ടം. ക്ഷണവേഗത്തിൽ തിരിച്ചെത്തുന്ന പന്തിനെ അതിലേറെ വേഗമുള്ള കുതിപ്പിലൂടെ മുന്നേറ്റനിരക്കാർ ലക്ഷ്യത്തിലുമെത്തിക്കും. അപ്രതീക്ഷിതമായെത്തുന്ന ആക്രമണം നേരിടുന്നതിൽ എതിർ പ്രതിരോധത്തിനുണ്ടാവുന്ന വീഴ്ചയാണ് ഈ ഗെയിം പ്ലാനിന്റെ ടാർഗറ്റ്. 

∙ തന്ത്രം ക്ലിക്ക് ആകാൻ?

അപകടം നിറഞ്ഞ ഗെയിം പ്ലാൻ നടപ്പിലാക്കാൻ ടീമിലെ പ്രതിരോധം മുതൽ മുന്നേറ്റം വരെ നീളുന്ന ഘടകങ്ങൾ ഒരു കണ്ണി പോലെ ഒരുമിച്ചു പ്രവർത്തിക്കണം. കൗണ്ടർ അറ്റാക്കിങ് തന്ത്രം പരീക്ഷിക്കുന്ന ടീമുകൾ പൊതുവേ രണ്ടു വിഭാഗമായി വേർതിരിഞ്ഞാകും കളത്തിൽ നിരക്കുക. പ്രതിരോധമാണ് ഒരു വിഭാഗത്തിന്റെ ദൗത്യം. ആക്രമണം എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുന്ന താരങ്ങൾക്ക്. പ്രതിരോധ നിരയ്ക്ക് ഉത്തരവാദിത്തം പതിവിലുമേറെയാണ് ഈ ഗെയിം പ്ലാനിൽ. വിള്ളൽ പ്രകടമായൊരു പ്രതിരോധനിരയുമായി ഒരു ടീമും ഇത്തരമൊരു സാഹസത്തിനു മുതിരില്ല.

ഉൾവലിഞ്ഞു കളിക്കുന്ന പ്രതിരോധ നിരയിൽ കരുത്തുറ്റ, പന്തടക്കമുള്ള താരങ്ങൾ അനിവാര്യം. ആക്രമണത്തിനു വഴിയൊരുക്കുന്ന ഡീപ് മിഡ്ഫീൽഡർമാരാണു മധ്യത്തിന്റെ കാതൽ. ചാട്ടുളി പോലെ വന്നെത്തുന്ന പാസുകൾ സ്വീകരിച്ചു ഗോൾമുഖം ലക്ഷ്യം വയ്ക്കാൻ സ്കില്ലും വേഗവും കൈമുതലായുള്ള വിങ്ങർമാരോ സ്ട്രൈക്കർമാരോ വേണം. ചിതറി നിൽക്കുന്ന എതിർ താരങ്ങൾ റീസെറ്റ് ആകും മുൻപേ പ്രതിരോധക്കാരെ മുഖാമുഖം കണ്ടു കീഴ്പ്പെടുത്തുകയെന്ന വെല്ലുവിളിയാണ് മുൻനിരയ്ക്കുള്ളത്. 

∙ റയലിന്റെ സ്വന്തം തന്ത്രം

സമീപകാലത്തു കൗണ്ടർ അറ്റാക്ക് ഒരു തന്ത്രമെന്ന നിലയ്ക്കു നിരന്തരം പരീക്ഷിച്ചു വിജയം വരിച്ചൊരു ടീം റയൽ മഡ്രിഡാണ്. സ്പാനിഷ് ലീഗിൽ ടിക്കി ടാക്ക പോലെ പാസിങ് ഗെയിം കളിച്ചെത്തുന്ന ടീമുകൾക്കെതിരെ മോഡ്രിച്ചും ക്രൂസും കാസിമിറോയും പോലെ ഇറങ്ങിക്കളിക്കുന്ന മിഡ്ഫീൽഡർമാരുടെ മിടുക്കിലാണു റയലിന്റെ കൗണ്ടർ അറ്റാക്കിങ്.

ഇവർ വച്ചുനീട്ടുന്ന പന്ത് ഏറ്റുവാങ്ങി ഗോളിൽ നിക്ഷേപിക്കാൻ അതിവേഗക്കാരായ രണ്ടു വിങ്ങർമാർ, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെ‌യ്‌ലും, മുന്നണിയിലുള്ളതാണു റയലിന്റെ തുരുപ്പുചീട്ട്.  

∙ ലോകകപ്പിലെ സാധ്യത?

എതിരാളികളെ സ്വന്തം ബോക്സിലേക്ക് ആനയിച്ചു കൗണ്ടർ അറ്റാക്കിലൂടെ ഞെട്ടിക്കാൻ നോക്കുന്ന ടീമുകളെ റഷ്യയിൽ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം. നോക്കൗട്ട് ഘട്ടത്തിൽ ഒരു ടീമും ഇത്തരമൊരു ചാൻസ് എടുക്കാൻ ധൈര്യപ്പെടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ചെറുടീമുകൾക്കെതിരെ വീണേക്കാം കൗണ്ടർ അറ്റാക്കിലൂടെയുള്ള ഗോളുകൾ.

ലോകകപ്പ് പോലൊരു വലിയ വേദിയുടെ സമ്മർദം കളിയെ ബാധിക്കുന്ന കുഞ്ഞൻ ടീമുകൾക്കെതിരെ ക്രിസ്റ്റ്യാനോയും നെയ്മറും ഡെംബെലെയും പോലുള്ള അതിവേഗക്കാർ ഉൾപ്പെട്ട ടീമുകളാകും മിന്നൽ പ്രഹരത്തിനിറങ്ങുക.