Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലൈമാക്സിൽ സൂപ്പർ ട്വിസ്റ്റുമായി ‘ക്രൂസ് മിസൈൽ’; അന്തംവിട്ട് ആരാധകർ

kroos-curling-goal-vs-sweden ജർമൻ താരം ടോണി ക്രൂസിന്റെ ഷോട്ട് വലയിലേക്ക്.

സോച്ചി ∙ സ്വീഡനു മാത്രമല്ല, ഫുട്ബോൾ ലോകത്തിനു പോലും അന്ധാളിപ്പു ശരിക്കങ്ങു മാറിയിട്ടില്ല. അസ്തമിച്ചുകൊണ്ടിരുന്ന ജർമനിയുടെ ലോകകപ്പ് പ്രതീക്ഷകൾക്കു ജീവൻ പകർന്ന് ടോണി ക്രൂസ് ഉയർത്തിവിട്ട ആ പന്ത് സ്വീഡിഷ് പോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയത് എന്തൊരു കാഴ്ചയായിരുന്നു! വിജയത്തോളം പോന്നൊരു സമനിലയെന്ന സ്വീഡന്റെ സ്വപ്നം കരിയിച്ചുകളഞ്ഞ ആ ‘ക്രൂസ് മിസൈൽ’ തന്നെ ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം.

ജർമനി വീണു എന്നു കരുതിയിടത്തുനിന്ന് താങ്ങിയുയർത്തിയ ആ ഗോളിന്റെ അഴകളവുകളിൽ അതു വന്ന സമയം കൂടിയുണ്ട്. ജെറോം ബോട്ടെങ് ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയതിന്റെ വിഷമം ഒരുവശത്ത്. മൽസരം ഇൻജുറി സമയത്തേക്ക് കടന്നതിന്റെ സമ്മർദ്ദം മറുവശത്ത്. മുൻപിലാകട്ടെ, ഒരിഞ്ചുപോലും വിട്ടുതരില്ലെന്ന വാശിയിൽ നിൽക്കുന്ന സ്വീഡിഷ് താരങ്ങൾ. കടുത്ത ജർമൻ ആരാധകർ പോലും പ്രതീക്ഷ കൈവിട്ടുനിന്ന സമയത്താണ് ബോക്സിനു തൊട്ടുവെളിയിൽ ജർമനിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുന്നത്.

ഇൻജുറി സമയമായി അനുവദിച്ച അഞ്ചു മിനിറ്റ് തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജർമനിക്ക് അവസാനത്തെ പിടിവള്ളിയായിരുന്നു ആ ഫ്രീകിക്ക്. മാർക്കോ റ്യൂസിനു തട്ടിയിട്ടു നൽകി തിരിച്ചുവാങ്ങിയ പന്തിനെ സുന്ദരമായൊരു മഴവിൽ കിക്കിലൂടെ ടോണി ക്രൂസ് സ്വീഡിഷ് പോസ്റ്റിലേക്കയയ്ക്കുമ്പോൾ ബോക്സിനുള്ളിൽ ജർമനിയുടെയും സ്വീഡന്റെയും ഒട്ടുമിക്ക താരങ്ങളുമുണ്ടായിരുന്നു. പോസ്റ്റിനു മുന്നിൽ സുസജ്ജനായി സ്വീഡിഷ് ഗോളിയും. പറഞ്ഞിട്ടെന്ത്, ആരും ഒന്നും ചെയ്യേണ്ടി വന്നില്ല. ഒന്നും ചെയ്യാൻ അനുവദിച്ചില്ലെന്നതാണ് സത്യം.

ജർമനി–സ്വീഡൻ മൽസരം വിഡിയോ സ്റ്റോറി കാണാം

മുൻനിശ്ചയിച്ച രേഖയിലെന്ന പോലെ പറന്നുയർന്ന് ചാഞ്ഞിറങ്ങിയ പന്ത് സ്വീഡിഷ് പോസ്റ്റിന്റെ വലതുമൂലയിലൂടെ വലയെ ചുംബിച്ച ആ കാഴ്ച! കാൽപ്പന്തിൽ കവിത വിരിഞ്ഞ സുന്ദര നിമിഷം!

