Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയുടെ ഒൻപതാം നമ്പർ ജഴ്സിക്കായി കരഞ്ഞ കാലമുണ്ടെനിക്ക്: ഷാക്കിരി

shaqiri-celebration സെർബിയയ്ക്ക് എതിരായ മൽസരത്തിൽ വിജയഗോൾ നേടിയശേഷം ഷാക്കിരി. (ട്വിറ്റർ ചിത്രം)

തൊണ്ണൂറാം മിനിറ്റിൽ വിജയഗോൾ നേടി സ്വിറ്റ്സർലൻഡിന്റെ അഭിമാന താരമായ ഷെർദൻ ഷാക്കീരി എഴുതുന്നു

സ്വിറ്റ്സർലൻഡിന്റെ ലോകകപ്പ് കളികളിൽ എന്റെ കാലുകളിലേക്കു സൂക്ഷിച്ചുനോക്കിയാൽ ഒരു സംഗതി കാണാം. രണ്ടു ബൂട്ടുകളിലായി ഓരോ ദേശീയ പതാകകളുടെ ചിത്രം പതിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിന്റെയും കോസവോയുടെയും. സ്വിസ് താരമായ എന്റെ ബൂട്ടിൽ കോസവോയുടെ പതാകയ്ക്കെന്തു കാര്യമെന്നാണോ? എങ്കിൽ അതാണ് എന്റെ ജീവിതം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം യുദ്ധകാലത്തു കോസവോയിൽനിന്നു സ്വിറ്റ്സർലൻഡിലേക്കു കുടിയേറേണ്ടി വന്ന കോസവോ അൽബേനിയൻ മുസ്‍ലിംകളാണ് എന്റെ മാതാപിതാക്കൾ. റസ്റ്ററന്റിൽ പാത്രം കഴുകുന്ന ജോലിയായിരുന്നു പിതാവിന്. ഉമ്മയാകട്ടെ, ശുചീകരണത്തൊഴിലാളിയും. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കു നാട്ടിൽ യുദ്ധത്തിൽ കഷ്ടപ്പെടുന്ന ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമായിരുന്നു അവർ.

ആ കാലത്തും ഫുട്ബോൾ ആയിരുന്നു എല്ലാമെല്ലാം. 98 ലോകകപ്പ് കഴിഞ്ഞ കാലത്തായിരുന്നു എന്റെ ഏഴാം പിറന്നാൾ. സമ്മാനമായി ബ്രസീൽ സൂപ്പർ താരം റൊണാൾഡോയുടെ മഞ്ഞ ജഴ്സി വേണമെന്നു വാശിപിടിച്ചു കരഞ്ഞു. പിറന്നാൾ ദിനത്തിൽ ഉമ്മ തന്ന സമ്മാനപ്പെട്ടി തുറന്നുനോക്കിയപ്പോൾ അതാ, എന്റെ പ്രിയപ്പെട്ട ഒൻപതാം നമ്പർ മഞ്ഞ ജഴ്സി. ഒറിജനൽ ജഴ്സിയൊന്നുമായിരുന്നില്ല അത്. ഉളള കാശുകൊണ്ടു റോഡിരികിലെ കച്ചവടക്കാരിൽനിന്നു വാങ്ങിയതാണ്, പാവം.

സ്വിറ്റ്സർലൻഡ് –സെർബിയ മൽസരം വിഡിയോ സ്റ്റോറി കാണാം

14 വയസ്സുള്ളപ്പോഴേക്കും എഫ്സി ബാസിലിന്റെ യൂത്ത് ടീമില്‍ എത്തി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, സ്പെയിനില്‍ പരിശീലന ക്യാംപിന് എനിക്കും രണ്ടു സഹോദരന്‍മാര്‍ക്കും സിലക്‌ഷന്‍ കിട്ടിയപ്പോള്‍ പോകാന്‍ പണമുണ്ടാക്കിയതു തെരുവിലിറങ്ങിയാണ്. ഞാന്‍ കാശുള്ള വീടുകളിലെ പൂന്തോട്ടം നന്നാക്കുന്ന പണിക്കു പോയപ്പോള്‍, ചേട്ടന്‍ ഏതോ ഫാക്ടറിയില്‍ വിയര്‍ത്തു കുളിച്ചു.

അടുത്ത വര്‍ഷം എനിക്കു ബാസലിന്റെ സീനിയര്‍ ടീമിലേക്കു സിലക്‌ഷന്‍ കിട്ടി. അതിനടുത്ത വര്‍ഷം സ്വിറ്റ്സര്‍ലന്‍ഡിന്റെ ലോകകപ്പ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു പോയി.
2012ല്‍ അല്‍ബേനിയയ്ക്കെതിരെ കളിച്ചപ്പോള്‍ എന്റെ ബൂട്ടില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെയും കോസവോയുടെയും അല്‍ബേനിയയുടെയും പതാകകളുടെ ചിത്രമുണ്ടായിരുന്നു. സ്വിസ് മാധ്യമങ്ങള്‍ അന്ന് എന്നെ നിശിതമായി വിമര്‍ശിച്ചു. പക്ഷേ, അത് എന്റെ അസ്തിത്വത്തിന്റെ അടയാളമല്ലേ? എനിക്ക് എല്ലാം തന്ന സ്വിറ്റ്സര്‍ലന്‍ഡിനു വേണ്ടി കളിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ്. പേടി വേണ്ട, ഇടംകാലന്‍ സ്ട്രൈക്കറായ എന്റെ ഇടതു ബൂട്ടില്‍ സ്വിറ്റ്സര്‍ലൻഡിന്റെ പതാക തന്നെയാണ്.