Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ, മറഡോണയുടെ കേരളത്തിലെ കൂട്ടുകാരൻ!

Maradona, Hisham Hassan മറഡോണയും, ഹിഷാം ഹസനും (ഫയൽ ചിത്രം)

മറഡോണയ്ക്കും അർജന്റീനയ്ക്കും കേരളത്തിലുള്ളത്ര ആരാധകർ മറ്റൊരു രാജ്യത്തുമുണ്ടാകില്ല. എന്നാൽ അർജന്റീനയുടെ ഫുട്ബോൾ ദൈവം മറഡോണയ്ക്ക് കേരളത്തിലൊരു കൂട്ടുകാരനുണ്ട്. കോഴിക്കോട്ടുനിന്നുള്ള ഹിഷാം ഹസൻ. ദൈവത്തിന്റെ കൈ പേറുന്ന ലോകതാരം, ഈ നൂറ്റാണ്ടിന്റെ ഗോൾ ജേതാവ് മറഡോണയുടെ ഉറ്റ സുഹൃത്തുക്കളിലൊരാളാണ് ഹിഷാം. മറ‍ഡോണയുടെ സ്വകാര്യ ചടങ്ങുകളിൽ ക്ഷണിക്കപ്പെടാറുള്ള, എപ്പോൾ വേണമെങ്കിലും സ്വന്തം കൂട്ടുകാരന്റെ വീട്ടിലെന്നവണ്ണം കയറിച്ചെല്ലാൻ അനുവാദമുള്ള ഏക മലയാളിയാണ് ഇദ്ദേഹം. ലോകകപ്പ് ഫുട്ബോളിന്റെ ആവേശം എങ്ങും നിറയുമ്പോൾ മറഡോണയുമായുള്ള സൗഹൃദത്തിന്റെ ഓർമകളിലാണ് ഈ കോഴിക്കോട്ടുകാരൻ.

  • മറഡോണയുമായുള്ള പരിചയം 

ഫുട്ബോൾ‌, എല്ലാ മലബാറുകാരുടെയും സിരകളെ ചൂടുപിടിപ്പിച്ച കാലത്തുതന്നെ മറഡോണയും ഒരു വികാരമായിരുന്നു ഹിഷാമിന്. പാതിരാത്രികളിലും അർജന്റീനയുടെ മൽസരം കാണാൻ ഉറക്കമൊഴിഞ്ഞിരുന്ന ഒരു സാധാരണക്കാരൻ. പിന്നീട് മറഡോണയുടെ കളിയുണ്ടെങ്കിൽ മറ്റൊരു പരിപാടിക്കും പോകാതെ കളി കാണാനിരിക്കുമായിരുന്നു. അന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ഫുട്ബോളിന്റെ ദൈവത്തിന്റെ തോളിൽ കയ്യിട്ടു നടക്കാൻ മാത്രം അടുപ്പമുള്ള ചങ്ങാതിയാകുമെന്ന്. വളരെ അപ്രതീക്ഷിതമായാണ് മറഡോണയുമായുള്ള സൗഹൃദത്തിനു വഴി തുറന്നത്. ദുബായിൽ ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലറി ഗ്രൂപ്പിന്റെ ബിസിനസ് ഡയറക്ടറായിരിക്കെയാണ് ഇതിന് അവസരമൊരുങ്ങുന്നത്. പുതിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് മറഡോണയെ ക്ഷണിക്കാൻ നിയുക്തനായി. സുഹൃത്തും അൽ വാസവൽ ക്ലബ്ബ് സിഇഒയുമായ അറബി അഷറഫിന് മറഡോണയുമായുള്ള ബന്ധം അറിഞ്ഞ് അദ്ദേഹത്തെ സമീപിച്ചു. അഷറഫാണ് മറഡോണ എന്ന വ്യക്തിയിലേക്കു നയിച്ചതും പരിചയപ്പെടാൻ അവസരം നൽകിയതും. തുടർന്ന് മറഡോണ കരാമയിലെ ബ്രാഞ്ച് ഉദ്ഘാടനത്തിനെത്തി.

