Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിക്കാരായ ഐസ്‌ലൻഡ് അർജന്റീനയെ പൂട്ടിയതെങ്ങനെ ?

Lionel Messi

അർജന്റീനയുമായുള്ള കളിക്കു മുൻപേ ഐസ്‌ലൻഡ് ടീം ഒരു കാര്യം തീരുമാനിച്ചിരുന്നു: ആദ്യ ലോകകപ്പിലെ ആദ്യ കളി, എതിരാളികൾ കടുകടുപ്പം. എങ്ങനെയും ഈ കളി തോൽക്കാതെ പിടിച്ചുനിൽക്കുക! 

കടുപ്പക്കാരായ എതിരാളികൾക്കു നേരെ പ്രയോഗിച്ചു വിജയിച്ച നവഫുട്ബോൾ സിദ്ധാന്തത്തെ തന്നെ കോച്ച് ഹെയ്മർ ഹാൽഗ്രിംസൺ കൂട്ടുപിടിച്ചു. കുതിച്ചു കയറാൻ വെമ്പിനിന്ന ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും മുന്നിൽ ഐസ്‌ലൻഡുകാർ ബസ് പാർക്ക് ചെയ്തു! ഒരു താരത്തെ നേരിടാൻ രണ്ടു സ്ട്രൈക്കർമാർ ഒഴികെ എട്ടു പേരും ഗോൾകീപ്പറും! ഐസ്‌ലൻഡ് ഗോളി ഹാൻസ് ഹാൾദോർസണിന്റെ അസാമാന്യ മികവും അർജന്റീന കളിക്കാരുടെ ദൗർഭാഗ്യവും കൂടിയായപ്പോൾ കളി ക്ലീൻ. 1–1 സമനില. 

ഐസ്‌ലൻഡ് തന്ത്രം 

കടുത്ത പ്രതിരോധത്തിലൂന്നിയ കളിയായിരുന്നു ഐസ്‌‌ലൻഡിന്റേത്. സ്ട്രൈക്കർമാർ പോലും പലപ്പോഴും പ്രതിരോധത്തിലേക്ക് ഇറങ്ങിവന്നു. ലയണൽ മെസ്സി മാർക്ക് ചെയ്യപ്പെട്ടപ്പോൾ കിട്ടിയ വിടവിലൂടെ മറ്റൊരു അർജന്റീന കളിക്കാരനും ഗോളിലേക്കു കയറി വരാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കളിയുടെ മുക്കാൽ പങ്കിലേറെ ബോൾ പൊസെഷൻ (78%) അർജന്റീനയ്ക്കൊപ്പമായിരുന്നു. എന്നാൽ, ഗോളിലേക്കു ലക്ഷ്യം വച്ച് എഴു ഷോട്ടുകളാണ് അവർക്കു നേടാനായത്. ഗോളിലേക്കു കയറിച്ചെല്ലാൻ പറ്റാതെ പോയ അർജന്റീനയ്ക്ക് അനുകൂലമായി 10 കോർണറുകൾ ലഭിച്ചു. അതൊന്നും ലക്ഷ്യത്തിലെത്തിക്കാൻ മെസ്സിക്കും സംഘത്തിനുമായില്ല. 

പെനൽറ്റി നഷ്ടം 

അർജന്റീനയുടെ തോൽവിക്കു പ്രധാന കാരണം 63–ാം മിനിറ്റിൽ ലയണൽ മെസ്സി പെനൽറ്റി നഷ്ടമാക്കിയതു തന്നെ. എന്നാൽ, ഇതിനൊപ്പം മറ്റു രണ്ടു സുവർണാവസരങ്ങളും ഐസ്‌ലൻഡ് ഗോൾകീപ്പർ ഹാൾദോർസണിന്റെ മികവിനു മുന്നിൽ അർജന്റീനയ്ക്കു നഷ്ടമായി. പകരക്കാരൻ ക്രിസ്റ്റ്യൻ പാവോണിന്റെ ക്രോസ് ഷോട്ട് രക്ഷപ്പെടുത്തിയ ഹാൾദോർസൺ ഹവിയർ മഷരനോയുടെ ഷോട്ടും രക്ഷപ്പെടുത്തി. ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഐസ്‌ലൻഡ് പ്രതിരോധ മതിലിൽ ഇടിച്ചു പാഴായതോടെ അർജന്റീനയുടെ ദൗർഭാഗ്യം പൂർണം. 

കളിക്കളത്തിലെ ബസ് പാർക്കിങ് 

എതിർ ടീമനെ സ്കോർ ചെയ്യാൻ അനുവദിക്കാത്ത പ്രതിരോധത്തിന്റെ അവസാനവാക്കാണു പാർക്കിങ് ദ് ബസ്. ആക്രമണം എന്നതിനു വലിയ പ്രാധാന്യമൊന്നും നൽകാതെ ഗോൾ തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ടീം കളിക്കുക. പ്രതിരോധക്കാരുടെ വൻമതിൽ സൃഷ്ടിക്കുന്നതിലൂടെയാണു ബസ് പാർക്കിങ് എന്ന പേര് വീണുകിട്ടിയത്.  

ഡിഫൻസ് തന്ത്രം ലക്ഷ്യമിടുന്ന ടീമിന്റെ ഫൈനൽ തേഡ് ഏരിയയിലെ ‘ആൾക്കൂട്ടം’ ആണ് ഗോൾ വീഴ്ച തടയുന്നത്. എതിരാളികൾ പന്തുമായി സ്വന്തം ഹാഫിൽ പ്രവേശിക്കുമ്പോൾ സെൻട്രൽ ഡിഫൻസിൽ കളിക്കുന്ന രണ്ടുപേർക്കും ഇടതു – വലതു പാർശ്വങ്ങളുടെ ചുമതലയുള്ള രണ്ടു താരങ്ങൾക്കും പുറമേ മധ്യനിരക്കാർ കൂടി പ്രതിരോധത്തിലെ കണ്ണികളായി മാറും. കൂട്ടം ചേർന്നു സംഘടിച്ചു നീങ്ങുന്ന പ്രതിരോധക്കാർക്കിടയിലൂടെ എതിർ മുന്നേറ്റനിരയ്ക്ക് ഒരു പാസിങ് പോലും എളുപ്പമല്ല. പിന്നെയല്ലേ ഗോൾ!