തിരിച്ചടിച്ചു നേടിയ വിജയം

ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചു ജർമനി നേടിയ ഈ വിജയം, ഈ ലോകകപ്പിലെ രണ്ടാമത്തേതു മാത്രമാണ്. സ്വിറ്റ്സർലൻഡ് മാത്രമാണ് ഇതിനു മുൻപ് റഷ്യയിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ജയിച്ചു കയറിയത്. ഫസ്റ്റ് ടച്ച് മുതൽ ഗോളും വിജയവും മാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിച്ച ജർമനിക്ക് തുടക്കത്തിൽ പിഴച്ചു. 37–ാം മിനിറ്റിൽ, സ്വീഡൻ താരം ഒലാ ടോയ്‌വോനന്റെ ഗോളിൽ ജർമനി പിന്നിലായി.

എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർക്കോ റ്യൂസിലൂടെ ഗോൾ തിരിച്ചടിച്ച് ജർമനി കളിയുടെ ശൈലി മാറ്റി.  ഇടതു വിങ്ങിൽനിന്നു ടിമോ വെർണറുടെ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോൾ. ബോക്സിനു സമീപമെത്തിയ വെർണർ പന്ത് മാരിയോ ഗോമസിനു മറിച്ചു. ഗോമസിന്റെ ഫസ്റ്റ് ടച്ച് പിഴച്ചെങ്കിലും ഓടിയെത്തിയ റ്യൂസിന്റെ ഷോട്ട് ഗോൾവര കടന്നു.സമിലയായതോടെ, ജർമനിയുടെ ആത്മവിശ്വാസം വർധിച്ചു. അനേകം ഗോളവസരങ്ങൾ ഇതിനിടെ ജർമനിക്കു നഷ്ടമാവുകയും ചെയ്തു.

82–ാം മിനിറ്റിൽ ഡിഫൻഡർ ജെറോം ബോട്ടെങ് ചുവപ്പുകാർഡ് കണ്ടു പുറത്തായിട്ടും, 10 പേരിലേക്കു ചുരുങ്ങിയതിന്റെ പോരായ്മ ജർമൻ നിരയിലുണ്ടായില്ല. എങ്ങനെയും ഗോൾ നേടി കളി ജയിക്കുകയെന്ന ഉദ്ദേശ്യത്തോടെ പൊരുതിയതിന്റെ ഫലമായിരുന്നു ഇൻജുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമായ ടോണി ക്രൂസിന്റെ കൗശലകിക്ക് വലയിൽ വീണപ്പോൾ, ശ്വാസമടക്കിപ്പിടിച്ച് സോച്ചി ആ കാഴ്ച കണ്ടുനിന്നു!

ജർമനി: ഇനിയെന്ത് ?

27ന് ദക്ഷിണ കൊറിയയ്ക്കെതിരായ മൽസരത്തിൽ ജയിച്ചാലും ജർമനിയുടെ നോക്കൗട്ട് സാധ്യത മെക്സിക്കോ–സ്വീഡൻ മൽസരത്തെ ആശ്രയിച്ചാണ്. നിലവിൽ ഗ്രൂപ്പ് എഫിൽ മെക്സിക്കോയ്ക്ക് ആറും സ്വീഡനും ജർമനിക്കും മൂന്നും പോയിന്റ് വീതവുമാണുള്ളത്. രണ്ടു ജയത്തോടെ, മെക്സിക്കോ പ്രീക്വാർട്ടർ ഉറപ്പിച്ചു. അടുത്ത കളിയിൽ സ്വീ‍‍ഡൻ തോറ്റാൽ ജർമനിക്കു സമനിലയാണെങ്കിലും മതി. സ്വീഡനും ജർമനിയും സമനില നേടിയാൽ മികച്ച ഗോൾ വ്യത്യാസമുള്ള ടീം നോക്കൗട്ടിലെത്തും. സ്വീ‍‍ഡൻ ജയിച്ചാൽ, ദക്ഷിണ കൊറിയയെ വൻ മാർജിനിൽ തോൽപിച്ചാൽ മാത്രമേ ജർമനിക്ക് അടുത്ത റൗണ്ടിലെത്താനാവൂ.