Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടനെഞ്ചിൽ പന്തിടിപ്പ്

moscow-fans ആവേശ മേളം... മോസ്കോയിലെ തെരുവിലൂടെ പാട്ടുപാടി ആഘോഷമായി നീങ്ങുന്ന കളിയാരാധകര്‍.

രാത്രി പത്തു മണിക്ക് സൂര്യനസ്തമിക്കുകയും പുലർച്ചെ മൂന്നു മണിക്ക് സൂര്യനുദിക്കുകയും ചെയ്യുന്ന നാടാണ് മോസ്കോ. അതായത് രാത്രി വെറും അഞ്ചു മണിക്കൂർ. പന്ത്രണ്ടു മണിക്കൂർ ഇരുട്ട് കണ്ടു ശീലിച്ച നമുക്ക് രാത്രി ഒൻപതു മണി വരെ പാർക്കിൽ സായാഹ്നസൂര്യനു താഴെ ഉല്ലസിക്കുന്ന മോസ്കോക്കാർ അദ്ഭുത ജീവികളാണ്. മോസ്കോക്കാരുടെ രാത്രി ഇനിയും കുറയാൻ പോവുകയാണ്.

ഇന്നു മുതൽ ഒരു മാസം മോസ്കോയും മറ്റു റഷ്യൻ‌ നഗരങ്ങളും ഉറങ്ങില്ല. കണ്ണു നട്ട് നോക്കിയിരിക്കുന്ന ലോകത്തിനു വേണ്ടി കണ്ണിമ ചിമ്മാതെ കാഴ്ചാവിരുന്നൊരുക്കുകയാണവർ. ലുഷ്നികി സ്റ്റേഡിയം എന്ന സൂര്യനും ഗ്രഹങ്ങളെപ്പോലെ മറ്റു പതിനൊന്ന് സ്റ്റേഡിയങ്ങളും ലോക ഫു്ട്ബോളിന്റെ സൗരയൂഥത്തിൽ മിന്നിനിൽക്കുന്നു. എല്ലാറ്റിനെയും വലംവയ്ക്കാൻ ഒരൊറ്റ ഉപഗ്രഹം– ടെൽസ്റ്റാർ എന്ന പന്ത്! 

∙ ഫിഫയുടെ ഗ്ലാസ്, റഷ്യയുടെ രുചി 

ഫിഫയുടെ വൃത്തിയും വെടിപ്പുമുള്ള ഗ്ലാസിലേക്ക് റഷ്യയുടെ തനത് രുചിയുള്ള കലാപരിപാടികൾ ഒഴിച്ചാണ് ലോകകപ്പിന്റെ ഉദ്ഘാടനം. പതിവിൽ നിന്നു വ്യത്യസ്തമായി കിക്കോഫിന് അര മണിക്കൂർ മുൻപാണ് കലാപരിപാടികൾ. ബ്രിട്ടിഷ് ഗായകൻ റോബീ വില്യംസും ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡോയുമാണ് മുഖ്യ അവതാരകർ. പാട്ടുകാരി എയ്ദ ഗാരിഫുള്ളിന, പിയാനിസ്റ്റ് ഡെനിസ് മാറ്റ്സ്യുയേവ്, ഓപ്പറ കലാകാരൻമാരായ അന്ന നെത്രെബ്കോ, യൂസിഫ് എലിവാസോവ് തുടങ്ങിയവർ റഷ്യയുടെ കലാപ്രതിനിധികളാകും. വിൽ സ്മിത്തും കൂട്ടരും ചേർന്ന് അവതരിപ്പിച്ച ‘ലിവ് അറ്റ് അപ്’ ഔദ്യോഗിക ഗാനത്തിന്റെ അവതരണവുമുണ്ടാകും. റഷ്യ–സൗദി അറേബ്യ ഉദ്ഘാടന മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സജ്ജമായ ലുഷ്നികിയിൽ തന്നെയാണ് കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നത്. 

∙ വരും, ആ സൂപ്പർ സ്റ്റാർ! 

ഉദ്ഘാടനച്ചടങ്ങിൽ ലോകം കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ കലാകാരൻമാരോ കളിക്കാരോ അല്ല. റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുടിനാണ്. ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ചു കിട്ടിയതു മുതൽ മൈതാനത്തെ മിഡ്ഫീൽഡ് ജനറലിനെപ്പോലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന പുടിൻ ഉദ്ഘാടനച്ചടങ്ങിനും ആദ്യ മൽസരത്തിനുമുണ്ടാകുമെന്ന് പ്രസിഡന്റിന്റെ കൊട്ടാരമായ ക്രെംലിനിൽ നിന്ന് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് മോസ്കോയിലെ മറ്റു ചില മൽസരങ്ങളും കാണുമെന്നാണ് സൂചന. റഷ്യൻ സമയം വൈകിട്ട് 5.30ന് പുടിൻ ലോകത്തിനു മുന്നിൽ ലോകകപ്പിന്റെ വാതിൽ തുറക്കുമ്പോൾ പിണക്കങ്ങളും പരിഭവങ്ങളും മറന്ന് ലോകം അതിലൂടെ കടക്കും. പിന്നെ ഒരു മാസം റഷ്യയിൽ രാപ്പന്തു കാലം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.