  • നിലനിൽക്കുന്ന സൗഹൃദം

സാധാരണ താരങ്ങളെപ്പോലയല്ല മറഡോണ. ഒരിക്കൽ പരിചയപ്പെട്ട് ഇഷ്ടമായാൽ കൂടെക്കൂട്ടാനും ഒപ്പം നിർത്താനും മനസ്സുകാണിക്കുന്നയാളാണ് അദ്ദേഹം. ജ്വല്ലറി ഉദ്ഘാടനത്തിനു ശേഷം വീക്കെൻഡുകളിൽ അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. പിന്നീട് അദ്ദേഹം ബർത്ത് ഡേയ്ക്കു ക്ഷണിച്ചപ്പോൾ സമ്മാനവുമായി പോയി. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ചിത്രം സമ്മാനമായി നൽകി. ഇതു കണ്ട് അദ്ദേഹം ശരിക്കും സർപ്രൈസ്ഡ് ആയി. തുടർന്നും സൗഹൃദം നിലനിർത്തുന്നതിൽ അദ്ദേഹത്തിനും താൽപര്യമായിരുന്നു. എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ നാട്ടിലേക്കു ക്ഷണിക്കണമെന്നൊക്കെ  പറയുമായിരുന്നു. 

  • ഫുട്ബോൾ ദൈവത്തിനൊപ്പം ചില അവിസ്മരണീയ നിമിഷങ്ങൾ

ദൈവത്തിന്റെ കൈ എന്നു മറഡോണ വിശേഷിപ്പിച്ച, ലോകം ഏറ്റെടുത്ത ആ കൈകളുടെ ഉടമയ്ക്കൊപ്പം ദിവസങ്ങൾ‌ തന്നെ ചെലവഴിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു കണ്ണൂരിലുണ്ടായിരുന്നു. മലേഷ്യയിൽ പോയി അഞ്ചു ദിവസത്തോളം മറഡോണയ്ക്കൊപ്പം ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. സൗഹൃദത്തിന് ഭാഷ ഒരു തടസ്സമല്ലെന്നു മനസ്സിലായതും ഈ ബന്ധത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ പിടിയില്ലാത്തതിനാൽ മുഹമ്മദ് എന്ന അറബിയാണ് പലപ്പോഴും മൊഴിമാറ്റം നടത്തുക. ഈ അറബിയുമായും നല്ല ബന്ധമാണുള്ളത്. വിമാന യാത്രയിലെല്ലാം നമ്മൾ മാറിയിരുന്നാലും അടുത്തു പിടിച്ചിരുത്തുന്നതായിരുന്നു മറഡോണയുടെ പതിവ്. അഹംഭാവമില്ലാത്ത ഇടപെടലാണ് അദ്ദേഹത്തിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത്. എപ്പോഴും തോളിൽ കയ്യിട്ടു നടക്കാവുന്ന അടുപ്പമാണ് അദ്ദേഹവുമായുള്ളത്. മരണം വരെ അതു തുടരണമെന്നാണ് ആഗ്രഹം. നമ്മൾ അങ്ങോട്ടു കൊടുക്കുന്ന ബഹുമാനം തിരിച്ചും തരുന്നതിൽ ഒരു പിശുക്കുമില്ലായിരുന്നു അദ്ദേഹത്തിന്. മലേഷ്യയിൽ ഷോറൂം ഉദ്ഘാടനത്തിനാണ് അവസാനമായി പരസ്പരം കണ്ടത്. ദുബായിൽനിന്ന് ഒരുമിച്ചായിരുന്നു അന്ന് യാത്ര.

