Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫോട്ടോ രാഷ്ട്രീയ’വും പ്രതിഷേധവും; ജർമൻ ടീമിൽ തീയും പുകയും

Mesut Ozil മെസുട്ട് ഓസിൽ ഇന്നലെ മെക്സിക്കോ യ്ക്കെതിരെ കളിക്കളത്തിൽ

ജർമനി പഴയ ജർമനിയായില്ല. ഒരു ചിത്രത്തിന്റെ പേരിൽ ജർമനിയിലെ ഫുട്ബോൾ ആരാധകരും രാഷ്ട്രീയക്കാരും മാത്രമല്ല, പരിശീലകൻ പോലും പ്ലേമേക്കർ മെസൂട് ഓസിലിനും സഹതാരം ഇൽക്കേ ഗുൻഡോഗനും എതിരായിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ മെക്സിക്കോയോട് തോറ്റ ജർമനിയുടെ കളിയിൽ പ്രകടമാവുകയും ചെയ്തു. 

തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും   തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്.   ഈ സംഭവത്തോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു.  ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു.

ഒടുവിൽ ചാൻസലർ അംഗല മെർക്കൽ നേരിട്ട് ഓസിലിനും ഗുൻഡോഗനും പിന്തുണയുമായി എത്തുകയായിരുന്നു. തുർക്കി പ്രസിഡന്റിനൊപ്പം ഫോട്ടോ എടുത്തതിന്റെ രാഷ്ട്രീയ പ്രാധാന്യമൊന്നും താരങ്ങൾ ഓർത്തുകാണില്ലെന്നു മെർക്കൽ ചൂണ്ടിക്കാട്ടി. 

സൗദി അറേബ്യയ്ക്കെതിരായ സൗഹൃദ മൽസരത്തിനിടെ ജർമൻ ആരാധകർ കൂകിവിളിച്ചതിൽ മനംനൊന്ത ഗുൻഡോഗൻ തന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുന്നതിൽ വേദനയുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം, ഓസിലിനും ഗുൻഡോഗനും മാപ്പു പറയാത്തതിൽ അസന്തുഷ്ടനാണെങ്കിലും, ഇന്നലെ ആദ്യ ഇലവനിൽ കോച്ച് ഓസിലിനെ ഉൾപ്പെടുത്തി. പക്ഷേ, ഓസിലിനു തന്റെ പതിവു പ്ലേമേക്കർ മികവിലേക്ക് എത്താനായില്ല. പരുക്കിൽനിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുക്കുന്നതേയുള്ളൂ ആർസനൽ താരം. 

കഴിഞ്ഞദിവസം മാധ്യമ സമ്മേളനത്തിനു ലോയ്ക്കൊപ്പം ജൂലിയൻ ഡ്രാക്സ്‍ലർ എത്തിയതോടെയാണ് ഓസിലിനെ ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന ഊഹാപോഹങ്ങൾ പരന്നത്. എന്നാൽ, ടീമിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണു ലോയുടെ നിലപാട്. 

ഇന്നലെ ആദ്യ ഇലവനിൽ ഓസിൽ ഇറങ്ങിയതോടെ, ഇത്തരം ഊഹാപോഹങ്ങൾക്കു തൽക്കാലം വിരാമമായെങ്കിലും തീയും പുകയും പൂർണമായും കെട്ടടങ്ങിയിട്ടില്ല. അതിവേഗക്കാരനായ സ്ട്രൈക്കർ തിമോ വെർണറുടെ മികവ് പ്രയോജനപ്പെടണമെങ്കിൽ ക്രിയേറ്റീവ് മിഡ്ഫീൽഡ‍റായ ഓസിലിന്റെ സാന്നിധ്യം അനിവാര്യമാണ്. എന്നാൽ, മെക്സിക്കോയുടെ ഹൈ പ്രസിങ് ഗെയിമിനു മുന്നിൽ ജർമനിയുടെ പ്രതിഭാവിലാസമൊക്കെയും ഒലിച്ചുപോയി. 

ദേശീയ ടീമിൽ പകരക്കാരന്റെ വേഷത്തിൽ കളിക്കുന്ന ഗുൻഡോഗനെ അതേ മട്ടിൽതന്നെയാകും ഉപയോഗിക്കുക. 

ഈ തോൽവിയോടെ, ഓസിലിനെ വീണ്ടും  കളിപ്പിക്കുന്നതിനെതിരെ ജനരോഷം വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, അതു ടീമിന്റെ മൊത്തം ആത്മവിശ്വാസത്തെ ബാധിക്കുമെന്നതാണു കോച്ച് ലോ നേരിടാൻ പോകുന്ന അടുത്ത തലവേദന.