Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കയ്യടിച്ചുപോകും ഈ മികവിന്

christiano-ronaldo1

മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യാനോയെ നാച്ചോ ബോക്സിനുള്ളിൽ വീഴ്ത്തിയപ്പോൾ മോസ്കോ യൂണിവേഴ്സിറ്റി ഫീസ്റ്റ് വെന്യുവിലെ ഫാൻഫെസ്റ്റ് വേദിയിൽ മുഴങ്ങിയത് ആവേശത്തിലുപരി എതിർപ്പിന്റെ ശബ്ദങ്ങൾ. കാരണം അവിടെയുണ്ടായിരുന്നതിൽ കൂടുതലും സ്പെയിൻ ടീമിന്റെ ആരാധകർ. അതുകൊണ്ടു തന്നെ ഡിയേഗോ കോസ്റ്റയുടെ ഗോളിന് 20,000ൽ പരം വരുന്ന കാണികൾ ആർത്തിരമ്പി. കോസ്റ്റ ജന്മം കൊണ്ട് സ്പെയിൻകാരനല്ല എന്നതു പോലും മറന്നാണ് കാണികൾ അലറിവിളിച്ചത് എന്നു തോന്നി. 

അടുത്ത രണ്ടു ഗോളുകൾ കൂടി വീണതോടെ ക്രിസ്റ്റ്യാനോ– കോസ്റ്റ പോര് കാണികൾ ആസ്വദിക്കുന്നു എന്നു തോന്നി. എണ്ണത്തിൽ കുറവായിരുന്നു എങ്കിലും പോർച്ചുഗൽ ആരാധകർ മനുഷ്യ തീവണ്ടി തീർത്ത് കാണികൾക്കിടയിലേക്കു പാഞ്ഞുകയറി സ്പാനിഷ് ആരാധകരെ കളിയാക്കി. 

മൂന്നാം ഗോളോടെ നാച്ചോ പെനൽറ്റിക്കുള്ള പ്രായശ്ചിത്തം ചെയ്തപ്പോൾ കാണികൾ ആർത്തുല്ലസിച്ചു. സ്പെയിൻ കളിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്ത സമയം. ക്രിസ്റ്റ്യാനോയും പോർച്ചുഗൽ ആരാധകരും പിന്നീടുള്ള 30 മിനിറ്റ് സമയം മൗനത്തിൽ. പന്ത് കൈവശം വയ്ക്കാനായെങ്കിലും ഗോളടിക്കാൻ സ്പെയിൻ താൽപര്യം കാട്ടിയില്ല. അപ്പോഴാണ് ആ ഫ്രീകിക്ക് വരുന്നത്.

കാണികൾ അന്തംവിട്ടു നിൽക്കുകയാണ്. ബിയർ വാങ്ങാനായി വരിയിൽ നിന്നവർ ക്ഷണത്തിൽ വരിയിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള വലിയ സ്ക്രീനുകളിലേക്കു കണ്ണുപായിച്ചു. ക്രിസ്റ്റ്യാനോ തയാറെടുക്കുകയാണ്.. ശ്വാസമെടുത്തുകൊണ്ടു പന്തിനു നേ‌രെ ക്രിസ്റ്റ്യാനോ ഓടിയടുത്തു. പന്ത് പോസ്റ്റിന്റെ വലത്തേ മൂലയിലേക്കു പറന്നിറങ്ങി... ക്രിസ്റ്റ്യാനോ മാജിക്ക്! പോർച്ചുഗൽ ആരാധകർ ആവേശത്തിൽ ആറാടി. കൺമുന്നിൽ കണ്ടതു വിശ്വസിക്കാനാകാതെ അമ്പരന്നു നിൽക്കുകയാണ് സ്പാനിഷ് ആരാധകർ. 

പക്ഷേ, കഥ അവിടെ അവസാനിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്പാനിഷ് ആരാധകർ കൊടികൾ മടക്കി. ക്രിസ്റ്റ്യാനോ ഷോയുടെ നിരാശ അവരുടെ മുഖത്തു പ്രകടമാണ്. പൊടുന്നനെ അവർ ഉറക്കെ കൈയടിച്ചു, ഒരേ താളത്തിൽ. ക്രിസ്റ്റ്യാനോ ചെയ്തതിന് കാണികൾ അദ്ദേഹത്തെ വെറുത്തിരുന്നു; പക്ഷേ കൈയടി അദ്ദേഹത്തിന്റെ കേളീമികവിനുള്ള അംഗീകാരമാണ്. ഫുട്ബോളിന്റെ മനോഹാരിത വെളിവായ ഒരു നിമിഷം കൂടി.