  • കളിക്കളത്തിനു പുറത്തെ ജീവിതത്തെക്കുറിച്ച്

നിരവധി വാർത്തകളും ഗോസിപ്പുകളും മാധ്യമങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും പലതും തെറ്റിദ്ധാരണകൾ മാത്രമാണെന്നാണ് അദ്ദേഹത്തോട് അടുത്തപ്പോൾ മനസ്സിലാക്കാനായത്. മദ്യപിക്കുകയും മറ്റും ചെയ്യുമെങ്കിലും തികച്ചും ജെന്റിലായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. എന്റെ കാഴ്ചപ്പാടിൽ, പല വാർത്തകളും മനപ്പൂർവമുള്ള പ്രചാരണങ്ങൾ മാത്രമായിരുന്നു. കണ്ടതിലും കേട്ടതിലും എല്ലാം മുകളിലാണ് എനിക്ക് മറഡോണ എന്ന വ്യക്തിത്വം. 

  • മറഡോണയ്ക്ക് പെരുന്നാളാശംസകൾ

ഇക്കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് മറഡോണയുമായി അവസാനമായി സംസാരിച്ചത്. അദ്ദേഹത്തിന്റെ ട്രാൻസ്‌ലേറ്റർ മുഹമ്മദിനോടും എന്റെ പെരുന്നാൾ ആശംസകൾ അറിയിച്ചു. എന്നെയും കുടുംബത്തെയും തിരിച്ചും ആശംസകൾ അറിയിച്ചു. എല്ലാ ആഘോഷങ്ങളിലും ഞങ്ങൾ പരസ്പരം ക്ഷണിക്കാറും പലപ്പോഴും പങ്കെടുക്കാറുമുണ്ട്.

  • ഇനി കേരളത്തിലേക്ക് എന്ന്

കേരളത്തിന്റെ ഫുട്ബോൾ പ്രണയവും മറഡോണ എന്ന താരത്തോടുള്ള ആരാധനയും കഴിഞ്ഞ വരവിൽ അദ്ദേഹം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടു‌തന്നെ കേരളത്തിൽ എപ്പോൾ വേണമെങ്കിലും വരാൻ അദ്ദേഹം തയാറുമാണ്. ആർക്കെങ്കിലും അദ്ദേഹത്തെ കേരളത്തിലെത്തിക്കാൻ താൽപര്യമുണ്ടെങ്കിൽ വരാമെന്ന് അദ്ദേഹം തന്നെ അറിയിച്ചിട്ടുണ്ട്.

Maradona, Hisham Hassan
  • കൂടുതലിഷ്ടം മറഡോണയോട്

അതു ചോദിക്കാനില്ലല്ലോ. ചെറുപ്പം മുതലേ ഫുട്ബോളിനെയും അർജന്റീനയെയും പ്രണയിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ ചങ്ങാതിയോടല്ലേ ഏറെ ഇഷ്ടമുണ്ടാകുക. മലയാളികൾ ഫുട്ബോളിനെ പ്രണയിച്ചു തുടങ്ങിയതു തന്നെ മറഡോണയോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മറഡോണയെന്ന പേരു മാറ്റിനിർത്തി ഒരു ലോകകപ്പും ഇനിയുണ്ടാകില്ലെന്നു മാത്രമല്ല, ഓരോ ലോകകപ്പ് കാലത്തും മറഡോണ ഫുട്ബോൾ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും. ഈ ലോകകപ്പ് ടീസറിലും അർജന്റീനയ്ക്കൊപ്പം അദ്ദേഹത്തിന്റെ മുഖം ലോകം കണ്ടു. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തു എന്നതു മാത്രമല്ല ഇതിനു കാരണം. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കാണ് ലോകം വില കൽപിക്കുന്നത്. ഈ ലോകകപ്പ് കാലത്തും സുഹൃത്തെന്ന നിലയിൽ അഭിമാനത്തോടെയെ അദ്ദേഹത്തെ സ്മരിക്കാനാകൂ.

ഇത്തവണ അർജന്റീന കപ്പെടുക്കുന്നതു കാണണമെന്നാണ് ആഗ്രഹം. മറഡോണയുടെ അനുഗ്രഹാശിസ്സുകളോടെ മെസി കപ്പുയർത്തുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ.